താരാധിപത്യം നിറഞ്ഞുനിന്ന കാലഘട്ടത്തില്‍ പുതുമുഖങ്ങളെ അണിനിരത്തി തികച്ചും ഫ്രഷ് എന്നു പറയാവുന്ന പ്രണയ കഥകള്‍ ആയിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, അനിയത്തിപ്രാവ് എന്നിവ. പുതുമുഖ നായികാനായകന്മാരെ പുതുമുഖ സംവിധായകന്‍ അവതരിപ്പിച്ച റാംജിറാവ് പിന്നീട് ഏറെക്കാലം നീണ്ടുനിന്ന കോമഡി തരംഗത്തിന് തുടക്കംകുറിച്ചത് മിക്ക സിനിമ പ്രേമികള്‍ക്കും ഓര്‍മയുണ്ടാകും. മൂന്ന് സിനിമകള്‍ക്കും അതിന്റെ തീമിനോട് ചേര്‍ന്നുനില്‍ക്കുന്ന മനോഹരമായ ഗാനങ്ങളും മറ്റു ഘടകങ്ങളും ഉണ്ടായിരുന്നു എന്നതും വസ്തുതയാണ്. ഈ മൂന്ന് സിനിമകള്‍ക്കും ഉണ്ടായിരുന്ന മറ്റൊരു സാദൃശ്യം തുടക്കത്തില്‍ ഈ സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ തീരെ കുറവായിരുന്നു എന്നതാണ്. സിനിമ കണ്ട കുറച്ചു പേരുടെ നല്ല അഭിപ്രായങ്ങളിലൂടെ വളര്‍ന്നാണ് ഈ സിനിമകള്‍ മലയാള സിനിമാ ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. ഈ വസ്തുത പില്‍ക്കാലത്ത് ഈ ചിത്രങ്ങളുടെ പിന്നണിക്കാര്‍ പലയിടത്തും പറഞ്ഞിട്ടുള്ളതാണ്.
ഇത്രയും കാര്യങ്ങള്‍ ഇവിടെ പറയാന്‍ കാരണം ഓരോ മലയാള സിനിമയും കോടികളുടെ വിജയത്തിന്റെ കാര്യത്തില്‍ മത്സരിക്കുന്ന ഇന്നത്തെ കാലത്ത് ഈ ‘വിജയങ്ങളില്‍’ ഒരു സാധാരണ പ്രേക്ഷകനുള്ള പങ്ക് എന്താണെന്നുള്ള അന്വേഷണമാണ് ഇന്നത്തെ മലയാള സിനിമ. ലോകത്തു മുകളില്‍ പറഞ്ഞ ഒരവസ്ഥ അതായത് മൗത്ത് പബ്ലിസിറ്റിയിലൂടെ തുടക്കത്തില്‍ ജനപ്രീതി നേടാത്ത മികച്ച സിനിമകള്‍ പിന്നീട് ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള സാധ്യത തുലോം കുറവാണെന്ന് കാണാം. അതിനു കാരണം പ്രധാനമായും ബിസി ക്ലാസ് തീയറ്റേറുകളുടെ അഭാവം, തീയറ്ററുകളില്‍ ഒരു സിനിമയുടെ ചുരുങ്ങിയ പ്രദര്‍ശന കാലഘട്ടം എന്നിവയാണ് എന്നുതോന്നുന്നു. ഇരുപത്തി അഞ്ചോ പരമാവധി നാല്‍പ്പതു ദിവസം പോലും തീയറ്ററുകളില്‍ തുടരാത്ത (അതിനകം ചിത്രം ഒടിടിയില്‍ എത്തും) സാഹചര്യത്തില്‍ പ്രേക്ഷക അഭിപ്രായത്തിനു എന്താണ് പ്രസക്തി? പക്ഷേ ഇതൊക്കെ നടക്കുമ്പോഴും ഓരോ മലയാള സിനിമയും നേടിയതായി അവകാശപ്പെടുന്നത് കോടികളാണ്. അതും നാലോ അഞ്ചോ എന്തിനു പത്തോ ഇരുപതോ പോലുമല്ല നൂറും നൂറ്റി അന്‍പതും കോടികളാണ്. ശരിയാണ് 2010 ല്‍ നാല്‍പതു രൂപ ആയിരുന്ന ടിക്കറ്റ് വില ഇന്ന് 150 രൂപയില്‍ എത്തിയിട്ടുണ്ട്. ഒരു ശരാശരി എന്ന നിലയില്‍ 200 രൂപ കണക്കാക്കിയാലും ഈ പറയുന്ന അന്‍പതും നൂറും കോടി ലഭിക്കാന്‍ എത്ര പേര് സിനിമ കാണണമെന്ന് അറിയാന്‍ ലളിതമായ ഗണിതം മതിയാകും.
അപ്പോള്‍ എങ്ങനെയാണ് കുറെ ചിത്രങ്ങള്‍ ഇറങ്ങി ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ അന്‍പതും നൂറും കോടികള്‍ നേടിയതായി അവകാശപ്പെടാനാവുക? ഒടിടി, സാറ്റലൈറ്റ് റൈറ്റ്‌സ്, അന്യഭാഷാ റീമേക് അവകാശം, കേരളത്തിന് പുറത്തുള്ള പ്രദര്‍ശന അവകാശം ഇവയാണ് നമുക്കറിയാവുന്ന സിനിമയുടെ ഇതര വരുമാന മാര്‍ഗങ്ങള്‍. ഒടിടി വഴി കിട്ടുന്ന വരുമാനം ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും എന്ന് കുറച്ചുകാലം മുന്‍പ് നഷ്ടം നേരിട്ടതിനെ തുടര്‍ന്ന് പ്രമുഖ ഒടിടി ദാതാക്കള്‍ തീരുമാനിച്ചു എന്ന് വായിച്ചിട്ടുണ്ട്. ഒടിടിയുടെ വരവിനെ തുടര്‍ന്ന് സാറ്റലൈറ്റ് രംഗത്തു നിന്നുള്ള വരുമാനം മുന്‍പുള്ളതുപോലെ തുടരുന്നു എന്നു കരുതുന്നത് സാമാന്യയുക്തിക്കു നിരക്കാത്തതായിരിക്കും. ദൃശ്യം 1 ദൃശ്യം 2 (ഒരു പക്ഷേ മിന്നല്‍ മുരളിയും) തുടങ്ങിയ ചിത്രങ്ങളെ മാറ്റിനിര്‍ത്തിയാല്‍ റീമേക്ക് ചെയ്തതോ ചെയ്തതില്‍ തന്നെ സാമ്പത്തിക വിജയം നേടിയ, ഇനി അതുമല്ലെങ്കില്‍ ദേശീയ തലത്തില്‍ ശ്രദ്ധനേടുകയും ചര്‍ച്ച ആകുകയും ചെയ്ത എത്ര മലയാള സിനിമകള്‍ ഉണ്ടെന്ന് അന്വേഷിക്കുന്നത് കൗതുകകരം ആയിരിക്കും ഈയടുത്തുവന്ന മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു എന്നീ സിനിമകള്‍ മാറ്റിനിര്‍ത്തിയാല്‍ കേരളത്തിന് പുറത്ത് എടുത്തുപറയത്തക്ക പ്രദര്‍ശന വിജയം നേടിയ എത്ര മലയാള സിനിമകള്‍ ഉണ്ടെന്നതും ഈ വിഷയത്തില്‍ പ്രസക്തമായിരിക്കും.
ഇന്നത്തെ മലയാള സിനിമയുടെ വിജയമന്ത്രം മാര്‍ക്കറ്റിങ് മികവ് മാത്രമായി അധഃപതിക്കുന്ന ഒരു അവസ്ഥയിലേക്ക് കുറച്ചുകാലമായി മാറിക്കൊണ്ടിരിക്കുന്നു. പ്രമേയപരമായി ഉള്ള പുതുമയോ അവതരണ രീതിയിലുള്ള വ്യത്യസ്തതയോ ഗാനങ്ങളോ അഭിനയ മികവോ ഛായാഗ്രഹണ മികവോ ഒന്നും ഒരു ഘടകം അല്ലാതാകുകയും, ഈ പറഞ്ഞ ഘടകങ്ങള്‍ എല്ലാംകൊണ്ട് സമ്പുഷ്ടമാണെന്നു മികച്ച മാര്‍ക്കറ്റിങ് തന്ത്രങ്ങളിലൂടെ പൊതുജനത്തെ ബോധ്യപ്പെടുത്തുന്ന പക്ഷം യഥാര്‍ത്ഥത്തില്‍ ഈ ഘടകങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നത് ചിത്രത്തിന്റെ വിജയത്തിന് ഒരു ഘടകമേ ആകാതിരിക്കുന്ന അവസ്ഥയിലേക്കാണ് നമ്മള്‍ എത്തിച്ചേരുന്നത്. ചുരുക്കത്തില്‍ ഇന്നത്തെ ഈ വിഭാഗത്തില്‍പ്പെടുന്ന സിനിമകള്‍ കാണാന്‍ പോകുന്ന ഓരോ പ്രേക്ഷകനും ഇവരുടെ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പ്രീകണ്ടീഷനിങ്ങിനു വിധേയരാക്കപ്പെടുന്നുണ്ട്. ഈ സിനിമ വളരെ മികച്ചതാണ്, ഇനി അങ്ങനെയല്ല എന്നു തോന്നുന്നു എങ്കില്‍ നിങ്ങള്‍ക്ക് എന്തോ തകരാര്‍ ഉണ്ട് എന്ന രീതിയില്‍ ഒരു പ്രീകണ്ടീഷനിങ്ങിനു ഓരോ പ്രേക്ഷകനും അറിയാതെ തന്നെ വിധേയരാകാറുണ്ട്. ഇങ്ങനെ മിന്നല്‍ വേഗത്തില്‍ കോടികള്‍ നേടുന്ന ചിത്രങ്ങളെപ്പറ്റി ഈ സിനിമകള്‍ കണ്ട ഒരു പ്രേക്ഷകനോട് അഭിപ്രായം ചോദിച്ചാല്‍ അവനോ അവളോ വ്യത്യസ്ത മോഡുലേഷനില്‍ പറയുന്നത് ഈ സിനിമയുടെ മാര്‍ക്കറ്റിങ് വിഭാഗം പടച്ചുവിടുന്ന അതെ പോയിന്റുകള്‍ തന്നെയല്ലേ അല്‍പ്പം പോലും വ്യത്യാസം ഇല്ലാതെ പറയുന്നതെന്ന് ചിന്തിച്ചു നോക്കുക. ചിത്രങ്ങള്‍ ആറു മാസത്തിനു ശേഷം ചാനലില്‍ വന്നാല്‍ പത്തു സെക്കന്റിനുള്ളില്‍ മടുപ്പോടെ ചാനല്‍ മാറ്റും.
ഈ ഒരു അവസ്ഥയ്‌ക്ക് അച്ചടി മാധ്യമങ്ങള്‍ക്കുള്ള പങ്കു കുറച്ചു കണ്ടുകൂടാ. ഒരു കാലത്തു സിനിക്ക്, കോഴിക്കോടന്‍ തുടങ്ങിയ നിരൂപകരുടെ മികച്ച സിനിമാ നിരൂപണങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന ദിനപത്രങ്ങളുടെയും വാരികകളുടെയും സിനിമ പേജുകള്‍ ഇന്ന് വരാന്‍ പോകുന്ന സിനിമകളുടെ ബില്‍ ബോര്‍ഡുകളായി മാറുന്നു.
വാര്‍ഷിക സിനിമ അവലോകനം നടത്തുമ്പോള്‍ നിര്‍ലജ്ജം ”മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയതില്‍ ഭൂരിപക്ഷം സിനിമകളുടെയും നിലവാരം ശരാശരിയിലും വളരെ താഴെയായിരുന്നു” എന്ന് എഴുതാന്‍ ഒരു മടിയും കാണിക്കാറില്ല. ഏറിയും കുറഞ്ഞും മലയാളത്തിലെ മിക്ക അച്ചടി മാധ്യമങ്ങളും പിന്തുണരുന്നത് ഇതേ വഴി തന്നെയാണ്.
ഇതിന്റെ പരിണിതഫലം സിനിമയെ കുറിച്ചുള്ള അവലോകനം എളുപ്പത്തില്‍ സ്വാധീനിക്കാവുന്ന ഓണ്‍ലൈന്‍ നിരൂപകരില്‍ എത്തി എന്നതാണ്. വാണിജ്യ സാധ്യത കുറവായിരുന്ന, അതുകൊണ്ട് തന്നെ ഭേദപ്പെട്ട നിരൂപണങ്ങള്‍ വന്നിരുന്ന ബ്ലോഗ് കാലഘത്തില്‍ നിന്ന് കൂടുതല്‍ വാണിജ്യ സാധ്യത യുള്ള യുട്യൂബിലും ഇതര ഓണ്‍ലൈന്‍ പ്ലാറ്റുഫോമിലും മലയാള സിനിമ നിരൂപണം എത്തിനില്‍ക്കുമ്പോള്‍ മാര്‍ക്കറ്റിങ് വിഭാഗത്തിന് എളുപ്പം വിലയ്‌ക്ക് വാങ്ങാന്‍ കഴിയുന്ന ചാനലുകളെ പൊതുജനത്തിന് ആശ്രയിക്കേണ്ടി വരുന്നു.
ഈ ഒരു പ്രത്യേക ലോബി മലയാള സിനിമയില്‍ പിടിമുറുക്കുന്നതും, തല്‍ഫലമായി ഉടലെടുക്കുന്ന പുതിയ സിനിമ സംസ്‌കാരവും കാരണം ഒരു സിനിമയുടെ യഥാര്‍ഥ അഭിപ്രായം അറിയാന്‍ പ്രസ്തുത ചിത്രം ഓണ്‍ ലൈന്‍ പ്ലാറ്റുഫോമുകളില്‍ വരുന്നത് വരെ കാത്തിരിക്കേണ്ടി വരുന്നു എന്നതാണ്. കൊട്ടിഘോഷിക്കപ്പെടുന്ന പല സിനിമകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ വന്നു കഴിയുമ്പോള്‍ വിമര്‍ശന വിധേയമാകുന്നത് കാണാം. തിരിച്ചും ഉണ്ടാകുന്ന അവസരങ്ങള്‍ വിരളമല്ല. പ്രമേയപരമായും അവതരണത്തിലും ഛായാഗ്രഹണത്തിലും കല സംവിധാനത്തിലും സംഗീതത്തിലും മികച്ചുനിന്ന ഒരു പുതുമുഖ സംവിധായകന്‍ ഒരുക്കിയ ഒരുപക്ഷേ ഒരു പതിനഞ്ചു കൊല്ലത്തിനുള്ളില്‍ മലയാളത്തില്‍ വന്ന മികച്ച മലയാള സിനിമകളില്‍ ഒന്നായ ‘കമ്മാര സംഭവം’ എടുത്തു നോക്കൂ. ആ സിനിമ മികച്ചതാണെന്ന് കുറച്ചു പേര്‍ക്കെങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞത് പ്രസ്തുത ചിത്രം ഒടിടി യില്‍ വന്നപ്പോഴാണ്.
ഇനി നമുക്ക് കോടികള്‍ കൊയ്യുന്ന മലയാളം സിനിമകളിലേക്ക് വരാം. അടുത്ത കാലത്തു ഇറങ്ങിയ മാളികപ്പുറം എന്ന ചിത്രം ഈ അവസരത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു അത്. സാധാരണ സ്ത്രീകളും കുട്ടികളും ആവേശത്തോടെ കാണാന്‍ മുന്നോട്ടു വരുമ്പോഴാണ് നമ്മള്‍ ഒരു ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നു പറയുന്നത്. എന്നാല്‍ മാളികപ്പുറം ആകട്ടെ സ്ത്രീകളും കുട്ടികളും കൂടാതെ പ്രായമുള്ളവര്‍ വരെ തികഞ്ഞ ആവേശത്തോടെ ഏറ്റെടുത്ത ഒരു ചിത്രം ആയിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തീയറ്ററുകളുടെ എണ്ണം കൂടുകയും നീണ്ട കാലം ഹൗസ് ഫുള്‍ ആയി ഷോ നടക്കുകയും ചെയ്ത ഈ ചിത്രം നൂറു കോടിയില്‍ എത്താന്‍ എത്ര ദിവസം എടുത്തു എന്നു മാത്രം നോക്കിയാല്‍ മനസ്സിലാകും ഈ രണ്ടാം ആഴ്ചയിലെ കോടികളുടെ കഥയിലെ പൊള്ളത്തരം.
ഇനി ഇങ്ങനെ കോടികള്‍ വാരുന്ന ഇത്തരം ചിത്രങ്ങളുടെ അജണ്ട അല്ലെങ്കില്‍ കോണ്‍ടെന്റ് എന്താണെന്നു നോക്കുന്നത് കൗതുകകരമായിരിക്കും. പുരോഗമനം അഥവാ നവോത്ഥാനം (ഇതൊന്നും അല്ലെങ്കില്‍ സാമാന്യമായി ന്യൂജെന്‍ എന്ന പദവും ഉപയോഗിച്ച് കാണാറുണ്ട്) തുടങ്ങിയ ലേബലുകളില്‍ വരുന്ന ഈ ‘കോടി ക്ലബ്’ ചിത്രങ്ങളെ പൊതുവെ മൂന്നു വിഭാഗങ്ങളായി തരാം തിരിക്കാം. മദ്യവും മയക്കുമരുന്നുകളെയും അവിഹിതത്തെയും സാമാന്യവല്‍ക്കരിക്കുന്ന അരാജകത്വ സിനിമകള്‍, സ്ത്രീ വിമോചന സിനിമകള്‍, രാഷ്‌ട്രീയ മതവിശ്വാസങ്ങളെ അവഹേളിക്കുന്ന സിനിമകള്‍ എന്നിവയാണ് അവ. എന്നാല്‍ ഇതിലൊന്നും ഒരു പ്രമുഖ മതവിഭാഗത്തെ കൃത്യമായി ഒഴിവാക്കപ്പെടുന്നുണ്ട്. പക്ഷേ ഇത്തരം സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക വ്യക്തികള്‍ക്കും പരിചിതമായ ജീവിത സാഹചര്യം ഈ ഒഴിവാക്കപ്പെടുന്ന വിഭാഗത്തിന്റെ ആണെന്നതും ശ്രദ്ധേയമാണ്. ഇത്തരം സിനിമകള്‍ക്ക് വെള്ളവും വളവും കൊടുക്കുന്നത് മലയാള സിനിമാ രംഗത്തെ സമുന്നത വ്യക്തിത്വങ്ങള്‍ ആണെന്നുള്ള സമീപകാല വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇതും കടന്ന് തങ്ങളുടെ അജന്‍ഡയോടു പൊരുത്തപ്പെടാത്ത സിനിമകളെ എങ്ങനെയും പരാജയപ്പെടുത്താന്‍ നടത്തുന്ന പരസ്യമായ ശ്രമങ്ങളും നമുക്ക് കാണാം.
ഇവിടെ പരാമര്‍ശിച്ച വസ്തുതകള്‍ക്ക് ഉള്ള ഏക ഉത്തരം തിരിച്ചറിവ് മാത്രമാണ് വിശ്വസിക്കുന്ന ഒരാളാണ് ലേഖകന്‍. പക്ഷേ സ്വകാര്യ തീയറ്ററുകള്‍ മാത്രം സിനിമ കാണാന്‍ ഉണ്ടായിരുന്ന കാലഘട്ടത്തില്‍ വിദേശ സിനിമകള്‍ കൂടുതല്‍ ആള്‍ക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഫിലിം ഫെസ്റ്റിവലുകള്‍, വിരല്‍ തുമ്പില്‍ ഏതൊരു സിനിമയും കാണാവുന്ന ഈ കാലത്തു ഏറ്റവും ചുരുങ്ങിയ പക്ഷം ഓണ്‍ലൈന്‍ സാദ്ധ്യതകള്‍ ഉപയോഗിച്ച് കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ പോലും ശ്രമിക്കാതെ ഇന്നും ലക്ഷങ്ങളും കോടികളും പൊടിച്ചുള്ള കെട്ടുകാഴ്ചകളായി തുടരുന്നത് എന്തിനു എന്ന് ചോദിക്കാന്‍ പോലും കഴിയാത്ത ഒരു സമൂഹത്തില്‍ നിന്ന് ഒരു തിരിച്ചറിവ് പ്രതീക്ഷിക്കുന്നത് അതിമോഹം ആകുമോ എന്ന ആശങ്ക ഇല്ലാതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: