ന്യൂദല്‍ഹി: പുതിയ ഭാരതത്തെക്കുറിച്ച് നല്ല കഥകള്‍ പറഞ്ഞു തുടങ്ങാന്‍ സമയമായെന്ന് യുകെ ആസ്ഥാനമായുള്ള ദിനപത്രമായ ഡെയ്ലി എക്സ്പ്രസിന്റെ അസിസ്റ്റന്റ് എഡിറ്റര്‍ സാം സ്റ്റീവന്‍സണ്‍. ഭാവിയില്‍ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ്വ്യവസ്ഥയായി മാറാനുള്ള ഐതിഹാസികമായ പാതയിലാണ് ഭാരതം. പൊതുതെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഭാരതത്തില്‍ എത്തിയ സാം സ്റ്റീവന്‍സണ്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു.
ഭാരതത്തെക്കുറിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ തെറ്റിദ്ധാരണകളാണ് നിലനില്‍ക്കുന്നത്. അനുകൂലമല്ലാത്ത ആഖ്യാനങ്ങളാണ് പ്രാഥമികമായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. നിര്‍ഭാഗ്യവശാല്‍, യൂറോപ്പിലുടനീളവും പാശ്ചാത്യരാജ്യങ്ങളിലുടനീളമുള്ള ഭാരതത്തെക്കുറിച്ചുള്ള ധാരണകള്‍ നല്ലതല്ല. പത്രങ്ങളില്‍ നെഗറ്റീവ് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനാലാണിത്. പക്ഷപാതപരമായ റിപ്പോര്‍ട്ടിങ്ങിന്റെ ഹാനികരമായ ആഘാതമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതത്തില്‍ വന്ന് സ്വന്തം കണ്ണുകൊണ്ട് കാണണം, ജീവിക്കണം, ശ്വസിക്കണം, ജനങ്ങളെ കാണണം, ജനങ്ങളോട് സംസാരിക്കണം. പുതിയ ഭാരതത്തെക്കുറിച്ച് പറഞ്ഞുകൊടുത്ത് നന്മയുടെ ശക്തിയാകാന്‍ പാശ്ചാത്യമാധ്യമങ്ങള്‍ക്ക് കഴിയണം. ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്ലാം വിരുദ്ധനാണെന്ന് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ താഴെക്കിറങ്ങിവന്ന് യഥാര്‍ത്ഥ മുസ്ലീങ്ങളോട് സംസാരിക്കുമ്പോള്‍, ഹിന്ദുക്കളോടും സിഖുകാരോടും സംസാരിക്കുമ്പോള്‍, ഭാരതം എല്ലാ സംസ്‌കാരങ്ങളെയും മതങ്ങളെയും അംഗീകരിക്കുന്നതായി കാണുവാനാകും.
പ്രചണ്ഡമായ ഭാരത വിരുദ്ധ പ്രചാരണത്തിനെതിരെ പറയേണ്ട സമയമായെന്ന് കരുതുന്നു. ഞങ്ങള്‍ ഇവിടെ വന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങിലെ പുതിയ ഭാരതത്തിന്റെ യഥാര്‍ത്ഥ പോസിറ്റീവ് കഥകള്‍ പറയേണ്ടതുണ്ട്.
ഭാരതം മഹത്തായതും അത്ഭുതകരവുമായ രാഷ്‌ട്രമാണ്. നരേന്ദ്ര മോദിയുടെ റാലിയില്‍ ബുര്‍ഖ ധരിച്ച് മുസ്ലീം സ്ത്രീകള്‍ പങ്കെടുക്കുന്നത് ഞങ്ങള്‍ കണ്ടു. ഈ രാജ്യത്തിന്റെ ബഹുസ്വരതയുടെ ഉദാഹരണങ്ങള്‍ ഞങ്ങള്‍ കണ്ടു. ഈ രാജ്യത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് മാധ്യമങ്ങളുടെ കവറേജ് ഉയര്‍ത്താന്‍ ഞങ്ങള്‍ ഇവിടെയുണ്ട്. സത്യത്തിലേക്ക് എത്തുക, ചില യഥാര്‍ത്ഥ വസ്തുതകള്‍ കണ്ടെത്തി ലണ്ടനിലേക്ക് കൊണ്ടുവരിക, അദ്ദേഹം പറഞ്ഞു.
ഭാരതത്തെക്കുറിച്ച് നെഗറ്റീവ് വാര്‍ത്തകള്‍ ഇങ്ങനെ നല്കുന്നത് ലജ്ജാകരമാണ്. ഭാരതവും ബ്രിട്ടണും തമ്മില്‍ സംസ്‌കാരം, ഭാഷ, പൈതൃകം, ചരിത്രം എന്നിവ പങ്കുവെച്ചിട്ടുണ്ടെന്ന് സാം സ്റ്റീവന്‍സണ്‍ ഊന്നിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: