Business

റിസര്‍വ്വ് ബാങ്ക് ഈ സാമ്പത്തിക വര്‍ഷം ലാഭവിഹിതമായ ഒരു ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് നല്‍കിയേക്കും

Published by

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന കേന്ദ്രസർക്കാരിന് റിസര്‍വ്വ് ബാങ്ക് വക 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ ലഭിച്ചേക്കും. റിസർവ് ബാങ്ക് ബാങ്ക് പലിശ വഴിയും വിദേശ നാണ്യശേഖരം വഴിയും ബോണ്ടു വഴിയും നേടിയെടുത്ത ലാഭവിഹിതത്തിലെ ഈ ഒരു ലക്ഷം കോടിയാണ് കേന്ദ്രസര്‍ക്കാരിന് കൈമാറുക എന്നറിയുന്നു. എന്തായാലും ഇത് സംബന്ധിച്ച് മെയ് മാസം അവസാനത്തോടെ തീരുമാനമുണ്ടായേക്കും. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്രസർക്കാരിന് ഒരു ലക്ഷം കോടി രൂപയോളം ലാഭവിഹിതം കൈമാറുമെന്ന് റിസർവ് ബാങ്ക് സൂചന നല്‍കിക്കഴിഞ്ഞു. മാര്‍ച്ച് 31ല്‍ അവസാനിച്ച 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയ ലാഭവിഹിതത്തേക്കാൾ കൂടുതലാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം 87,416 കോടി രൂപയാണ് ലാഭവിഹിതമായി റിസര്‍വ്വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് കൈമാറാനായത്.

കാലാവധി എത്തുന്നതിന് മുമ്പായി 60000 കോടി രൂപ മൂല്യമുള്ള കടപത്രങ്ങൾ തിരികെ വാങ്ങുന്നതിന് കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനുള്ള ചെലവ് റിസർവ് ബാങ്ക് വരുമാനത്തിലൂടെ കണ്ടെത്താനാകുമെന്നത് സർക്കാരിന് ആശ്വാസമാണ്.

കറൻസി അച്ചടിക്കുന്നതിലൂടെ ലഭിക്കുന്ന ലാഭമാണ് റിസർവ് ബാങ്കിന്റെ വരുമാന സ്രോതസ്സുകളിലൊന്ന്. കറൻസി അച്ചടിക്കാൻ റിസർവ് ബാങ്കിന് ചെലവാകുന്നതിനേക്കാൾ വളരെ കൂടുതലാണ് ആ കറൻസിയുടെ മൂല്യം. വിവിധ വാണിജ്യ ബാങ്കുകൾക്ക് ആർബിഐ വായ്പ നൽകുന്നതില്‍ കിട്ടുന്നതിന് ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന പലിശയാണ് മറ്റൊരു വരുമാനം. സർക്കാർ ബോണ്ടുകൾ വാങ്ങുന്നതിലൂടെയും വിൽക്കുന്നതിലൂടെയും റിസർവ് ബാങ്കിന് ചെറിയൊരു ശതമാനം ലാഭം ലഭിക്കും. റിസർവ് ബാങ്കിന്റെ വിദേശ നാണയ ശേഖരത്തിൽ നിന്നു ലഭിക്കുന്ന വരുമാനമാണ് മറ്റൊന്ന്.

റിസർവ് ബാങ്കിന്റെ കൈവശമുള്ള കരുതല്‍ ആസ്തിയുടെ 70 ശതമാനവും വിദേശ കറൻസിയാണ്. 20 ശതമാനം സർക്കാർ ബോണ്ടുകളും. ഇവയിൽ നിന്നുള്ള റിസർവ് ബാങ്കിന്റെ പലിശ വരുമാനം 1.5 ലക്ഷം കോടി ലഭിക്കുമെന്ന് പറയുന്നു. എന്തായാലും മോദി സര്‍ക്കാരാണ് മൂന്നാം തവണയും വരുന്നതെങ്കില്‍ ഈ തുക സര്‍ക്കാരിന് വലിയൊരു അനുഗ്രഹമായി മാറും എന്ന് തീര്‍ച്ച. അധികാരമേറ്റാല്‍ നടപ്പാക്കേണ്ട ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കി വെച്ചിട്ടുണ്ട്. അതിലേക്ക് ഈ തുക വിനിയോഗിക്കാന്‍ സാധിക്കും.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക