കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ ബോംബു നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട രണ്ട് പാര്‍ട്ടിക്കാരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച് സ്മാരകം നിര്‍മിച്ച സിപിഎം നേതൃത്വത്തിന്റെ നടപടി പരിഷ്‌കൃത സമൂഹത്തെയാകെ ലജ്ജിപ്പിക്കുന്നതും, ജനങ്ങളുടെ സമാധാന പൂര്‍ണമായ ജീവിതത്തിന് വെല്ലുവിളിയുമാണ്. 2015ലാണ് പാനൂരിനടുത്ത് ചെറ്റക്കണ്ടിയില്‍ ബോംബുനിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി രണ്ട് പേര്‍ മരിച്ചത്. സംഭവം വിവാദമായതോടെ പാര്‍ട്ടിക്ക് ഇതുമായി ബന്ധമില്ലെന്ന് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞുവെങ്കിലും, പിന്നീട് പാര്‍ട്ടി നേതൃത്വം ഇതിന്റെ പിതൃത്വം ഏറ്റെടുക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുകയും, സംസ്‌കാര ചടങ്ങുകള്‍ നടത്തുകയും ചെയ്തു. പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചതും. തൊട്ടടുത്ത വര്‍ഷം തന്നെ ചെറ്റക്കണ്ടി രക്തസാക്ഷികളെന്ന പേരു നല്‍കി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തന്നെ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ രക്തസാക്ഷി സ്മാരകം നിര്‍മിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞവരുടെ സംസ്‌കാരച്ചടങ്ങിന് ജില്ലാ സെക്രട്ടറി പങ്കെടുത്തത് പാര്‍ട്ടിക്കുള്ളില്‍ വിവാദമായപ്പോള്‍, എതിരാളികളെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്നായിരുന്നു പി.ജയരാജന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് രക്തസാക്ഷി ദിനാചരണവും നടന്നത്. കോടിയേരി ബാലകൃഷ്ണന്‍ ജീവിച്ചിരിക്കുമ്പോഴായിരുന്നു ഇത്. പക്ഷേ പ്രതികരിക്കാന്‍ തയ്യാറായില്ല. അക്രമത്തിന്റെ വിരുദ്ധപക്ഷത്ത് നില്‍ക്കുന്നത് ഏത് പാര്‍ട്ടിനേതാവായിരുന്നാലും സിപിഎമ്മില്‍ സ്ഥാനമില്ല എന്നാണിത് കാണിക്കുന്നത്.
ഹിംസയെ മഹത്വവല്‍ക്കരിക്കുകയും, ഹിംസ ചെയ്യുന്നവരെ വാഴ്‌ത്തിപ്പാടുകയും ചെയ്യുകയെന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി പരിപാടിയുടെ ഭാഗംതന്നെയാണ്. ചെറ്റക്കണ്ടി രക്തസാക്ഷികളുടെ സ്മാരക നിര്‍മാണം ഒറ്റപ്പെട്ട സംഭവമല്ല എന്നര്‍ത്ഥം. കതിരൂരില്‍ ബോംബുനിര്‍മാണത്തിനിടെ കൊല്ലപ്പെട്ട രണ്ട് സിപിഎമ്മുകാര്‍ക്കും പാര്‍ട്ടി രക്തസാക്ഷി സ്തൂപം നിര്‍മിച്ച് വര്‍ഷംതോറും ദിനാചരണവും നടത്താറുണ്ട്. ഇവര്‍ മരിച്ചപ്പോഴും തള്ളിപ്പറയല്‍ നടന്നിരുന്നുവെങ്കിലും പാര്‍ട്ടി പതാക പുതപ്പിച്ചാണ് സംസ്‌കരിച്ചത്. ബിജെപി നേതാവായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ മൊകേരി യുപി സ്‌കൂളിന്റെ ക്ലാസ് മുറിയിലിട്ട് പൈശാചികമായി കൊലചെയ്ത സിപിഎമ്മുകാരെ ജീവിക്കുന്ന രക്തസാക്ഷികളായാണ് സിപിഎം കണ്ടത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ പാനൂരിനടുത്ത് നിര്‍മാണത്തിലിരിക്കുന്ന വീടിനുള്ളില്‍ ബോംബു നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരു സിപിഎമ്മുകാരന്‍ മരിച്ചപ്പോഴും ജനങ്ങളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന പ്രതികരണങ്ങളാണ് സിപിഎം നേതാക്കള്‍ നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് ആദ്യം പറഞ്ഞു. തെരഞ്ഞെടുപ്പുകാലമായതിനാലും കടുത്ത ജനരോഷം ഉയര്‍ന്നതിനാലും ബോംബുനിര്‍മാണത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. അപ്പോഴും സമാനസംഭവങ്ങളിലേതുപോലെ മൃതദേഹമേറ്റുവാങ്ങാനും സംസ്‌കരിക്കാനുമൊക്കെ സിപിഎം നേതാക്കള്‍ മുന്നിലുണ്ടായിരുന്നു. മനുഷ്യത്വത്തിന്റെ പേരിലാണ് ഇങ്ങനെ ചെയ്തതെന്ന് വിശദീകരണവും വന്നു! ഈ രക്തസാക്ഷിക്കും അധികം വൈകാതെ സ്മാരകം ഉയരും.
ഹിംസയെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യഘടകമായി കാണുന്ന പാര്‍ട്ടിയാണ് സിപിഎം. നേതാക്കള്‍ക്കും അണികള്‍ക്കും ഇക്കാര്യത്തില്‍ ഒരേ മനസ്സാണ്. ആസൂത്രിതമായ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടത്തേണ്ടിവരുമ്പോള്‍ പാര്‍ട്ടി സംവിധാനം എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കും. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെയും, ടി.പി.ചന്ദ്രശേഖരന്റെയും കൊലപാതകങ്ങളില്‍ കേരളം ഇതുകണ്ടതാണ്. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയും നടന്ന ടിപി വധക്കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന നുണ ആവര്‍ത്തിക്കുകയായിരുന്നു സിപിഎം ചെയ്തത്. എന്നാല്‍ കേസിലെ പ്രതികളില്‍ പാര്‍ട്ടി അംഗങ്ങളും നേതാക്കളുമുണ്ടായിരുന്നു. ഇവരെ ഒളിപ്പിക്കാനും കേസു നടത്താനും, ശിക്ഷിക്കപ്പെട്ടപ്പോള്‍ ജയിലില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കാനും പാര്‍ട്ടിയുണ്ടായിരുന്നു. ടിപിയെ കൊല്ലിച്ചവരെ സംബന്ധിക്കുന്ന രഹസ്യങ്ങള്‍ പുറത്താവുമെന്നു വന്നപ്പോള്‍ പാര്‍ട്ടി നേതാവായ പ്രതികളിലൊരാളെ വളരെ തന്ത്രപൂര്‍വം അപായപ്പെടുത്തിയെന്ന ആക്ഷേപമാണ് ഒടുവില്‍ പുറത്തുവന്നത്. മൗനം കുറ്റ സമ്മതമെന്നപോലെ സിപിഎം നേതൃത്വം ഇതിനോട് പ്രതികരിക്കുകയുണ്ടായില്ല. ചെറ്റക്കണ്ടി രക്തസാക്ഷികളുടെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നത് ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണത്രേ. മുന്‍ഗാമിയായ കോടിയേരി ‘തള്ളിപ്പറഞ്ഞ’കൊലയാളികളാണ് ഇവരെന്നോര്‍ക്കണം. നാവ് വാടകയ്‌ക്കു കൊടുക്കുന്നവരെക്കുറിച്ചാണ് കേട്ടിട്ടുള്ളത്. നുണകള്‍കൊണ്ട് നിര്‍മിച്ച നാവാണ് ഗോവിന്ദനെപ്പോലുള്ളവര്‍ക്ക്. ഹിംസയെ ന്യായീകരിക്കാനും വാഴ്‌ത്താനും ഇവര്‍ക്ക് യാതൊരു ലജ്ജയുമില്ല. ഈ സാംസ്‌കാരിക ശൂന്യതയ്‌ക്ക് കേരളം വലിയ വിലകൊടുക്കേണ്ടിവരുന്നു. ഇതിന് അന്ത്യമുണ്ടാവാതെ പ്രബുദ്ധ കേരളം സാധ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: