തിരുവനന്തപുരം: പാഠപുസ്തകം അച്ചടിച്ച് സ്‌കൂളുകളിലെത്തിച്ചെങ്കിലും അധ്യാപക പരിശീലനത്തിന് പോലും പുസ്തകം നല്കരുതെന്ന് കര്‍ശന നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് നിന്നും മടങ്ങിയെത്തി പുസ്തകം പ്രകാശനം ചെയ്തശേഷം വിതരണം ചെയ്യാനാണ് തീരുമാനം.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളുടെ പാഠപുസ്തകമാണ് പുതുക്കിയത്. അച്ചടിച്ച പാഠപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ എത്തിയിട്ടുണ്ട്. പാഠപുസ്തകം ഒരുകാരണവശാലും പുറത്തു നല്കരുതെന്നാണ് എഇഒമാര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും നല്കിയിരിക്കുന്ന നിര്‍ദേശം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ ഇന്നലെ സര്‍ക്കുലര്‍ ഇറക്കി.
പാഠപുസ്തകം ഓഫീസില്‍ നിന്നും അറിയിച്ച ശേഷം വിതരണം ചെയ്താല്‍ മതിയെന്നാണ് സര്‍ക്കുലറിലുള്ളത്. എന്നാല്‍ എന്താണ് വിതരണം നിര്‍ത്തിവയ്‌ക്കാനുള്ള കാരണമെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, മുഖ്യമന്ത്രി വിദേശ സന്ദര്‍ശത്തിലായതിനാല്‍ പാഠപുസ്തകം പ്രകാശനം ചെയ്തിട്ടില്ല. അതിനാല്‍ മുഖ്യമന്ത്രി തിരികെയെത്തി പുസ്തകം പ്രകാശനം ചെയ്തശേഷം വിതരണം ചെയ്താല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശമെന്നാണ് വിവരം.
അദ്ധ്യാപകരുടെ ഒന്നാംഘട്ട പരിശീലനവും ഇന്ന് അവസാനിക്കും. എന്നിട്ടും പാഠപുസ്തകം അദ്ധ്യാപക പരിശീലനത്തില്‍ പോലും നല്കിയിട്ടില്ല. പാഠപുസ്തകത്തിന്റെ സംക്ഷിപ്ത രൂപം തയാറാക്കിയതിന്റെ പകര്‍പ്പെടുത്താണ് അദ്ധ്യാപക പരിശീലനത്തിന് ഉപയോഗിച്ചത്. അതിനാല്‍ത്തന്നെ പാഠപുസ്തകത്തിന്മേലുള്ള യഥാര്‍ത്ഥ വിശകലനവും പരിശീലനവും അദ്ധ്യാപകര്‍ക്ക് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി എത്തി പ്രകാശനം ചെയ്യുന്നത് വരെ അദ്ധ്യാപക പരിശീലനത്തിന് പോലും പാഠപുസ്തകം നല്കാത്തതിനെതിരെ അദ്ധ്യാപകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: