മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സീസണിലെ അവസാന ദിവസമാണ് ഇന്ന്. കലാശക്കൊട്ടില്‍ തുടര്‍ച്ചയായ നാലാം വിജയം എന്ന റിക്കാര്‍ഡ് നേട്ടത്തിനായി കാത്തിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ പെപ്പ് ഗ്വാര്‍ഡിയോളയും കളിക്കാരും. സിറ്റിയുടെ കിരീട വാഴ്ച്ചയ്ക്ക് കടിഞ്ഞാണിടാന്‍ ആഴ്സണലും ഒരുങ്ങിക്കെട്ടിയിറങ്ങുകയാണിന്ന്. ലക്ഷ്യം 20 വര്‍ഷത്തെ ലീഗ് കിരീട ദാഹം തീര്‍ക്കല്‍ മാത്രം.
ലീഗിലെ എല്ലാ ടീമുകളും ഒരേ സമയം മത്സരിക്കുന്ന ദിവസമാണിന്ന്. രാത്രി 8.30നാണ് ഇന്നത്തെ പത്ത് കളികളും തുടങ്ങുക. റിക്കാര്‍ഡ് നേട്ടത്തിനായി സിറ്റി വെസ്റ്റ്ഹാമിനെതിരെ സ്വന്തം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ ഇറങ്ങും. ഇതേ സമയം സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഇറങ്ങുന്ന ആഴ്സണലിന് എതിരാളികളായ എവര്‍ട്ടണിനെ തോല്‍പ്പിച്ചാല്‍ മാത്രം പോര. സിറ്റി തോറ്റാലേ കിരീടം നേടിയെടുക്കാന്‍ സാധിക്കൂ. 37 വീതം കളികള്‍ തീര്‍ന്നിരിക്കെ 88 പോയിന്റുമായി സിറ്റി മുന്നിലുണ്ട്, തൊട്ടുപിന്നാലെയുള്ള ആഴ്സണലിന് 86 പോയിന്റും. എവര്‍ട്ടണിനെ ഇന്ന് ആഴ്സണല്‍ തോല്‍പ്പിക്കുന്ന നേരത്ത് സിറ്റി പരാജയപ്പെട്ടെങ്കില്‍ മാത്രമേ ആഴ്സണലിന്റെയും പരിശീലകന് മിക്കേല്‍ ആര്ട്ടേറ്റയുടെയും മോഹങ്ങള്‍ പൂവണിയൂ. സിറ്റിക്ക് സമനിലയും ആഴ്സണലിന് വിജയവും നേടാനായാല്‍ പോയിന്റ് നിലയില്‍ തുല്യത പാലിക്കും. അങ്ങനെ സംഭവിച്ചാല്‍ ഗോള്‍ വ്യത്യാസത്തില്‍ ആഴ്സണല്‍ ജേതാക്കളാകുന്നതാണ് ഇന്നത്തെ കിരീട നിര്‍ണയ പോരാട്ടങ്ങളിലെ മൂന്നാം സാധ്യത.
പെപ്പ് സിറ്റിയിലെത്തുമ്പോള്‍ സഹായിയായിരുന്ന അര്‍ട്ടേറ്റ
സിറ്റിയും ആഴ്സണലും കിരീടത്തിനായി വ്യത്യസ്ത കളികളില്‍ വ്യത്യസ്ത മൈതാനങ്ങളില്‍ കൊമ്പുകോര്‍ക്കാനിറങ്ങുമ്പോള്‍ രണ്ട് ടീം മാനേജര്‍മാര്‍ക്കുമിടയില്‍ ഒരു കൗതുകമുണ്ട്. എഫ്സി ബാഴ്സിലോണയില്‍ വമ്പന്‍ നേട്ടങ്ങള്‍ കൊയ്ത് ബയേണ്‍ മ്യൂണിക്കിലേക്ക് പോയിട്ടാണ് 2016ല്‍ പെപ്പ് സിറ്റിയുടെ ചുമതലയേല്‍ക്കുന്നത്. അന്ന് സിറ്റിയില്‍ പെപ്പിന്റെ സഹപരിശീലകനായിരുന്നു അര്‍ട്ടേറ്റ. 2019 വരെ അര്‍ട്ടേറ്റ ആ നിലയില്‍ തുടര്‍ന്നു. വിഖ്യാത പരിശീലകന് ആഴ്സേണ് വെംഗറുടെ പിന്‍ഗാമിയെന്ന നിലയിലാണ് അര്‍ട്ടേറ്റ 2019ല്‍ ആഴ്സണലിന്റെ മാനേജരാകുന്നത്. പിന്നീട് ഓരോ സീസണ് കഴിയുമ്പോഴും ടീം മെച്ചപ്പെട്ട് വരുന്ന കാഴ്ച്ചയാണ് കണ്ടത്. കഴിഞ്ഞ സീസണലും സിറ്റിക്ക് വലിയ വെല്ലുവിളിയുയര്‍ത്താന്‍ ആഴ്സണലിന് സാധിച്ചു. പക്ഷെ കഴിഞ്ഞ സീസണില്‍ വമ്പന്‍ ഫോമിലായിരുന്ന സിറ്റി ഫോട്ടോ ഫിനിഷിലേക്ക് നീങ്ങും മുമ്പേ ലീഗ് കിരീടം ഉറപ്പിച്ചു. പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ലിവര്‍പൂളും ചെല്‍സിയും യുണൈറ്റഡും തകര്‍ച്ച നേരിടുന്ന കാലത്താണ് അര്‍ട്ടേറ്റയ്ക്ക് കീഴില്‍ ആഴ്സണല്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകയറുന്നത്.
യൂറോപ്പ ലീഗ് വ്യാമോഹത്തില്‍ ചെല്‍സിയും
യൂറോപ്യന്‍ ക്ലബ്ബ് ലീഗുകളില്‍ ആദ്യ നാല് സ്ഥാനത്തെത്തുന്ന ടീമുകല്‍ വരുന്ന സീസണ് യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടും. അഞ്ചാം സ്ഥാനക്കാര്‍ യൂറോപ്പ ലീഗിനും ആറാം സ്ഥാനക്കാര്‍ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗിനും അര്‍ഹരാകും. പ്രീമിയര്‍ ലീഗില്‍ സിറ്റിക്കും ആഴ്സണലിനും പിന്നാലെ ആദ്യ നാലില്‍ ലിവര്‍പൂളും ആസ്റ്റണ്‍ വില്ലയും സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. 63 പോയിന്റുമായി ടോട്ടനം അഞ്ചാം സ്ഥാനത്തുണ്ട്. 60 പോയിന്റുള്ള ചെല്‍സി ആറാം സ്ഥാനത്താണ്. ടോട്ടനം ഇന്ന് ഷെഫീല്‍ഡ് യുണൈറ്റഡിനോട് തോല്‍ക്കുകയും ചെല്‍സി ബോണ്‍മൗത്തിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ അഞ്ചാം സ്ഥാനവും യൂറോപ്പ ലീഗും നേടാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: