ആലപ്പുഴ: അവധിക്കാലം കായല്‍ടൂറിസം മേഖല ആഘോഷമാക്കി. ഹൗസ്ബോട്ടുകള്‍, ശിക്കാരവള്ളങ്ങള്‍ എന്നിവയ്ക്ക് കൊയ്ത്ത് കാലമാണ്.
ആലപ്പുഴ ബീച്ചിലും സഞ്ചാരികള്‍ കൂടുതലായി എത്തുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മന്ദഗതിയിലായിരുന്ന ഹൗസ്ബോട്ട് മേഖല സജീവമാണ്. കടുത്ത ചൂട് ഭീഷണിയാകുക കൂടി ചെയ്തതോടെ മറ്റ് പ്രദേശങ്ങള്‍ ഒഴിവാക്കി മൂന്നാര്‍, വയനാട്. ആലപ്പുഴ എന്നിവിടങ്ങളിലേയ്ക്കാണ് എത്തിയതത്. ആയിരക്കണക്കിന് സഞ്ചാരികളാണ് പുന്നമടയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത്.
പരീക്ഷാക്കാലം കഴിഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സഞ്ചാരികള്‍ എത്തിയെങ്കിലും പിന്നീട് തെരഞ്ഞെടുപ്പ് പ്രചരണവും മറ്റും ആയതോടെ തിരക്ക് കുറഞ്ഞിരുന്നു. കടുത്തചൂടായതിനാല് കായലിലെ കാറ്റും, കാഴ്ചകളുമെല്ലാം സഞ്ചാരികള്‍ക്ക് പ്രിയമാണ്.ഹൗസ്ബോട്ടുകള്‍ക്ക് വന്‍ ബുക്കിങ് ആണ് ഇപ്പോഴുള്ളത്.
സഞ്ചാരികളുടെ എണ്ണത്തിനനുസരിച്ച് ബോട്ടുകളുടെചാര്ജ്ജ് കൂടും. സഞ്ചാരികള്‍ ഏറെയുള്ള സീസണ് ആയതിനാല്‍ നിരക്ക് കൂടുതലാണ്. ശിക്കാര വള്ളങ്ങള്‍ക്കും മണിക്കൂറിടവിട്ട് സര്‍വ്വീസുണ്ട്.
വിദേശ സഞ്ചാരികള്‍ വളരെ കുറവാണെങ്കിലും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ഒഴുക്കാണ് ഇപ്പോള്‍ കായല്ടൂറിസത്തിനും ഹൗസ്ബോട്ട് മേഖലയ്ക്കും താങ്ങായി നില്‍ക്കുന്നത്. ആലപ്പുഴയിലെ ഹോംസ്റ്റേകളിലും തിരക്ക് വര്‍ദ്ധിച്ചു.
സംസ്ഥാനത്ത് തന്നെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ മലബാര്‍ മേഖലകളില്‍ നിന്നും സഞ്ചാരികള്‍ എത്തുന്നുണ്ട്. വിനോദസഞ്ചാരികള്‍ കൂടുതല്‍ എത്തുന്നതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇടനിലക്കാരുടെ ഇടപെടല്‍ മൂലം സഞ്ചാരികള്‍ക്ക് പലതരത്തിലുള്ള നഷ്ടങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. നേരിട്ട് ഹൗസ്ബോട്ട് ബുക്ക് ചെയ്യാന്‍ പറ്റാത്ത സാഹചര്യവും ഉണ്ട്. സഞ്ചാരികളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഇടനിലക്കാര്‍ പറയുന്ന ഹൗസ്ബോട്ടിലും ഹോംസ്റ്റേകളിലും പോകണമെന്ന് ആവശ്യപ്പെടുന്നത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: