കോട്ടയം: കാറ്റും മഴയും കനത്തതോടെ നാട്ടുകാര്‍ക്കു നേരെ പതിവു ഭീഷണിയുമായി തദ്ദേശസ്ഥാപനങ്ങള്‍ രംഗത്തിറങ്ങി. ‘തദ്ദേശസ്ഥാപന പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തില്‍ നില്ക്കുന്ന അപകടകരമായും മറ്റുള്ളവരുടെ സ്വത്തിനും ജീവനും ഭീഷണിയായും നില്ക്കുന്ന മരങ്ങള്‍, ശിഖരങ്ങള്‍ എന്നിവ സ്വന്തം ചെലവില്‍ ഉടമകള്‍ ഉടന്‍ മുറിച്ചു മാറ്റണമെന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന അപകടങ്ങള്‍ക്കും സാമ്പത്തിക നഷ്ടങ്ങള്‍ക്കും നിയമ നടപടികള്‍ക്കും അവര്‍ തന്നെ ഉത്തരവാദിയായിരിക്കു’മെന്നുമാണ് പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാരുടെ മുന്നറിയിപ്പ്.
എല്ലാവര്‍ഷവും മഴ കനക്കുന്നതോടെയാണ് ഈ ഭീഷണിയുമായി തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതര്‍ രംഗത്തുവരുന്നത്. എന്നാല്‍ മഴക്കാലപൂര്‍വ മുന്നൊരുക്കളുടെ ഭാഗമായി അപകടകരമായ മരങ്ങള്‍ കണ്ടെത്താനും മുറിച്ചു മാറ്റാനും ഒരു നടപടിയോ നിര്‍ദ്ദേശമോ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. എവിടെയെങ്കിലും ഏതെങ്കിലും മരം വീണ് ആര്‍ക്കെങ്കിലും എന്തെങ്കിലും അപകടം പറ്റിയാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല എന്ന കയ്യൊഴിയിലാണ് ഇത്. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുകയല്ല, ഉണ്ടാകാവുന്ന അപകടങ്ങളില്‍ നിന്ന് തങ്ങളുടെ തലയൂരുകയാണ് അധികൃതരുടെ നയം. മഴ അടച്ചുപിടിക്കുമ്പോള്‍ നാട്ടുകാര്‍ മരംവെട്ടുകാരെ തേടി ഇറങ്ങിക്കൊള്ളണമെന്ന് സാരം.
ഇത് സ്വകാര്യ പുരയിടങ്ങളില്‍ നില്ക്കുന്ന മരങ്ങളുടെ കാര്യമാണെങ്കില്‍, പൊതുസ്ഥലത്ത് നില്ക്കുന്ന മരങ്ങളുടെ കാര്യത്തില്‍ പഞ്ചായത്ത് , മുനിസിപ്പല്‍ അധികൃതര്‍ എന്ത് നടപടി എടുത്തു എന്ന് ആരും ചോദിക്കരുത്. വഴിയോരങ്ങളില്‍ അപകടകരമായ നില്ക്കുന്ന ഒട്ടേറെ മരങ്ങളുണ്ട് ഇതൊന്നും വെട്ടി മാറ്റി പൊതുജനങ്ങളുടെ യാത്ര സുരക്ഷിതമാക്കാനുള്ള ആത്മാര്‍ത്ഥതയൊന്നും ഇവര്‍ക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: