പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററിൽ എത്തിയ ഉടൻ തന്നെ ചിത്രത്തിന്റെ വ്യാജൻ ഇറങ്ങുന്നത് സർവ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയുടെ മുഴുവൻ പതിപ്പ് ട്രെയിനിലിരുന്നു ആസ്വദിക്കുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകറാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
‘കഴിഞ്ഞ ദിവസം ലോകമെമ്പാടും റിലീസ് ആയ ഗുരുവായൂരമ്പലനടയിൽ ചിത്രത്തിന്റെ വീഡിയോ ആണ് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്സ്പ്രസ് ട്രെയിനിൽ ഒരു മഹാൻ ഇരുന്ന് മൊത്തം സിനിമ കാണുന്നത്. ഒരു സുഹൃത്ത് എടുത്ത് ഈ വീഡിയോ എന്റെ കയ്യിൽ കിട്ടുമ്പോൾ അവൻ നമ്മുടെ കയ്യിൽ നിന്നും മിസ്സായി. ഇപ്പോൾ ഏകദേശം ആ ട്രെയിൻ കായംകുളം പാസ് ചെയ്തു കാണും. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തീയേറ്ററിൽ എത്തിയിട്ട് മണിക്കൂറുകൾ മാത്രം. പണം മുടക്കുന്ന നിർമ്മാതാവിന് അതിനേക്കാൾ വേദനയും.ഇത് ചെയ്തവനും ഇനി പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുൻപിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതൊരു താക്കീതാണ് എന്നും മഞ്ജിത് ഫേസ്ബുക്കിൽ കുറിച്ചു.
വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം ആദ്യദിനത്തിൽ ആഗോളതലത്തിൽ എട്ട് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 55 ലക്ഷവും ഓവർസീസിൽ നിന്നും 3.65 കോടിയുമാണ് സിനിമയുടെ കളക്ഷൻ എന്നും അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു.
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ. ചിത്രം തിയേറ്ററുകളിൽ വിജയിച്ച് മുന്നേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: