സോള്‍: വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജ്യത്തിന്റെ ആണവശക്തി വര്‍ധിപ്പിക്കുമെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പ്രതിജ്ഞ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലിസ്റ്റിക് മിസൈലിന്റെ കൃത്യത വിലയിരുത്തുന്നതിനായി നടത്തിയ ദൗത്യമാണിതെന്നാണ് മിസൈല്‍ വിക്ഷേപണത്തെക്കുറിച്ച് കിം പറഞ്ഞത്.
കിഴക്കന്‍ കടലിലേക്കാണ് മിസൈല്‍ വിക്ഷേപിച്ചത്. കിം ജോങ് ഉന്‍ നേരിട്ട് എത്തിയാണ് മിസൈല്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. പരീക്ഷണം വിജയമായിരുന്നുവെന്നും, കിം ജോങ് ഉന്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞദിവസം കിം സൈനിക ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. ദക്ഷിണകൊറിയയും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ചു. ഉത്തരകൊറിയയിലെ കിഴക്കന്‍ വൊസാനില് നിന്ന് ബാലിസ്റ്റിക് മിസൈലുകളെന്ന് തോന്നുന്ന വസ്തുക്കള്‍ കടലിലേക്ക് വിക്ഷേപിച്ചുവെന്നാണ് ദക്ഷിണ കൊറിയ സംഭവത്തെ വിശേഷിപ്പിച്ചത്.
മിസൈലുകള്‍ 300 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചുവെന്ന് സോള്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. ഉത്തരകൊറിയ കൂടുതല്‍ വിക്ഷേപണങ്ങള്‍ നടത്തുന്നുണ്ടോ എന്ന കാര്യം നിരീക്ഷിക്കുന്നുണ്ടെന്നും, രാജ്യം അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയും ജപ്പാനുമായും ദക്ഷിണ കൊറിയ വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഉത്തരകൊറിയ റഷ്യയിലേക്ക് ആയുധങ്ങള്‍ അയക്കുന്നുണ്ടെന്നും, യുഎന്‍ ഉപരോധം മറികടന്നുള്ള ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നുമാണ് ജപ്പാന്റെയും അമേരിക്കയുടേയും നിലപാട്. കഴിഞ്ഞ മാസം ഉത്തരകൊറിയ ക്രൂയിസ് മിസൈലുകളും റോക്കറ്റുകളും ഉള്‍പ്പെടെ പരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: