പാല്‍ഗഡ്(മഹാരാഷ്ട്ര): പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാംതവണ സത്യപ്രതിജ്ഞ ചെയ്ത് ആറ് മാസത്തിനുള്ളില്‍ പാക് അധിനിവേശ കശ്മീര്‍ ഭാരതത്തിന്റെ ഭാഗമായിത്തീരുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാല്‍ഗഡില്‍ എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ ചേരുന്നതില്‍ നിന്ന് പിഒകെയെ തടയാന്‍ പാകിസ്ഥാന് കഴിയില്ലെന്ന് യോഗി ചൂണ്ടിക്കാട്ടി.
പത്ത് വര്‍ഷം നമ്മള് കണ്ടത് പുതിയ ഭാരതത്തെയാണ്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമായി. ഭീകരതയും നക്സലിസവും തുടച്ചുനീക്കി. മുംബൈ ഭീകരാക്രമണം നടന്ന കാലത്ത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലവിളിച്ചത് ഭീകരര്‍ അതിര്‍ത്തി കടന്ന് ഭാരതത്തിലേക്ക് വരുന്നുവെന്നാണ്. അന്നും നമുക്ക് മിസൈല്‍ കരുത്തുണ്ടായിരുന്നു. പക്ഷേ സര്‍ക്കാരിന് അത് ഉപയോഗിക്കാനുള്ള ഇച്ഛാശക്തിയുണ്ടായിരുന്നില്ല, യോഗി പറഞ്ഞു.
പാകിസ്ഥാനില്‍ ഭീകരര്‍ കൊല്ലപ്പെടുന്നതിന് പിന്നില്‍ ഭാരത ഏജന്‍സികളാണെന്ന് ബ്രിട്ടനിലെ ഒരു മുന്‍നിരപത്രം പറയുന്നു. ശത്രുക്കളെ ആരാധിക്കാന്‍ ഭാരതം തയാറല്ല. ആരെങ്കിലും നമ്മുടെ ജനങ്ങളെ വധിച്ചാല്‍ അത്തരക്കാര്‍ക്ക് അര്‍ഹിക്കുന്ന മറുപടി നല്‍കും. പാകിസ്ഥാന് ഇപ്പോഴത് നന്നായി അറിയാം.
അവര്‍ പ്രതിസന്ധിയിലാണ്. പാക് അധിനിവേശ കശ്മീരില്‍ പ്രക്ഷോഭം ശക്തമാണ്. ജനങ്ങളില്‍ ഭാരതം ഒരു സ്വപ്നമായി നിറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായി അവര്‍ കാത്തുനില്‍ക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ അത് സംഭവിക്കും. ഭാരതം കരുത്തരാണെന്ന് ഇന്ന് എല്ലാവര്ക്കും മനസിലായിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
പാകിസ്ഥാനെ പുകഴ്ത്തുന്ന ചില ആളുകള്‍ ഇവിടെയുണ്ട്. അവരോട് പറയാനുള്ളത് ഇത്രമാത്രമാണ്, പാകിസ്ഥാനിലെ ആകെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ആളുകളെ മോദി സര്‍ക്കാര്‍ പട്ടിണിയില്‍ നിന്ന് കര കയറ്റിയിട്ടുണ്ട്. ഭാരതത്തിലായിരുന്നുവെങ്കില് പാക് സമൂഹം പട്ടിണി കിടന്ന് മരിക്കേണ്ടിവരുമായിരുന്നില്ല. എണ്‍പത് കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്കുന്ന സര്‍ക്കാരാണ് ഭാരതത്തിലേത്.
നമുക്ക് കൂടുതല്‍ മെച്ചപ്പെട്ട രാഷ്ട്രജീവിതം വേണം. എല്ലാവരും എല്ലാവരുടെയും വികാരങ്ങളെ മാനിക്കണം. ഭാരതത്തിന്റെ വീരപുരുഷന്മാരെ ആദരിക്കണം, പെണ്‍കുട്ടികള്‍ സമ്പൂര്‍ണമായും സുരക്ഷിതരായിരിക്കണം. വ്യവസായികള്‍ സംരക്ഷിക്കപ്പെടണം. യുവാക്കള്‍ക്ക് തൊഴിലുറപ്പുണ്ടാകണം, ഭാരതം ആ പാതയില്‍ ഏറെ മുന്നേറിക്കഴിഞ്ഞു, യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: