തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭയുടെ സ്ഥാപകനും ആത്മീയ പിതാവുമായ ഡോ. അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്തയുടെ സംസ്കാര ശുശ്രൂഷകള്‍ പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍.
സഭ ആസ്ഥാനത്തെ സെന്റ് തോമസ് നഗര്‍ കത്തീഡ്രലിനോടു ചേര്‍ന്ന് കിഴക്കുഭാഗത്തായാണ് കബറിടം ഒരുക്കിയത്. പൊതുദര്‍ശനത്തിനുശേഷം ഭൗതികദേഹം കുറ്റപ്പുഴ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. കുടുംബാംഗങ്ങളും പുരോഹിതരും സഭാവിശ്വാസികളും അന്ത്യയാത്രയില്‍ അനുഗമിച്ചു.
ചെന്നൈ ഭദ്രാസനാധിപന്‍ സാമുവേല്‍ മാര്‍ തിയൊഫിലോസിന്റെ നേതൃത്വത്തിലായിരുന്നു അവസാനഘട്ട സംസ്കാര ശുശ്രൂഷ. ചടങ്ങുകള്‍ക്കൊടുവില്‍ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട മണ്ണില്‍ എന്നന്നേക്കുമായി പൂര്‍ണവിശ്രമം.
ആയിരക്കണക്കിന് വിശ്വാസികളാണ് അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. ഒരു ദിവസത്തെ പൊതുദര്ശനത്തില് സമൂഹത്തിന്റെ നാനാ മേഖലകളിലുള്ള ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: