പെരുമ്പാവൂര്‍: പുരാതന പ്രസിദ്ധവും ചരിത്രസ്മാരകവുമായ മേതല കല്ലില്‍ ഗുഹാക്ഷേത്രത്തിന് വിളിപാടകലെ അപകടകരമാംവിധം മലയിടിച്ച് പ്ലൈവുഡ് കമ്പനിക്ക് വേണ്ടി മണ്ണെടുക്കുന്നത്മൂലം കല്ലില്‍ ഭഗവതി ക്ഷേത്രത്തിന് അപകട ഭീഷണി ഉയരുന്നു.
സ്വകാര്യ മണ്ണ്- പ്ലൈവുഡ് മാഫിയയാണ് മണ്ണെടുപ്പിന് നേതൃത്വം നല്‍കുന്നത്. നിയമത്തിന്റെ പഴുതുകളിലൂടെയും ഉദ്യോഗസ്ഥരുടെ ഒത്താശയോടെയും നടക്കുന്ന മണ്ണെടുപ്പ് ഈ പ്രദേശത്തെ ജനങ്ങളെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മണ്ണ് എടുത്തു കൊണ്ടിരുന്ന സ്ഥലത്ത് നിന്നും മഴ പെയ്തപ്പോള്‍ ഭീമാകാരമായ പാറ 100 മീറ്റര്‍ താഴെ ജനവാസ മേഖലയില്‍ പതിച്ചു. 15 മീറ്റര്‍ മാത്രം അകലെയുളള മേതല പനക്കല്‍ വര്‍ഗ്ഗീസിന്റെ വീടും വീട്ടിലുണ്ടായിരുന്നവരും തലനാരിഴക്ക് രക്ഷപ്പെട്ടു. ആ സമയത്ത് 85 ഉം 80 ഉം വയസ്സുള്ള വര്‍ഗീസും ഭാര്യയും ആണ് വീട്ടില്‍ ഉണ്ടായിരുന്നത്.
അശമന്നൂര്‍ പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലാണ് മലയിടിച്ച് നിരത്തല്‍ വ്യാപകമായി നടക്കുന്നത്. ചെറിയ മലനിരകള്‍ കൊണ്ട് മനോഹരമായ ഭൂപ്രദേശമാണിത്.ഇനിയും ധാരാളം പാറകള്‍ മണ്ണ് എടുത്ത സ്ഥലത്ത് താഴേക്ക് പതിക്കാവുന്നവിധം അപകടകരമായ അവസ്ഥയിലാണ് നില്‍ക്കുന്നത്. ഇവിടെ നിരവധി വീടുകള്‍ ഉണ്ട്. അവരെല്ലാം ഭയത്തോടെയാണ് ഇവിടെ കഴിയുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും മറ്റും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ഈ മേഖലയില്‍ മുഴുവന്‍ സ്ഥലത്തുംനാടിന് താങ്ങാന്‍ പറ്റാത്ത വിധം പ്ലൈവുഡ് കമ്പനികള്‍ പെരുകുന്നു. പഞ്ചായത്തിന്റെ അനുമതി കൂടാതെ ഏകജാലക സംവിധാനത്തിലൂടെ അധികൃതരെ തെറ്റിദ്ധരിപ്പിച്ചും ചില ഉദ്യോഗസ്ഥരുടെ ഒത്താശയും ഇവര്‍ക്കുണ്ട്. ഇവിടെ നാട്ടുകാര്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് പ്രക്ഷോഭങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്.
മേലില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉടന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മണ്ണെടുക്കുന്നതിന് ചേര്‍ന്നുള്ള മേതലയിലെ ഗുഹാക്ഷേത്രം രണ്ട് വലിയ പാറകള്‍ക്കിടയില്‍ ആണ് സ്ഥിതി ചെയ്യുന്നത്. പാറകള്‍ക്കിടയിലുള്ള ഗുഹയിലാണ് ശ്രീകോവില്‍. ജൈനമതക്കാര്‍ ഈ ഗുഹ ഉപയോഗിച്ചിരുന്നതിന്റെ ചരിത്ര ആലേഖനങ്ങള്‍ പാറയില്‍ കാണാം.
പ്രകൃതി രമണീയമായ മലയ്ക്കുമുകളില്‍ പ്രകൃതി നല്കിയ പൈകൃത സ്വത്താണ് ഗുഹാക്ഷേത്രം. ക്ഷേത്രത്തിന് ചുറ്റുമുള്ള മലകള്‍ ഇടിച്ചു നിരത്തുമ്പോള്‍ അതിന്റെ പ്രത്യാഘാതം താമസിയാതെ ക്ഷേത്രത്തെയും ബാധിക്കും. അധികൃതര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഒരു വലിയ ചരിത്ര ദുരന്തം ആയിരിക്കും വരാന്‍ പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: