സുനില്‍ ഛേത്രി എന്ന ഫുട്ബോള്‍ നക്ഷത്രം ഭാരതത്തിന്റെ കളിക്കുപ്പായം അഴിച്ചുവയ്ക്കുമ്പോള്‍, മൈതാനത്തിന് നഷ്ടമാകുന്നത് ഒരു കളിക്കാരനെ മാത്രമല്ല. ഭാവനാ സമ്പന്നനായ നായകനേയും ദേശീയ ഫുട്ബോളിനു പുതിയ ലക്ഷ്യബോധവും മാനവും കരുത്തും നല്കിയ പോരാളിയേക്കൂടിയാണ്. ഇനി അത്തരമൊരാളെ കണ്ടെത്തുംവരെ ഭാരതത്തിന്റെ ഫുട്ബോള്‍ രംഗം കണ്ണും കാതും തുറന്നു കാത്തിരിക്കേണ്ടിവരും. രണ്ടു മാസത്തിനപ്പുറം നാല്പതാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് ഛേത്രിയുടെ വിടവാങ്ങല്‍. വയസ്സ് ഏറും തോറും ചെറുപ്പമായി വരുക എന്നു പറഞ്ഞു കേട്ടിട്ടേയുള്ളു. ഛേത്രി അത് യാഥാര്‍ഥ്യമാക്കി കാണിച്ചു തന്നു. നാല്പതാം വയസ്സില്‍ ഗ്രാഡ്സ്ലാം ടെന്നിസ് ഡബിള്‍സ് കിരീടം നേടിയ ലിയാന്‍ഡര്‍ പെയ്സിനെയാണ്, ഛേത്രിയുടെ പ്രകടനത്തിനൊപ്പം ഓര്‍മവരുന്നത്.
ലോകഫുട്ബോളില് ഭാരതം എവിടെ നില്ക്കുന്നു എന്നതു നമുക്കറിയാം. പക്ഷേ, വ്യക്തിപരമായ മികവില്‍ രാജ്യാന്തര നിലവാരത്തിലെത്താന്‍ പോന്ന കളിക്കാര്‍ നമുക്കും ഉണ്ട് എന്നതിന്റെ പുത്തന്‍ ഉദാഹരണമാണ് ഛേത്രി. രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തു നില്ക്കുന്നു സെക്കാന്തറാബാദില് നിന്നുള്ള ഈ സ്െ്രെടക്കര്‍. 150 രാജ്യാന്തര മത്സരങ്ങളില്‍ 94 ഗോള്‍. മുന്നിലുള്ള രണ്ടുപേര്‍ ലോക താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും. ഛേത്രി എവിടെ നില്ക്കുന്നൂ, മെസ്സിയും റോണോയും എവിടെ നില്ക്കുന്നു എന്നു പരിഹസിക്കുന്നവരുണ്ടാകാം. പക്ഷേ, അവര്‍ ഗോള്‍ നേടിയത് വമ്പന്‍ ടീമുകള്ക്കെതിരെയാണെന്നതു മറക്കുന്നില്ല. അതില്‍ ലോകകപ്പ് ഗോളുകളുമുണ്ടാകും. പക്ഷേ, അവര്‍ക്കു സഹായത്തിനായി, ടീമെന്ന നിലയില്‍ ഒരു ലോകനിരതന്നെ ഒപ്പമുണ്ടായിരുന്നു എന്നും ഓര്‍ക്കണം. ഛേത്രിക്ക് അതില്ലായിരുന്നല്ലോ. ഭാരതത്തിന്റെ നിരയോടൊപ്പം കളിച്ചു നേടിയതാണ് ആ ഗോളുകള്‍. അതിനും അതിന്റേതായ വിലയുണ്ട്.
ഭാരതത്തിന്റെ ഫുട്ബോള്‍ രംഗത്ത് ചോദ്യങ്ങള്‍ ബാക്കിവച്ചുകൊണ്ടാണ് ഈ മുപ്പത്തൊന്പതുകാരന് പയ്യന്റെ മടക്കം. ഇനിയാര് എന്നതാണ് പ്രധാന ചോദ്യം. ഉത്തരം എളുപ്പമായിരിക്കില്ല. ആ ഉത്തരം നല്‍കേണ്ടത് ഇനി വരുന്ന തലമുറയാണ്. മികച്ച സ്െ്രെടക്കര്‍മാര്‍ ഇനിയും ഉണ്ടായേക്കാം. അവരൊന്നും പക്ഷെ ഛേത്രിയേപ്പോലെ ആകണമെന്നില്ല. കളിക്കാരുടെ സംഘത്തെ ടീം ആയി കോര്‍ത്തിണക്കുകയും അവരെ നയിക്കുകയും കളിക്ക് ദിശാബോധം നല്‍കുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും അത് മുതലാക്കുകയും മറ്റുള്ളവരെക്കൊണ്ട് മുതലാക്കിക്കുകയും ചെയ്യുക എന്നത് കളി മാത്രമല്ല, കലയും ശാസ്ത്രവും കൂടിയാണ്. അത് അധികം പേര്‍ക്കൊന്നും വഴങ്ങുന്ന പ്രതിഭാസവുമല്ല. അണിഞ്ഞ ജെഴ്സികളുടെയും ഗോളുകളുടെയും എണ്ണം കൊണ്ടോ കപ്പ് വിജയങ്ങളുടെ കണക്കുകൊണ്ടോ ആ മികവിനെ അളക്കാനാവില്ല. രാകിമിനുക്കിയ നൈസര്‍ഗിക വാസനയും കളിമനസും ടീം സ്പിരിറ്റും ബുദ്ധിയും സമം ചേര്‍ത്ത മിശ്രിതമാണത്. മികവിനൊപ്പം കഠിനാദ്ധ്വാനവും സമര്‍പ്പണബുദ്ധിയും കൂടിച്ചേരുമ്പോഴാണ് താരം ജനിക്കുന്നത്. ഛേത്രി ഫുട്ബോളിലെ താരമായെങ്കില്‍ അത് ഈ വിശേഷണങ്ങളൊക്കെ ചേരുമ്പടി ചേര്‍ന്നതുകൊണ്ടുതന്നെയാണ്. കേട്ടറിവുമാത്രമുള്ള പഴയകാല മഹാരഥന്മാര് ഒഴിച്ചാല്‍, മുഹമ്മദ് ഹബീബും ഐ.എം.വിജയനും ബൈചുങ്ങ് ബൂട്ടിയയും ഒക്കെയാണ് ഓര്‍മയില്‍ നില്ക്കുന്ന അത്തരക്കാര്‍. ആ നിരയില്‍ നിന്നാണ് ഛേത്രി കടന്നുപോകുന്നത്. വിടവു വലുതാണ്. ഇനിയും ബാക്കിയുള്ള ഫുട്ബോള്‍ ഖനിയില്‍ ഇത്തരം മുത്തുകള്‍ കാണാതിരിക്കില്ല. കണ്ടെത്തി മിനുക്കിയെടുക്കേണ്ടത് കായിക രംഗത്തിന്റെ ചുമതലയാണ്. അതിനു നല്ല അന്വേഷണബുദ്ധിയും ക്ഷമയും നിരീക്ഷണവും വേണം. പകരക്കാരെ കണ്ടെത്താന്‍ കാത്തിരിക്കുക തന്നെ വേണ്ടിവരും.
അതിനു മുന്‍പ് കാത്തിരിക്കാന്‍ മറ്റൊന്നുണ്ട് ഫുട്ബോള്‍ ആരാധകരുടെ മനസ്സില്‍. പാക്കിസ്ഥാനെതിരെ ഗോളടിച്ചുകൊണ്ട് രാജ്യാന്തര രംഗത്ത് അരങ്ങേറിയ ഛേത്രിയുടെ വിടവാങ്ങലും ഗോളടിച്ചുകൊണ്ട് ആയിരിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പ്. ഈ വരുന്ന ജൂണ്‍ ആറിന് വിടവാങ്ങല്‍ പോരിനു കുവൈത്തിനെതിരെ ഇറങ്ങുമ്പോള്‍ ഉത്തരം കിട്ടും. കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: