ന്യൂദല്‍ഹി: രാജ്യസഭാ എംപി സ്വാതി മലിവാളിന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ നേരിട്ടത് അതിക്രൂരമര്‍ദ്ദനം. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി വൈഭവ് കുമാര്‍ ഏഴുതവണ മുഖത്തടിച്ചു. നെഞ്ചിലും അടിവയറ്റിലും നിരവധി തവണചവിട്ടി, മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു. തനിക്ക് ആര്‍ത്തവമാണെന്ന് കരഞ്ഞു പറഞ്ഞിട്ടും ക്രൂരമര്‍ദ്ദനം തുടര്‍ന്നെന്നും സ്വാതി മലിവാളിന്റെ മൊഴിയിലുണ്ടെന്നും പോലീസ് എഫ്ഐആറില്‍ പറയുന്നു. വിവരം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് വൈഭവ് കുമാര്‍ ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്. കോടതി മുമ്പാകെയും സ്വാതി രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.
മെയ് 13 ന് രാവിലെ ഒന്‍പത് മണിയോടെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. അരവിന്ദ് കേജ്രിവാളിനെ കാത്ത് വീടിന്റെ ഡ്രോയിങ് റൂമില്‍ ഇരിക്കുമ്പോഴാണ് ക്രൂരമായ ആക്രമണമുണ്ടായത്. ഡ്രോയിങ് റൂമില്‍ ഇരിക്കുകയായിരുന്ന തന്നെ ഒരു പ്രകോപനവുമില്ലാതെ വൈഭവ് കുമാര്‍ അസഭ്യം പറയുകയായിരുന്നു. പിന്നാലെയാണ് ക്രൂരമര്‍ദ്ദനമുണ്ടായത്. പിടിച്ചു തള്ളി, മുറിയിലെ മേശയില്‍ തല ഇടിച്ച് വീണു. നിരവധി തവണ മുഖത്തടിച്ചു. നെഞ്ചിലും വയറിലും സ്വകാര്യഭാഗത്തും ചവിട്ടി. മുടിയില്‍ പിടിച്ച് മുറിയില്‍ വലിച്ചിഴച്ചു. ഉപദ്രവിക്കരുതെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും കേട്ടഭാവം നടിച്ചില്ല. സംഭവസമയത്ത് മുഖ്യമന്ത്രി വസതിയില്‍ ഉണ്ടായിരുന്നതായും എഫ്ഐആറിലുണ്ട്.
സ്വാതിയെ ഇന്നലെ വൈകിട്ട് അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. മെയ് 13ന് നടന്ന സംഭവങ്ങള്‍ പുനരാവിഷ്കരിക്കുകയായിരുന്നു പോലീസ്. ആദ്യം പോലീസും ഫോറന്‍സിക് വിദഗ്ധരും തെളിവെടുപ്പ് നടത്തിയതിനു പിന്നാലെയാണ് സ്വാതിയെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ചത്. തെളിവെടുപ്പിനുശേഷം വീടിനു പുറത്തുപോയ അഞ്ചംഗ ഫോറന്‍സിക് സംഘം, സ്വാതിയെ പോലീസ് വീട്ടിലെത്തിച്ചതോടെ തിരികെയെത്തി പരിശോധന തുടര്‍ന്നു.
ദല്‍ഹി എയിംസില്‍ മൂന്ന് മണിക്കൂറോളം സ്വാതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സ്വാതിയുടെ മുഖത്ത് ആന്തരിക മുറിവുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ നെഞ്ചിലും അടിവയറ്റിലും അടിയേറ്റ പാടുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. സ്വാതി മലിവാള്‍ രേഖാമൂലം നല്കിയ പരാതിയില്‍ വൈഭവ് കുമാറിനെതിരെ ഐപിസി സെക്ഷന്‍ 354, 506, 509, 323 എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അഡീഷണല്‍ പോലീസ് കമ്മിഷണര്‍ പി.എസ്. കുശ്വാഹയുടെ നേതൃത്വത്തിലുള്ള ദല്‍ഹി പോലീസ് സംഘ സംഘം വ്യാഴാഴ്ച സ്വാതിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. തനിക്കുണ്ടായത് വളരെ മോശം അനുഭവമാണെന്ന് മൊഴി നല്‍കിയെന്നും പോലീസ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്വാതി മലിവാള്‍ എക്സില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നുള്ള മെയ് 13ലെ വീഡിയോ ആപ്പ് പുറത്തുവിട്ടു. സ്വാതി മലിവാളിനെ കുറ്റപ്പെടുത്തിയുള്ളതാണ് വീഡിയോ. കേജ്രിവാളിന്റെ വസതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന വീഡിയോയാണ് പാര്‍ട്ടി പുറത്തുവിട്ടത്. അതേസമയം വൈഭവ് കുമാര്‍ മര്‍ദ്ദിച്ചെന്ന സ്വാതിയുടെ പരാതി ബിജെപിയുടെ ഗൂഢാലോചനയാണെന്ന ആരോപണവുമായി ആപ്പ് നേതാവും മന്ത്രിയുമായ അതിഷി ഇന്നലെ രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: