ചണ്ഡിഗഡ്(പഞ്ചാബ്): പ്രശ്‌നമുണ്ടായാല്‍ ആദ്യം ഭയന്നോടുന്ന ആളുകളുടെ പട്ടികയില്‍ ആദ്യത്തെ ആള്‍ കോണ്‍ഗ്രസ് നേതാവ് രാഹുലായിരിക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചണ്ഡഗഡില്‍ എന്‍ഡിഎ റാലിയെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് എപ്പോഴൊക്കെ പ്രതിസന്ധികളുണ്ടായിട്ടുണ്ടോ രാഹുല്‍ ഓടിയൊളിക്കും. കൊവിഡ് കാലത്ത് ഈ നേതാവിനെ നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സ്വന്തം നാട്ടില്‍ പോലും അദ്ദേഹത്തെ അന്ന് കണ്ടവരില്ല. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ രാജ്യം അന്ന് കൊവിഡിനെ നേരിട്ടു. അദ്ദേഹം എംപിമാരെയും എംഎല്‍എമാരെയും വിളിച്ചുചേര്‍ത്ത് കാര്യങ്ങള്‍ നിയന്ത്രിച്ചു. ബിജെപിയുടെ എല്ലാ പ്രവര്‍ത്തകരും ജനസേവനത്തിനിറങ്ങാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തു.
കൊവിഡ് പ്രതിസന്ധിയില്‍ രാജ്യത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയാറായി ബിജെപി രംഗത്തിറങ്ങി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി എന്ന നിലയില്‍ ഓരോ ഗ്രാമങ്ങളിലും ഞാന്‍ പോയി. ബിഹാറിലെയും രാജസ്ഥാനിലെയും ഉത്തരാഖണ്ഡിലെയും ഒരു കോടി പ്രവാസികള്‍ അന്ന് എത്തിയത് ഉത്തര്‍പ്രദേശിലേക്കാണ്. അവരെ സ്വന്തം സ്ഥലത്തെത്തിക്കാന്‍ എല്ലാ സൗകര്യവും ഒരുക്കി. പതിനാലായിരം ബസുകള്‍ അവര്‍ക്കായി സജ്ജീകരിച്ചു. പക്ഷേ ഉത്തര്‍പ്രദേശുകാരനായ രാഹുലിനെ ഞങ്ങള്‍ അവിടെയെങ്ങും കണ്ടില്ല, യോഗി പറഞ്ഞു.
എഴുപത് കൊല്ലത്തെ കോണ്‍ഗ്രസ് ഭരണമാണ് രാജ്യത്ത് ഭീകരരെ സൃഷ്ടിച്ചത്. അവരാണ് നക്‌സല്‍ ഭീകരതയ്‌ക്ക് വളം നല്കിയത്. അഴിമതിയും അരാജകത്വവും സൃഷ്ടിച്ചത് കോണ്‍ഗ്രസാണ്. ഏഴ് പതിറ്റാണ്ടിന്റെ ദുര്‍ഭരണത്തിനാണ് മോദിസര്‍ക്കാര്‍ അന്ത്യം കുറിച്ചത്. ഇനി പുരോഗതിയുടെ നാളുകളാണ്. വികസിത ഭാരതത്തിലേക്കുള്ള മുന്നേറ്റത്തിന്റെ നാളുകളാണിതെന്ന് യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: