ന്യൂദല്‍ഹി: ചട്ടം ലംഘിച്ച് ആം ആദ്മി പാര്‍ട്ടി കോടികളുടെ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇ ഡി. 2014-2022ല്‍ 7.08 കോടിയുടെ ഫണ്ടാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ആപ്പ് സ്വീകരിച്ചത്. എഫ്സിആര്‍എ, ആര്‍പിഎ, ഐപിസി എന്നിവ ലംഘിച്ചാണിതെന്ന് ഇ ഡി ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു.
വിദേശ ദാതാക്കളുടെ ഐഡന്റിറ്റിയും പൗരത്വവും മറ്റു നിരവധി വസ്തുതകളും മറച്ചുവച്ചെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഇ ഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. മദ്യനയ കുംഭകോണ കേസിനിടെയാണ് ഇ ഡിയുടെ ഇപ്പോഴത്തെ വന്‍ വെളിപ്പെടുത്തല്‍. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസീലാന്‍ഡ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ദാതാക്കളില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിക്കു പണം ലഭിച്ചതായി ഇ ഡി പറഞ്ഞു.
ഒരേ പാസ്പോര്‍ട്ട് നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ്, ഇ മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ വിവിധ ദാതാക്കള്‍ പണം കൈമാറാന്‍ ഉപയോഗിച്ചു. 2016ല്‍ കാനഡയിലെ ധനസമാഹരണ പരിപാടിയില്‍ നിന്ന് സ്വരൂപിച്ച പണം പാര്‍ട്ടി എംഎല്‍എ ദുര്‍ഗേഷ് പഥക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ദുരുപയോഗം ചെയ്തതായി ആരോപണമുണ്ട്.
എഎപി ഓവര്‍സീസ് ഇന്ത്യയുടെ കോ-ഓര്‍ഡിനേറ്റര്‍ അനികേത് സക്സേന, എഎപി ഓവര്‍സീസ് ഇന്ത്യ മുന്‍ കണ്‍വീനര്‍ കുമാര്‍ വിശ്വാസ്, മുന്‍ എഎപി അംഗം കപില്‍ ഭരദ്വാജ്, ദുര്‍ഗേഷ് പഥക് എന്നിവരുള്‍പ്പെടെ വിവിധ എഎപി
വോളന്റിയര്‍മാരും ഭാരവാഹികളും തമ്മില്‍ കൈമാറിയ ഇ മെയിലുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: