ടെഹ്റാന്: ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേനിയുടെ പിന്‍ഗാമിയെന്ന് ഏറെക്കുറേ ഉറപ്പിച്ച പേരായിരുന്നു കഴിഞ്ഞ ദിവസം ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇബ്രാഹിം റെയ്സിയുടേത്. തീവ്രനിലപാടുകളുടെ പേരില്‍ എല്ലായിടത്ത് നിന്നും വിമര്‍ശനങ്ങളേറ്റുവാങ്ങിയ വ്യക്തി. 2021ലാണ് ഇറാന്റെ പ്രസിഡന്റായി അദ്ദേഹം ചുമതലയേറ്റത്.
1960 ഡിസംബര്‍ 14നാണ് ഇബ്രാഹിം റെയ്സി ജനിച്ചത്. പതിനഞ്ചാം വയസില്‍ പ്രശസ്തമായ ക്വൂം മതപാഠശാലയില്‍ പഠനത്തിനുചേര്‍ന്നു. മൊതഹാരി സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം വിവിധ നഗരങ്ങളില്‍ പ്രോസിക്യൂട്ടറായി ജോലി ചെയ്തു. 1985ല്‍ ടെഹ്റാനില്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി നിയമിതനായി. 1988ല്‍ രാഷ്ട്രീയ തടവുകാരുടെ വധശിക്ഷയില്‍ തീരുമാനമെടുക്കുന്ന കമ്മിറ്റിയുടെ ഭാഗമായി. കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത നാല്പേരില്‍ ഒരാളായിരുന്നു റെയ്സി. ഇതോടെ പ്രതിപക്ഷത്തിന്റെ നിശിതവിമര്‍ശനത്തിനു വിധേയനാകേണ്ടിവന്നു. ഇതേകാരണത്താലാണ് യുഎസ് റെയ്സിക്ക് ഉപരോധം പോലും ഏര്‍പ്പെടുത്തിയത്. കമ്മിറ്റി തീരുമാനപ്രകാരം 5000ല്‍ അധികം പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് 1990ലെ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്.
1989ല്‍ ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവ് അയത്തുള്ള റൂഹല്ല ഖൊമേനിയുടെ മരണശേഷം ടെഹ്റാനിലെ പ്രോസിക്യൂട്ടറായി റെയ്സി നിയമിതനായി. ഇവിടെ നിന്നാണ് ഇറാന്റെ പ്രഡിഡന്റ് പദത്തിലേക്ക് അദ്ദേഹം പടിപടിയായി വളര്‍ന്നത്. വളരെയധികം പ്രാധാന്യമേറിയ, മതകാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന അസ്താന് ഖുദ്സ് റാസവിയുടെ ചെയര്‍മാനായി 2016 മാര്‍ച്ചില്‍ റെയ്സി ചുമതലയേറ്റു. തൊട്ടടുത്ത വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. ഹസന് റൂഹാനിയാണ് വിജയിച്ചത്. ഹസന് റൂഹാനി അധികാരത്തിലിരുന്നപ്പോള്‍ നടപ്പാക്കിയ ആണവ ഇടപാടിനെ റെയ്സി എതിര്‍ത്തു.
2021ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും റെയ്സി കളത്തിലിറങ്ങി. ഇത്തവണ 62 ശതമാനം വോട്ടുനേടി പദവി ഉറപ്പിച്ചു. അയത്തുള്ള റൂഹല്ല ഖൊമേനിയുമായും അയത്തുള്ള അലി ഖൊമേനിയുമായുമുള്ള അടുത്തബന്ധം റെയ്സിക്ക് ഏറെ പ്രയോജനം ചെയ്തു. ഇത് സര്‍ക്കാരിലെ വിവിധ വിഭാഗങ്ങളുമായും മികച്ച ബന്ധം ഉണ്ടാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. പദവിയിലിരിക്കെ നിരവധി വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം വിധേയനായി. ഉപരോധത്തെ തുടര്‍ന്ന് രാജ്യം ദാരിദ്ര്യത്തില്‍ മുങ്ങിത്താഴുമ്പോഴും പ്രതിരോധ ബജറ്റിനായി വന്‍ തുക നീക്കിവച്ചതും, മതകാര്യപോലീസിന്റെ മര്‍ദനത്തില്‍ ഇരുപത്തിരണ്ടുകാരി മഹ്സ അമിനി കൊല്ലപ്പെട്ടതും അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു.
എക്കാലത്തും അമേരിക്കയുടെയും ഇസ്രായേലിന്റെയും ശത്രുപക്ഷത്തായിരുന്നു റെയ്സി. രാജ്യാന്തര വിഷയങ്ങളില്‍ റെയ്സി നടത്തിയ വിവാദ പ്രസ്താവനകള്‍ യുഎസ്, ഇസ്രായേല്‍ രാജ്യങ്ങളെ പ്രകോപിപ്പിച്ചു. പാലസ്തീന് വിഷയത്തില്‍ ഇസ്രായേലുമായി റെയ്സി നിരന്തരം തര്‍ക്കിച്ചിരുന്നു. ഏപ്രിലില്‍ ഇസ്രായേലില്‍ ഇറാന് മിസൈലാക്രമണം നടത്തിയത് റെയ്സിയുടെ അനുവാദത്തോടെയായിരുന്നു. ഹമാസിന് പിന്തുണ നല്കുന്ന ലെബനനിലെ ഹിസ്ബുള്ളയുമായി ഇറാന് മികച്ച ബന്ധം കാത്തുസൂക്ഷിച്ചു. ഇതും റെയ്സിയുടെ നിലപാടിന്റെ ഭാഗം തന്നെ.
ജമീലെ അലമോല്‍ഹദയാണ് റെയ്സിയുടെ ഭാര്യ. 1983ലായിരുന്നു വിവാഹം. രണ്ട് പെണ്മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: