വിഷയം ‘വേദാന്തം’ ആകുന്ന ഘട്ടത്തില്‍ മാത്രമല്ല, ‘മായ’യെക്കുറിച്ച് പറയുമ്പോഴും ചില അവിചാരിതമായവ സംഭവിക്കുന്ന വേളയിലും ഭാഗ്യവും നിര്‍ഭാഗ്യവും ഒക്കെ വരുമ്പോഴും ‘ബ്രഹ്മമാണ് സത്യം, മറ്റെല്ലാം മിഥ്യ’യാണെന്ന് പറയാത്തവരില്ല; പുരുഷായുസ്സിന്റെ പകുതി കടന്നവരാണെങ്കില്‍ പ്രത്യേകിച്ചും. ഒരുപക്ഷേ ഈ വാക്കും ശൈലിയും ആയിരിക്കില്ലെന്നുമാത്രം. പക്ഷേ, എന്താണ് ‘ബ്രഹ്മ’മെന്ന് ചോദിച്ചാല്‍ അവര്‍ കുഴങ്ങും. വിവരിച്ച് ബോധ്യപ്പെടുത്താന്‍ വിഷമമുള്ളതാണ് ബ്രഹ്മമെന്ന് പറയുന്നതാണ് ഒരുപക്ഷേ എളുപ്പം. വളരെ ലളിതമായി കവി കുഞ്ഞുണ്ണി ഇത് വിവരിക്കുന്നതിങ്ങനെയാണ്: ”ബ്രഹ്മസത്യം ജഗന്മിഥ്യ, ബ്രായും ബ്രസ്റ്റും കണക്കിനേ.” സരസമായി ഇങ്ങനെ പറഞ്ഞ കുഞ്ഞുണ്ണി ശ്രീരാമകൃഷ്ണാശ്രമം സ്കൂളിലെ അദ്ധ്യാപകനായിരുന്നു.
അവിവാഹിതനായിരുന്നു. വേദാന്ത ചിന്തകള്‍ വശമാക്കിയിരുന്നു. എന്നിട്ടും, ആദി ശങ്കരന് വ്യാഖ്യാനിച്ച വഴിയിലല്ല, എന്നല്ല, അതിന് വിരുദ്ധമായ രീതിയിലാണ് ബ്രഹ്മത്തെ വ്യാഖ്യാനിച്ചത്. ആദിശങ്കരന്, കുഞ്ഞുണ്ണി പറഞ്ഞ ‘ബ്രസ്റ്റിനെ’ക്കുറിച്ച് പാടിയതിങ്ങനെയാണല്ലോ ‘ഭജഗോവിന്ദ’ത്തില്‍: ‘നാരീസ്തനഭര നാഭീദേശം, ദൃഷ്ട്വാ മാഗാ മോഹാവേശം, ഏതന്മാംസവസാദി വികാരം, മനസി വിചിന്തയ വാരം വാരം’ എന്ന്. അതായത് ആ ചിന്തകളൊക്കെ ഉപേക്ഷിച്ച് ജീവിതത്തിന്റെ, ജന്മത്തിന്റെ വ്യാകരണം പഠിക്കാന്‍ ഗോവിന്ദനെ- ബ്രഹ്മത്തെ- ഭജിക്കുക എന്നായിരുന്നു ഭാഷാ വ്യാകരണം പഠിക്കാന്‍ ക്ലേശിക്കുന്ന വിദ്യാര്‍ത്ഥിയോട് ശങ്കരന് പറഞ്ഞത്. പക്ഷേ, ശങ്കരനും കുഞ്ഞുണ്ണിയും അവര്‍ മനസ്സിലാക്കിയത് പറഞ്ഞുവെന്നതാണ് പ്രധാനം. എല്ലാം അനുഭവിച്ചറിയണമെന്നില്ല, അനുഭവിച്ചവരില്‍ നിന്നറിയാം. ചിലര്‍ക്ക് സങ്കല്പ്പിച്ചറിയാം. അത് വേദാന്തനിലയില് സങ്കല്‍പ്പനം ചെയ്യുമ്പോഴത്തെ കാര്യമാണ്.
ബ്രഹ്മത്തെക്കുറിച്ച്, ദൈവത്തെ നേരില്‍ കണ്ടിട്ടുണ്ടെന്ന് ലളിതമായി വിശ്വാസത്തോടെയും ഉറപ്പോടെയും പറഞ്ഞ രാമകൃഷ്ണ പരമഹംസരുടേതായി ഒരു കഥയുണ്ട്. അതിങ്ങനെ: വലിയ മതില്‍ക്കെട്ട് കണ്ട നാലുകൂട്ടുകാര്ക്ക് അതിനുള്ളില്‍ എന്താണെന്നറിയണം. ഒരാള്‍ ആദ്യം ചാടി അകത്തു കടന്നു. ആഹാ, ആഹാഹാ. പുറത്തേക്കുവന്നില്ല, പിന്നാലേ ബാക്കി മൂവരും പോയി. അവരാരും പറയാന്‍ പുറത്തുവന്നില്ല. അതുപോലെയാണ് ബ്രഹ്മം. അറിഞ്ഞവര്‍ പിന്നെ പുറത്തേക്ക് എത്തുന്നില്ല. അതാണ് അറിവിന്റെ പൂര്‍ണത. അതാണ് ബ്രഹ്മജ്ഞാനം എന്ന് വേദാന്തികള്‍ പറയുന്നു.
ഈ വിശേഷ ജ്ഞാനത്തിന് മറ്റൊരു വശമുണ്ട്. അതാണ് ഇരുമ്പുമറകള്‍. അതിനുള്ളിലും എന്തൊക്കെയോ നടക്കുന്നു. ആ മതില്കെട്ടിനുള്ളില് എന്തെന്നറിയാന്‍ താല്പര്യമുള്ളവര് ഏറെയാണ്. അറിയാന്‍ മതില് കടന്നുള്ളില്‍ പോയവര്‍ മടങ്ങിവരുന്നുണ്ട്. പക്ഷേ, ഉള്ളില്‍ ഉള്ളത് ഉള്ളുതുറന്നു പറയുന്നില്ല. അതാണ് അപകടം. ആദ്യത്തെ മതില്‍ക്കെട്ടിനുള്ളില്‍ പോകുന്നവര്‍ അതില്‍ ലയിച്ചുപോകുന്നു, പുറത്തേക്ക് വരുന്നില്ല. രണ്ടാമത്തെക്കൂട്ടര്‍ പുറത്തുവരുന്നു, പക്ഷേ, അകത്തെ വിശേഷങ്ങള്‍ സത്യസന്ധമായി പറയുന്നില്ല. ഈ മറച്ചുവെക്കലാണ് അപകടങ്ങള്‍ ഉണ്ടാക്കുന്നത്. അത് മറയ്ക്കുള്ളില്‍ ഇരിക്കുന്നവര്‍ക്ക് സഹായകമാകുന്നു.
ഇന്ന് അറിയാനുള്ള അവകാശത്തിന് നിയമമുണ്ടാക്കുന്നു. അറിയാതെ ചെയ്യുന്നത് കണ്ടുപിടിക്കാനും നിരീക്ഷിക്കാനും ക്യാമറകള്‍ സ്ഥാപിക്കുന്നു. പരസ്യമായ അറിയിപ്പില്ലാതെ രഹസ്യ ക്യാമറകള്‍ വെച്ച് സ്വന്തം ജീവിത പങ്കാളിയെ അവരറിയാതെ നിരീക്ഷിക്കുന്ന ദാമ്പത്യജീവിതങ്ങള്വരെ വര്‍ദ്ധിക്കുന്നു. ഇന്ന് ഏറ്റവും വിറ്റുപോകുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒന്ന് ഒളിക്യാമറകളാണത്രെ. (അംഗീകൃത നിരീക്ഷണ ക്യാമറാ സംവിധാനത്തിന്റെ പ്രമുഖ ഡീലര്‍ പഞ്ഞതാണ് ഈ വിവരം) പക്ഷേ, അതുസംബന്ധിച്ച കണക്കുകള്‍ കിട്ടാന്‍ വിഷമമാണ്. കാരണം ഒളിക്യാമറകളുടെ വില്‍പ്പനയും വിതരണവും രഹസ്യമാണ്, നിയമപരമല്ല. അതായത്, അതും മറയ്ക്കുള്ളിലാണ്.
പറഞ്ഞുവന്നത് അറിഞ്ഞത് അറിയിക്കേണ്ടവരെ അറിയിക്കാന്‍ നിയമസംവിധാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ പോലും തയാറാകുന്നില്ല എന്നതാണ്. അതുണ്ടാക്കുന്നത് വലിയ പ്രശ്നങ്ങളാണ്. രാജ്യത്തിന്റെ സുരക്ഷയേപ്പോലും ബാധിക്കുന്ന വിവരങ്ങള്‍ ഉണ്ടായിട്ടും അത് അറിയിക്കേണ്ടവരുമായി പങ്കുവെക്കാതെ മറ്റുതാല്‍പര്യങ്ങള്‍ക്ക് വശംവദരായി പെരുമാറുന്നവരുടെ എണ്ണം കൂടുകയാണ്. അത് എല്ലാ തലത്തിലും വര്‍ദ്ധിക്കുന്നുവെന്നാണ് കണക്കുകള്‍. ഏതു വിധേനയും ഒളിച്ചുകടത്തലുകള്‍ വഴി സ്വാര്‍ത്ഥം സംരക്ഷിക്കുന്നവര്‍ കൂടുകയാണ്. ഇതൊക്കെ ബാഹ്യചക്ഷുസ്സുകള്കൊണ്ട് കണ്ടറിയുന്ന കാര്യങ്ങളെക്കുറിച്ചാണ്.
ചില കാര്യങ്ങള്‍ ചക്ഷുസ്സുകള്കൊണ്ട് കാണുന്നതില്‍ വിശ്വസിച്ച് അവസാനിപ്പിക്കരുതാത്തതായുണ്ട്. കാണുന്നതിന്റെ പിന്നാമ്പുറം അന്വേഷിച്ചാല്‍ മാത്രം മതിയാകും. നാലുമതിലുകള്‍ക്കുള്ളില്‍ നടക്കുന്ന ചില വൃത്തികളുണ്ട്. അവയുടെ പിന്നിലേക്ക് അന്വേഷണം പോകേണ്ടതുണ്ട്. അത് അന്വേഷിക്കാന്‍ ചുമതലപ്പെട്ടവര്‍ ചെയ്യാതെ വരുമ്പോഴാണ് പ്രത്യേക സംവിധാനങ്ങള്‍ അന്വേഷണത്തിനിറങ്ങുന്നത്.
ഇപ്പോള്‍ നടക്കുന്ന പല വൃത്തിയില്ലാത്ത വൃത്തികള്‍ക്കും പിന്നില്‍ ‘സാമ്പത്തികവും ദാമ്പത്തിക’വുമായ ഇടപാടുകളാണെന്ന് വന്ന ഒരു നിരീക്ഷണത്തില്‍ കഴമ്പില്ലാതെയില്ല, പ്രത്യേകിച്ച് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍. അത്തരം സംഭവങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഥവാ ഇ ഡി പോലുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തുന്ന സംഭവങ്ങള്‍ കൂടുകയും ചെയ്യുന്നു. അത് ഇ ഡിയുടെ ‘അതിപ്രസരമായി’ വ്യാഖ്യാനിക്കുന്നവരുണ്ട്.
ഇപ്പോള്‍, കേരളത്തില്‍ മറ്റുപല സംഭവങ്ങളെക്കൊണ്ട് മറയ്ക്കാനോ മാറ്റിവെക്കാനോ ശ്രമിച്ചാലും വിവാദമായിരിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമാ ഇടപെടലിനെക്കുറിച്ചുള്ള വെളിപ്പെടുത്തലാണല്ലോ. ഒരു സംവിധായികയുടെ ഭര്‍ത്താവ് (സംവിധായിക റത്തീനയുമായുള്ള വിവാഹബന്ധ മോചനനടപടി മുഹമ്മദ് ഷെര്‍ഷാദ് ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല) നടത്തിയ തുറന്നു പറച്ചിലുകളില്‍ പലതിലേയും വാസ്തവം പുറത്തുവരാനുണ്ട്. ‘പുഴു’ സിനിമയുടെ നിര്‍മ്മാണത്തില്‍ മമ്മൂട്ടിക്ക് പ്രത്യേക താത്പര്യം ഉണ്ടായിരുന്നുവെന്നോ, അത് ഹിന്ദുവിരുദ്ധമോ ഇസ്ലാമിക പക്ഷം പിടിക്കലോ ആണോ എന്നതൊക്കെ അവിടെ നില്ക്കട്ടെ. നടന് ജഗതി ശ്രീകുമാര്‍ ഒരിക്കല്‍ സിനിമയിലെ കള്ളക്കളികളെ (നിര്‍മ്മാണ സാങ്കേതികതയിലെ ട്രിക്കുകള്‍) കളിയാക്കിപ്പറഞ്ഞത് ‘വെട്ടത്ത് എടുത്ത്, ഇരുട്ടത്ത് കാണിക്കുന്ന’ കലാ വിദ്യ എന്നാണ്. അന്ന് സിനിമാ ലോകത്ത് ഇത്രത്തോളം കള്ളക്കച്ചവടങ്ങള്‍ ഇല്ലായിരുന്നു. ഇന്ന് സിനിമാ ലോകം സാമൂഹ്യ സ്പര്‍ദ്ധയും ജാതി- മത വൈരവും വെച്ചുപുലര്‍ത്തുകയും പോഷിപ്പിക്കുന്നവരും കൂടിയുള്ളതായിരിക്കുന്നു. അവിടെ ‘സാമ്പത്തിക- ദാമ്പത്തിക’ ഇടപാടുകളില്‍ അപകടകരമായ പ്രവണതകള്‍ വ്യാപകമായിരിക്കുന്നു. അവിടെ സര്‍ക്കാരില്‍, രാഷ്ട്രീയത്തില്‍, പോലീസ് ഉദ്യോഗസ്ഥരില്നിന്നുള്ളവര് കൂട്ടുകക്ഷികളോ കൈയാളുകളോ ആകുന്നു. എന്നാല്‍ കൗതുകകരമായത് ഈ നാലുമതിലിനുള്ളിലെ കാര്യങ്ങള്‍ കണ്ടവരെല്ലാം മടങ്ങിവന്നിട്ടും ഒന്നും തുറന്നു പറയാന്‍ തയാറാകുന്നില്ല എന്നതാണ്. സിനിമയില്‍ മയക്കുമരുന്നുപയോഗവും വിനിമയവും നടക്കുന്നുവെന്ന് ആക്ഷേപണങ്ങള്‍ ഉയര്‍ന്നിട്ടില്ലേ? സിനിമയില്‍ അവസരം കിട്ടാന്‍ നടിമാര്‍ക്ക് ലൈംഗിക ചൂഷണം അനുഭവിക്കേണ്ടിവരുന്ന ‘കാസ്റ്റിങ് കൗച്ച്’ മലയാളത്തിലുമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടില്ലേ? സിനിമ നിര്‍മ്മിക്കാന്‍ കള്ളപ്പണം വിനിയോഗിക്കുന്നു, സിനിമാ നിര്‍മ്മാണ കമ്പനികളെ വന്‍ മാഫിയ നിയന്ത്രിക്കുന്നു എന്നെല്ലാമുള്ള സത്യങ്ങള്‍ പുറത്തുവന്നിട്ടില്ലേ? ചില വിഷയങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടില്ലേ? റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലേ? എന്നിട്ട് എന്ത് നടപടിയാണ് എടുത്തിട്ടുള്ളത്? അവിടെയാണ് ‘ബ്രഹ്മത്തെ അറിഞ്ഞവന്’ മിണ്ടാതാകുന്നുവെന്ന് പറയുന്നതിന്റെ മറുവശം തിരിച്ചറിയുന്നത്. അറിഞ്ഞവര്‍ കണ്ടവര്‍ പറയുന്നില്ല. ബ്രഹ്മജ്ഞാനികളായവര്‍ പറയാത്തത് അവര്‍ ‘തിരികെ’ വരാത്തതിനാലാണ്. രണ്ടാം വിഭാഗക്കാര്‍ക്ക് എന്താണ് പറയാന്‍ മടി, അപഭ്രംശങ്ങള്‍ ഇല്ലാതാക്കാന്‍ മടി? എന്നാണ് സംശയം.
പുഴുക്കള്‍ അരിച്ച് ജീര്‍ണ്ണിച്ച് ഇല്ലാതാക്കുകയാണ് സകല മേഖലയും. തുറന്നു പറച്ചിലിന് സമയം അതിക്രമിച്ചിരിക്കുകയാണ്. ഇത് ഒരു മികച്ച അവസരമാക്കി, അറിയാവുന്നത് പറയാന്‍ കഴിയുന്നിടത്താണ് ആരായാലും അസാധാരണരാകുന്നത്. കാരണം, സിനിമ എന്ന ജനകീയ മാധ്യമത്തിന് വിനോദവും വിജ്ഞാനവും നല്‍കാനുള്ള സാമൂഹ്യ ദൗത്യമുണ്ട്. അത് വലിയൊരു വിഭാഗം കലാപ്രവര്‍ത്തകരുടെ ജീവിത മേഖലയാണ്. അവിടെ അഭിനയിച്ച് സ്വസമ്പാദ്യം കൂട്ടുക മാത്രമല്ല യഥാര്‍ത്ഥ കലാകാരന്റെ കടമ. അതില്‍ മമ്മൂട്ടിക്ക് മാത്രമല്ല പങ്ക് നിര്‍വഹിക്കാനുള്ളത്. പക്ഷേ, മമ്മൂട്ടിയ്ക്കാണ് അത് നയിക്കാന്‍ കഴിയുന്നത്. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍. ഒരുപക്ഷേ അത് ചില സിനിമകളിലെ ക്ലൈമാക്സ്പോലെ രാഷ്ട്രീയത്തെയും സമൂഹത്തെ ആകെയും ശുദ്ധീകരിച്ചേക്കും. മിഥ്യയെ തിരിച്ചറിയാന്‍ സഹായിച്ചേക്കും.
പിന്കുറിപ്പ്: സിനിമ എന്ന ‘സംഭവംതന്നെ’ ഇല്ലാതാക്കാന്‍ സ്ക്രിപ്റ്റുമായി ഒരു എംഎല്‍എ വരുന്നുവത്രേ! ചിരിപ്പിക്കാന്‍ ഇങ്ങനെ ആളുണ്ടായാല്‍ മതി, സിനിമ വേണമെന്ന് വലിയ നിര്‍ബന്ധമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: