കോട്ടയം: സംസ്ഥാനത്ത് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്നും നാളെയും ശുചീകരണം നടത്താന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.് ഈ വര്‍ഷം ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെ 15 ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. 28 മരണങ്ങള് ഡെങ്കിപ്പനി മൂലമാണോ എന്ന് സംശയിക്കുന്നു.
ഈ വര്‍ഷം ഏപ്രില്‍ വരെ 4576 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 11387 പേര്‍ക്ക് രോഗബാധ സംശയിക്കുന്നു. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളിലാണ് കൂടുതല്‍ പേരും. കനത്ത ചൂട് കാലത്തും രോഗം പടര്‍ന്നത് അധികൃതരില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
സാധാരണ ചൂടു കൂടുമ്പോള്‍ കൊതുകളുടെ വ്യാപനം കുറയുകയും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാനുള്ള സാധ്യത കുറയുകയുമാണ് പതിവ്. വേനല്‍ക്കാലത്തെ സ്ഥിതി ഇതാണെങ്കില്‍ മഴ വര്‍ദ്ധിക്കുന്നതോടെ സ്ഥിതി ഗുരുതരമാകുമെന്നാണ് ആശങ്ക. അതിനാലാണ് ശുചീകരണ പദ്ധതിയുമായി ആരോഗ്യവകുപ്പ് മുന്നോട്ട് വന്നിട്ടുള്ളത്.
ഇന്നും നാളെയും ജലസ്രോതസ്സുകളില്‍ ക്ലോറിനേഷന് നടത്തണമെന്നും കൊതുക നശീകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തണമെന്നുമാണ് നിര്‍ദ്ദേശം. എറണാകുളം മലപ്പുറം കോഴിക്കോട് തൃശൂര്‍ കണ്ണൂര്‍ പത്തനംതിട്ട പാലക്കാട് ജില്ലകളില്‍ മഞ്ഞപ്പിത്തവും കൂടുതലായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: