ന്യൂദല്‍ഹി: ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുള്പ്പെടെയുള്ളവരുടെ നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) പ്രക്രിയ നടപ്പാക്കുന്നതില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനുള്‍പ്പെടെ സുപ്രീംകോടതി നോട്ടീസയച്ചു. ആസിഡ് ആക്രമണത്തിനിരയായ ഒന്‍പത് പേര് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇന്നലെ സുപ്രീംകോടതി നോട്ടീസ് അയച്ചത്. കണ്ണുകള്‍ക്ക് പ്രശ്നങ്ങളുള്ള വ്യക്തികളെയും ഉള്‍പ്പെടുത്തിയാണ് നോട്ടീസ്.
കേന്ദ്ര സര്‍ക്കാര്‍, ആര്‍ബിഐ, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്, ധനകാര്യ മന്ത്രാലയം, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എന്നിവരോട് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പ്രതികരണം തേടിയത്. ഇതൊരു സുപ്രധാന വിഷയമാണെന്ന് വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. ജൂലൈയില്‍ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
കെവൈസി ശരിയാക്കാന്‍ കഴിയാത്തതുമൂലം അടിസ്ഥാന സാമ്പത്തിക, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് നിരവധി തടസങ്ങള്‍ നേരിട്ടതായി ഹര്‍ജിക്കാര്‍ പറയുന്നു. മുതിര്‍ന്ന അഭിഭാഷകന് സിദ്ധാര്‍ത്ഥ് ലൂത്ര, അഡ്വ. അന്മോല് ഖേത, അഡ്വ. നിതിന്‍ സലൂജ എന്നിവരാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്. ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ക്കും സമാനമായി ബാധിച്ച വ്യക്തികള്‍ക്കും ഡിജിറ്റല്‍ കെവൈസിക്ക് ബദല്‍ മാര്‍ഗങ്ങള്‍ പ്രാപ്തമാക്കുന്ന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിക്കണം.
കെവൈസി പ്രക്രിയകള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങളും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുകയും ബദല്‍ രീതികള്‍ ഉള്‍ക്കൊള്ളുന്നതിനായി സംഘടനാ നയങ്ങള്‍ രൂപപ്പെടുത്തുകയും വേണം. മുഖചലനങ്ങള്‍ അല്ലെങ്കില്‍ ശബ്ദം തിരിച്ചറിയല്‍ പോലുള്ള, കണ്ണിമ ചിമ്മുന്നതിന് അപ്പുറത്തുള്ള ബദല്‍ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തത്സമയ ഫോട്ടോടെയുക്കുന്നതിലെ വ്യാഖ്യാനം കേന്ദ്ര സര്‍ക്കാര്‍ വിപുലീകരിക്കുകയോ വ്യക്തമാക്കുകയോ ചെയ്യണം. കെവൈസിക്ക് വേണ്ടി കണ്ണടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് ഓഫ്ലൈന് അല്ലെങ്കില്‍ ഫിസിക്കല്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: