ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടന്ന അതേ നാളില്‍ വാര്‍ഷികമായിട്ടാണ് പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കുന്നത്. ഫലത്തില്‍ ഇത് പ്രതിഷ്ഠാ വാര്‍ഷിക ദിനമാണ്.
പ്രതിഷ്ഠാ ചടങ്ങിന്റെ ഒരു ചെറിയ രൂപം തന്നെയാണ് വാര്‍ഷിക ദിനത്തിലും നടക്കുന്നത്. ഒരു വര്‍ഷത്തിനിടയില്‍, മാനുഷികമായോ പ്രകൃത്യാ ഉണ്ടാകാവുന്ന ദോഷങ്ങള്‍ മൂലമോ ഉള്ള മാലിന്യങ്ങള്‍ നീക്കി, വിഗ്രഹത്തെ പ്രാണപ്രതിഷ്ഠാ സമയത്തെ പൂര്‍ണ ചൈതന്യത്തിലേക്ക് തിരിച്ചെത്തിക്കുന്ന താന്ത്രിക പ്രക്രിയയാണ് ഇന്ന് നടക്കുന്നത്. അതിന്റെ ഭാഗമാണ് കലശ പൂജയും കലശാഭിഷേകവും.
താന്ത്രിക ആചാര്യനിലൂടെ പ്രാണന്റെ അംശം വിഗ്രഹത്തിലേയ്ക്കു പകരുന്ന ചടങ്ങാണ് പ്രാണപ്രതിഷ്ഠ. ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലെ ഏറ്റവും പ്രധാനമായതും വിശേഷപ്പെട്ടതുമായ അംശമാണിത്. വിഗ്രഹത്തിനു ജീവന് പകരുന്ന ചടങ്ങ്. സപ്തനദികളിലെ ജലം ശംഖിലെ ജലത്തിലേയ്ക്ക് ആവാഹിച്ച് ആ ജലത്തിലേയ്ക്കാണ് ആചാര്യന് സ്വന്തം ജീവചൈതന്യത്തെ ലയിപ്പിക്കുന്നത്. അതിനാല്‍, പ്രതിഷ്ഠ നടത്തിയ ആചാര്യന് തന്നെ പ്രതിഷ്ഠാദിന ചടങ്ങുകളും നടത്തണം എന്നാണ് വിധി.
പ്രാണപ്രതിഷ്ഠയ്ക്കു മുന്‍പുള്ള ധ്യാനാധിവാസം എന്ന ചടങ്ങിലൂടെയാണ്, . ജഡാവസ്ഥയിലുള്ള വിഗ്രത്തെ, പ്രണനെ ഏറ്റുവാങ്ങാന്‍ യോഗ്യമാക്കുന്നത്. ജീവശരീരത്തിന് ആവശ്യമായ രക്തം, മജ്ജ, മാംസം, നാഡീവ്യൂഹങ്ങള്‍ തുടങ്ങിവയെല്ലാം പ്രാണായാമത്തിലൂടെ രൂപത്തില്‍ ബിംബത്തില്‍ ഉല്‍ഭവിപ്പിക്കുന്നു. അതുവരെ ശയ്യയില്‍ ശയനാവസ്ഥയിലായിരിക്കുന്ന ബിംബത്തെ, പ്രാണനെ ഏറ്റുവാങ്ങാന്‍ യോഗ്യമാക്കിയതിനു ശേഷമാണ് പീഠത്തില്‍ പ്രതിഷ്ഠിക്കുന്നത്.
പിന്നീട് പുനപ്രതിഷ്ഠ വേണ്ടിവരുമ്പോള്‍, ചൈതന്യത്തെ ആവാഹിച്ച് നീക്കിയ ശേഷം ജഡാവസ്ഥയിലുള്ള വിഗ്രഹത്തെ ധ്യാനാധിവാസത്തിലൂടെ യോഗ്യമാക്കിയാണ് വീണ്ടും പ്രതിഷ്ടിക്കുന്നത്. അതിനാല്‍ ആ പുനപ്രതിഷ്ഠാദിനമായിരിക്കും വാര്‍ഷികമായി പ്രതിഷ്ഠാ ദിനമായി ആചരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: