ലോക ഫുട്ബോളില്‍ ടീം അംഗങ്ങളുമായുള്ള രസതന്ത്രത്തിന്റെ പേരില്‍ ഖ്യാതി ആര്‍ജിച്ചും ആരാധകരുടെ മനം കവര്‍ന്നും നിരവധി പരിശീലകരുണ്ടായിട്ടുണ്ട്. പക്ഷെ ലിവര്‍പൂളില്‍ നിന്നും ഞായറാഴ്ച്ച പടിയിറങ്ങിയ യര്‍ഗന്‍ ക്ലോപ്പിന് കിട്ടിയതുപോലൊരു വിടവാങ്ങല്‍ ഇതേവരെ മറ്റൊരു മാനേജര്‍മാര്‍ക്കും അവകാശപ്പെടാനില്ല. ലിവര്‍ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലെ ഞായറാഴ്ച്ച സന്ധ്യ ഈ പരിശീലകന് വേണ്ടി അത്രത്തോളം വികാരനിര്ഭരമായെങ്കില് അത്ഭുതപ്പെടേണ്ടതില്ല. എട്ടരക്കൊല്ലം കൊണ്ട് ടീമിന് പുതുജീവന്നല്കിയ കലാവിരുതിന്റെ വമ്പന്‍ പ്രതിഫലവും പ്രതിഫലനവുമാണത്.
2015-16 കാലത്താണ് ജര്‍മന്‍കാരനായ യര്‍ഗന്‍ നോര്‍ബേര്‍ട്ട് ക്ലോപ്പ് ലിവറിന്റെ കളിത്തട്ടില്‍ തന്ത്രങ്ങള്‍ മെനയാനെത്തുന്നത്. അന്ന് ലിവറിന് പറയാനുണ്ടായിരുന്നത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നേടിയെടുത്ത ചെമ്പടയെന്ന പേരുമാത്രമായിരുന്നു. യൂറോപ്യന്‍ ടൂര്‍ണമെന്റുകളിലേക്ക് പോലും യോഗ്യത നേടാനാകാതെ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ആറും ഏഴും സ്ഥാനങ്ങളില്‍ തട്ടിക്കളിച്ചിരുന്ന ടീം പിന്നീടിങ്ങോട്ട് മാറാന്‍ തുടങ്ങി. ക്ലോപ്പ് ചാര്‍ജെടുത്ത ആദ്യ സീസണില്‍ യൂറോപ്പ ലീഗ് റണ്ണറപ്പുകളായി. അക്കൊല്ലം പ്രീമിയര്‍ ലീഗിലെ ടോപ് ഫോറില്‍ ഫിനിഷ് ചെയ്യാനും സാധിച്ചു. പിന്നീടുള്ള ഓരോ വര്‍ഷവും ലീഗ് ജേതാക്കളുടെ സാധ്യതയിലേക്ക് ലിവര്‍ അടുത്തുകൊണ്ടിരുന്നു. 2019-20ല്‍ ടൈറ്റില്‍ സ്വന്തമാക്കി. 30 വര്‍ഷത്തെ ലിവറിന്റെ കിരീട ദാഹം ക്ലോപ്പ് തീര്‍ത്തുകൊടുത്തു. പ്രീമിയര്‍ ലീഗിലും യൂറോപ്യന്‍ ഫുട്ബോളിലും നിറഞ്ഞാടുന്ന പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്നായിരുന്നു ക്ലോപ്പിന്റെ നേട്ടം. ചെമ്പട ആരാധകരെ സംബന്ധിച്ച് തൊട്ടു മുമ്പത്തെ വര്‍ഷം നേടിയ ചാമ്പ്യന്‍സ് ലീഗ് കിരീടത്തേക്കാലും ക്ലബ്ബ് ലോകകപ്പിനെക്കാളും വലുതായി കണക്കാക്കുന്ന നേട്ടമായിരുന്നു അത്.
കഴിഞ്ഞ ദിവസം പൂര്‍ത്തിയായ ഇത്തവണത്തെ സീസണിലടക്കം ക്ലോപ്പിന്റെ ടീം കിരീട സാധ്യത നിലനിര്‍ത്തിപോന്നു. ഇത്തവണ സിറ്റിയും ആഴ്സണലിനുമൊപ്പം ഏത് സമയവും തങ്ങള്‍ കിരീടം പിടിച്ചെടുക്കാം എന്ന സ്ഥിതിയിലായിരുന്നു. പക്ഷെ കഴിഞ്ഞ ഒരു മാസത്തിലേറെയായി ടീമില്‍ പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന പരിക്ക് വല്ലാതെ ബാധിച്ചു. ഈ പ്രതിസന്ധിക്ക് മുമ്പേ നേടിയെടുത്ത കരബാവോ കപ്പ് മാത്രമാണ് ഇക്കൊല്ലം ലിവറിനും ക്ലോപ്പിനും അവകാശപ്പെടാനുള്ളത്. ഇനി കാത്തിരിക്കാന്‍ ഒന്നുമില്ല. ചാമ്പ്യന്‍സ് ലീഗിലും എഫ് എ കപ്പിലും നേരത്തെ പുറത്തായിക്കഴിഞ്ഞു. പക്ഷെ ക്ലോപ്പ് ലിവറിനെ എടുത്തുയര്‍ത്തിയ ഈ കാലയളവ് ചെമ്പട ആരാധകമനസില്‍ തീര്‍ത്തത് ഫുട്ബോള്‍ വസന്തമാണ്.
1970കളിലും 80കളിലും പ്രീമിയര്‍ ലീഗില്‍ നിറഞ്ഞു വിന്ന വന്മരമായിരുന്നു ലിവര്‍പൂള്‍. അക്കാലത്താണ് ചെമ്പട എന്ന ഓമനപ്പേര് വന്നുചേര്‍ന്നത്. ക്ലോപ്പിന്റെ ഈ ചെറിയ കാലയളവില്‍ പഴയ ചെമ്പടയുടെ ഒരു പുനരാവര്‍ത്തനമാണ് കണ്ടത്. അതിന്റെ ആകെത്തുകയായാണ് ആരാധകര്‍ കളിക്കാരെക്കാളുപരിയായി കളിയാശാനുവേണ്ടി വമ്പന്‍ വിടവാങ്ങല്‍ ഞായറാഴ്ച്ച ആന്‍ഫീല്‍ഡില്‍ ഒരുക്കിയതിന്റെ കാരണം.
കിരീടനേട്ടങ്ങള്‍
പ്രീമിയര്‍ ലീഗ് ടൈറ്റില്‍ (2020)
ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ (2019)
ക്ലബ്ബ് ലോകകപ്പ്(2019)
എഫ്എ കപ്പ്(2022)
കരബാവോ കപ്പ്(2022, 2024)
യുവേഫ സൂപ്പര്‍ കപ്പ്(2019)
പ്രതികരിക്കാൻ ഇവിടെ എഴുതുക: