നെഹ്റു കുടുംബത്തിന്റെ ‘കര്‍മഭൂമി’യെന്ന് അമ്മ സോണിയ വിശേഷിപ്പിച്ച മണ്ണില്‍ രാഹുല്‍ ഗാന്ധി പറയാന്‍ വന്നതു രാഷ്ട്രീയം. പക്ഷേ നാട്ടുകാര്‍ക്കും അണികള്‍ക്കും അറിയേണ്ടത് രാഹുലിന്റെ സ്വകാര്യം. നാട്ടുകാര്യം പറയാനും അറിയാനും ആര്‍ക്കുണ്ട് താല്പര്യം?
ആള്‍ക്കൂട്ടത്തില്‍നിന്ന് ഉച്ചത്തില്‍ ചോദ്യം: ഷാദി കബ് കരോഗെ ഭയ്യ? രാഹുല്‍ ചോദ്യം ശരിക്കു കേട്ടില്ല. കല്യാണക്കാര്യമാണു ചോദിക്കുന്നതെന്നു പ്രിയങ്ക അറിയിച്ചപ്പോള്‍ രാഹുലിനു നാണം. എത്രയും വേഗമെന്നു പറഞ്ഞു ചിരിച്ചുമാറിയ രാഹുല്‍ കൂടുതലൊന്നും പറഞ്ഞില്ല. പ്രിയങ്കയ്ക്കൊപ്പമെത്തിയതായിരുന്നു രാഹുല്‍. റായിബറേലിയില്‍ നിന്നും തോല്‍വി ഭയന്ന് സോണിയ ഉപരിസഭയില്‍ അഭയം തേടിയതിനെ തുടര്‍ന്നാണ് രാഹുലിന് നറുക്കുവീണത്. റായിബറേലിയില്‍ താന്‍ മത്സരിക്കുമെന്ന് പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര പറയുന്നതിനിടയിലാണ് രാഹുലിന്റെ രംഗപ്രവേശം.
റായ്ബറേലി പിടിക്കാന്‍ ലക്ഷ്യമിട്ടു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ നേരിട്ടു പ്രചാരണം നടത്തിയ ദിവസമാണ് രാഹുലും പ്രിയങ്കയും അവിടെ ഒരുമിച്ചെത്തിയത്. മോദി സര്‍ക്കാര്‍ വീണ്ടും വന്നാല്‍ അംബേദ്കര്‍ സൃഷ്ടിച്ച ഭരണഘടന ഇല്ലായ്മ ചെയ്യുമെന്ന് ആവര്‍ത്തിച്ച്, ബിഎസ്പി വോട്ടുകള്‍കൂടി പോക്കറ്റിലാക്കുന്ന രാഷ്ട്രീയ തന്ത്രം. ഭരണഘടനയില്ലെങ്കില്‍ രാജ്യത്തു ജനങ്ങളുടെ സര്‍ക്കാരല്ലെന്നു രാഹുല്‍. മോദിക്കുള്ള മറുപടിയെന്നോണം അദാനിയുടെയും അംബാനിയുടെയും സര്‍ക്കാരാകും ഉണ്ടാകുകയെന്നു കൂട്ടിച്ചേര്‍ത്തു. ‘ചാര്‍സോ പാര്’ മുദ്രാവാക്യവുമായി നേരത്തേ 400 കടക്കുമെന്നു പറഞ്ഞുനടന്നവര്‍ 150 പോലും എത്തില്ലെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ രാഹുലിന്റെ പാര്‍ട്ടിക്ക് എത്ര കിട്ടുമെന്ന് മാത്രം പറഞ്ഞില്ല. 44 കടന്നുകിട്ടിയാല്‍ ഭാഗ്യം.
അമേഠിയിലും റായ്ബറേലിയിലും ബിജെപിക്കെതിരെ ‘മത്സരിക്കുന്നത്’ പ്രിയങ്കയാണ്. ഇവിടെ ക്യാംപ് ചെയ്ത് പ്രചാരണം നയിക്കുന്ന പ്രിയങ്ക ഓര്‍മകള്‍ പങ്കുവച്ചും ആളുകളോടു നേരിട്ടു സംവദിച്ചും രാഹുലിനും കുടുംബത്തിന്റെ വിശ്വസ്തനായ കെ.എല്‍.ശര്‍മയ്ക്കുമായി (അമേഠിയില്‍) വോട്ടുതേടുകയാണവര്. അമ്മൂമ്മയെപ്പോലെയാണവര് എന്നാണ് വീമ്പടി. നീണ്ട മൂക്ക്. തലമുടി തുടങ്ങിയവയെല്ലാം ഉദാഹരിക്കും. പക്ഷേ അതൊന്നും സഹോദരനില്ലല്ലോ എന്നാരും പറയരുത്.
അച്ഛന് രാജീവിനൊപ്പം കുട്ടിക്കാലത്തു തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്കെത്തിയത് ഉള്‍പ്പെടെയുള്ള കഥകള്‍ പങ്കിട്ടപ്പോള്‍ നാട്ടുകാരുടെ കണ്ണില്‍ ഓര്‍മകളുടെ നനവ്. പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടു പ്രതിപക്ഷത്തിരുന്ന അച്ഛനു കരുത്തു കിട്ടാന്‍ പ്രാര്‍ഥനയോടെ ഞായറാഴ്ച ഉപവാസം നടത്തിയ കാലത്തെക്കുറിച്ചും പ്രിയങ്ക സംസാരിച്ചു. ഇതെക്കുറിച്ചു രാജീവ് ചോദിച്ചുവത്രേ.
ഞായറാഴ്ചയാകുമ്പോള്‍ അച്ഛനോടു സംസാരിക്കാന്‍ സമയം കിട്ടുമല്ലോ എന്നായിരുന്നു തന്റെ മറുപടിയെന്നും പ്രിയങ്ക വെളിപ്പെടുത്തി. രാജീവിന്റെ വിയോഗത്തിനു പിന്നാലെ അമ്മ സോണിയ അനുഭവിച്ച വേദനയെപ്പറ്റിയും കുടുംബസദസ്സുകളില്‍ പ്രിയങ്ക പറഞ്ഞുവയ്ക്കുന്നു. ഒന്നിനോടും ഭയപ്പെടാതെ ജീവിതമാകെ പോരാടുന്ന സഹോദരനു വോട്ടു നല്‍കണമെന്ന അഭ്യര്‍ഥനയ്ക്കൊപ്പം ഒരു ഉറപ്പുകൂടി അവര്‍ നല്കുന്നു. ഈ നാടിന്റെ വികസനത്തിനു നിങ്ങള്‍ക്കൊപ്പം രാഹുല്‍ തോളോടുതോള്‍ ചേര്‍ന്നു പോരാടും. പക്ഷേ ഉറപ്പൊന്നും രാഹുല്‍ നല്‍കുന്നില്ല.
അമേഠിയില്‍നിന്നു ഭയപ്പെട്ടോടിയ ആളാണെന്ന ബിജെപി പ്രചാരണത്തിനു രാഹുല്‍ തന്നെ മറുപടി നല്കുന്നു. ‘റായ്ബറേലിക്കു വേണ്ടി സേവ ചെയ്യാന്‍ ഇറങ്ങിത്തിരിച്ച നെഹ്റു കുടുംബത്തിന് ഈ നാടുമായി 100 വര്‍ഷത്തെ ബന്ധമുണ്ട്. നെഹ്റു രാഷ്ട്രീയ ജീവിതം തുടങ്ങിയത് ഇവിടെയാണ്. എന്റെ രണ്ടമ്മമാരും’ഇന്ദിരയും സോണിയയും’ അവരുടെ കര്‍മഭൂമിയാക്കിയത് ഇവിടമാണ്. അതുകൊണ്ടാണു ഞാനിവിടെ മത്സരിക്കാന്‍ വന്നത്’. റായ്ബറേലിക്കായി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തി. അമേഠിയില്‍ എകെ 47 റൈഫിള്‍ ഉണ്ടാക്കുന്ന ഫാക്ടറി താന്‍ സജ്ജമാക്കിയെങ്കിലും മോദി സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ അനുവദിച്ചില്ലപോലും. മനസ്സില്‍ ചിന്തിച്ചാല്‍ ഏകെ 47 വരുമോ എന്തോ.
കോണ്‍ഗ്രസ് പ്രകടനപത്രികയെയും തന്റെ ഉറപ്പുകളെയും കുറിച്ചു പറയുമ്പോള്‍ രാഹുല്‍ ഒരു തീയതി കൂടി പറഞ്ഞു. ജൂലൈ 1, അന്ന് ഇന്ത്യാസഖ്യം സര്‍ക്കാര്‍ രാജ്യത്ത് അധികാരമേല്‍ക്കും. കൊച്ചമ്മേടെ കറി ഏറെ നല്ലതാ. പക്ഷേ എന്റെ ഇലയില്‍ രണ്ടാമത് വിളമ്പണ്ട എന്നു പറഞ്ഞപോലെ ജൂലായ് ഒന്നിന് സഖ്യം അധികാരമേല്‍ക്കുമെന്ന് പറയാനൊക്കില്ലല്ലോ എന്നതാണ് സങ്കടം.
ഇനി വിവാഹകാര്യത്തില്‍ വന്നാലോ? നാട്ടുകാര്‍ക്ക് സംശയമാണ്. ആരാകും വധു? ഫിലിപ്പെയിന്സ്കാരിയോ ജര്മ്മനിക്കാരിയോ അതോ കുമരകത്ത് പോലീസ് കാവലില്‍ സല്ലപിച്ചവളോ, അതുമല്ല പുതിയ ഏതെങ്കിലുമാകുമോ? ഗണപതി വവാഹം പോലെയാകുമോ ഇതും? സംശയം ജനങ്ങള്ക്കേറെയാണ്. ഗണപതിയുടെ വിവാഹം കേട്ടിട്ടില്ലേ? ശ്രീ പരമേശ്വരനും പാര്‍വ്വതിയും കൈലാസത്തില്‍ സല്ലപിച്ചുകൊണ്ടിരുന്ന ദിവസം. ഉണ്ണിഗണപതി കയറി വന്നു. പറയാന്‍ മറ്റു വിഷയങ്ങളൊന്നുമുണ്ടായില്ല. എനിക്ക് കല്യാപ്രായമായില്ലെ? എനിക്ക് ഉടന്‍ കല്യാണം വേണം! അച്ഛനും അമ്മയും ഞെട്ടി. ഗണപതിക്ക് കല്യാണമോ? ഗണപതിയെ പിന്തിരിപ്പിക്കാന് ആവുന്നത്ര ശ്രമിച്ചു ഇരുവരും. പക്ഷേ ഗണപതിയുണ്ടോ വഴങ്ങുന്നു. വാശിയില്‍ തന്നെ. ഗത്യന്തരമില്ലാതെ ശിവന് സമ്മതിച്ചു. അപ്പോള്‍ തന്നെ കല്ലില്‍ എഴുതി ‘ഗണപതിയുടെ കല്യാണം നാളെ’. അതുകണ്ട് സന്തോഷിച്ച് ഗണപതി സ്ഥലംവിട്ടു. പിറ്റേന്ന് ഗണപതി വീണ്ടും വന്നു. ശിവന് കല്ലില്‍ എഴുതിയത് ചൂണ്ടിക്കാട്ടി. ഇത് സ്ഥിരം പരിപാടിയായി. അതുപോലെയാകുമോ ഇതും. പിന്നെ ഒരു കാര്യം. അച്ഛന് രാജീവോ അമ്മ സോണിയയോ ഇന്ദിരയോ ഒന്നും മുഹൂര്‍ത്തവും ലഗ്നവും നോക്കിയല്ല കല്യാണം കഴിച്ചത്. വലിയ അപ്പൂപ്പന് ഇതിലൊന്നും വിശ്വാസമൊട്ടുമില്ല താനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: