ഭുവനേശ്വര്‍: രാഷ്ട്രീയ ജീവിതത്തില്‍ താന്‍ നേരിട്ട ഏറ്റവും വലിയ ആരോപണം തനിക്ക് 250 ജോഡി വസ്ത്രങ്ങളുണ്ടെന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസ് നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ അമര്‍സിന്‍ ചൗധരിയാണ് ഈ ആരോപണം ഉന്നയിച്ചതെന്നും പിടിഐക്ക് നല്കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇതേത്തുടര്‍ന്ന് താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഒരു പൊതുയോഗത്തില്‍, 250 കോടി രൂപ മോഷ്ടിച്ച മുഖ്യമന്ത്രിയെ വേണോ അതോ 250 ജോഡി വസ്ത്രമുള്ള ഒരാളെ വേണോ എന്ന് ഞാന്‍ ജനങ്ങളോട് ചോദിച്ചു. 250 ജോഡി വസ്ത്രമുള്ള മുഖ്യമന്ത്രിയാണ് നല്ലതെന്ന് ഗുജറാത്തിലെ ജനങ്ങള്‍ അന്ന് ഒരേ സ്വരത്തില്‍ പറഞ്ഞുവെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.
ആ പൊതുയോഗത്തില്‍ ചൗധരിയുടെ ആരോപണങ്ങള്‍ മറ്റൊരര്‍ത്ഥത്തില്‍ അംഗീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു, എന്നാല്‍ ചൗധരിക്ക് കണക്കില്‍ ചെറിയ തെറ്റുപറ്റിയെന്ന് താന്‍ ചൂണ്ടിക്കാട്ടി. ഒന്നുകില്‍ 250 ല്‍ പൂജ്യം ഇല്ല, അല്ലെങ്കില്‍ 2 ഇല്ല. ആ നിലക്ക് ആ ആരോപണം ഞാന്‍ അംഗീകരിക്കുന്നു എന്ന് പൊതുയോഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതിമാസം 1.6 ലക്ഷം രൂപ ശമ്പളം വാങ്ങുമ്പോള്‍ വിലകൂടിയ വസ്ത്രങ്ങള്‍ ധരിക്കാമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്തിടെ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: