ബാങ്കോക്ക്: ഭാരതത്തിന്റെ പുരുഷ ഡബിള്‍സ് ബാഡ്മിന്റണ്‍ താരജോഡികളായ സാത്വിക്‌സായിരാജ് റങ്കിറെഡ്ഡി -ചിരാഗ് ഷെട്ടി സഖ്യം തായ്‌ലന്‍ഡ് ഓപ്പണ്‍ 2024 സ്വന്തമാക്കി. ചൈനീസ് പുരുഷ സഖ്യം ഷെന്‍ ബോ യാങും ല്യു കിയും ഉയര്‍ത്തിയ വെല്ലുവിളിയെ നിഷ്പ്രഭമാക്കിയാണ് നേരിട്ടുള്ള ഗെയിമിന് ഫൈനല്‍ ജയിച്ചത്. സ്‌കോര്‍ 21-15, 21-15
ടൂര്‍ണമെന്റില്‍ ടോപ് സീഡ് താര ജോഡികളായി ഇറങ്ങിയ ഭാരത സഖ്യത്തിന് തുടക്ക ഗെയിമില്‍ വമ്പന്‍ വെല്ലുവിളിയാണ് സീഡില്ലാ താരങ്ങളായി ഫൈനല്‍ വരെ എത്തിയ ചൈനീസ് ദ്വയം ഉയര്‍ത്തിയത്. ആദ്യ ഗെയിമിന്റെ ഒരു ഘട്ടത്തില്‍ ഭാരത സഖ്യത്തെ പിന്നിലാക്കി 10-11ന് ചൈന മുന്നിട്ടു നിന്നിരുന്നു. ആദ്യ ഗെയിമിന്റെ ആദ്യ ഭാഗം കഴിയുന്നതിന് തൊട്ടുമുമ്പേ ചിരാഗ് ഷെട്ടിയുടെ മികവില്‍ ഭാരതം 12-11ന് മത്സരം വരുതിയിലാക്കി. ഗെയിമിന്റെ രണ്ടാം ഭാഗം തീര്‍ത്തും ആധിപത്യത്തോടെ പൊരുതി ഭാരതം പിടിച്ചടക്കി.
രണ്ടാം ഗെയിമില്‍ തുടക്കം മുതലേ മത്സരം നിയന്ത്രണത്തിലാക്കാന്‍ ഭാരത സഖ്യത്തിന് സാധിച്ചു. കളിയുടെ ഒരു ഘട്ടം കഴിയുമ്പോള്‍ അഞ്ച് പോയിന്റിന് മുന്നിട്ട് നില്‍ക്കുകയും ചെയ്തു. ഗെയിമിന്റെ പാതി കഴിഞ്ഞ് മത്സരം തുടങ്ങുമ്പോള്‍ ചിരാഗിന് ബാലന്‍സ് കണ്ടെത്താനാകാതെ വന്നത് സാരമായി ബാധിച്ചു. ചെറിയ ചില പിഴവുകള്‍ ചൈനീസ് താരങ്ങള്‍ ഫലപ്രദമായ് മുതലെടുത്തതുവഴി ഭാരതത്തിന്റെ ആധിപത്യം 15-14 എന്ന നിലയിലായി. പിന്നീട് ചില മികച്ച സ്മാഷുകളുതിര്‍ത്ത് സാത്വിക് അഞ്ച് പോയിന്റിന്റെ മുന്നേറ്റ മുണ്ടാക്കി. ഒടുവില്‍ ആകെ മത്സരം സമയം 46 മിനിറ്റ് പിന്നിടുമ്പോള്‍ ഭാരത താരങ്ങള്‍ ആഘോഷിക്കാന്‍ തുടങ്ങി.
2019ല്‍ ഇതേ തായ്‌ലന്‍ഡ് ഓപ്പണ്‍ സ്വന്തമാക്കിയാണ് ഈ ഡബിള്‍സ് ജോഡികള്‍ ഭാരതത്തിനായി കിരീടകൊയ്‌ത്തിന് തുടക്കമിട്ടത്. ഇക്കൊല്ലം ഇരുവരുടെയും നാലാം ഫൈനലായിരുന്നു ഇത്. മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000ലും ഇന്ത്യ സൂപ്പര്‍ 750ലും റണ്ണറപ്പുകളായപ്പോള്‍ മാര്‍ച്ചില്‍ ഫ്രഞ്ച് ഓപ്പണ്‍ 750 സ്വന്തമാക്കിയിരുന്നു. തായ്‌ലന്‍ഡ് ഓപ്പണ്‍ സീസണിലെ രണ്ടാം കിരീടനേട്ടമാണ്.
ഫ്രഞ്ച് ഓപ്പണ്‍ നേടുമ്പോള്‍ ലോക ഒന്നാം നമ്പര്‍ താരജോഡികളായിരുന്നു സാത്വിക്-ചിരാഗ് സഖ്യം അടുത്തിടെ ചെറിയ താളപ്പിഴകള്‍ കാട്ടിത്തുടങ്ങിയതോടെ മൂന്നാം സ്ഥാനത്തേക്ക് ഇടിഞ്ഞു. സാത്വികിന്റെ പരിക്കിനെ തുടര്‍ന്നായിരുന്നു ഈ ഫോമില്ലായ്മ പ്രകടമായത്. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം റൗണ്ടിലെ പുറത്താകലും തോമസ് കപ്പിലെ മോശം പ്രകടനങ്ങളും തായ്‌ലന്‍ഡ് ഓപ്പണ്‍ കിരീടനേട്ടത്തിലൂടെ സാത്വികും ചിരാഗും മറികടന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: