ന്യൂദല്‍ഹി: കള്ളപ്പണ ഇടപാട് കേസില്‍ ജെഎംഎം നേതാവും ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന് തിരിച്ചടി. ഇടക്കാല ജാമ്യ ഹര്‍ജി സുപ്രീംകോടതി ഇന്നലെ പരിഗണിക്കാതെ മാറ്റി. ജാമ്യം സംബന്ധിച്ച് ഇ ഡിയോട് തിങ്കളാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചശേഷം ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കും.
ഇത് കൂടാതെ സോറനെ അറസ്റ്റ് ചെയ്തിനെതിരെ നല്കിയ ഹര്‍ജിയിലും റിപ്പോര്‍ട്ട് നല്കാന് ഇ ഡിയോട് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സമയം വേണമെന്ന് ഇ ഡി അറിയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയത്. ഇനി അവധിക്കാല ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാണ് സോറന് ഇടക്കാല ജാമ്യത്തിനായി ശ്രമിക്കുന്നത്.
കപില്‍ സിബല്‍, മുതിര്‍ന്ന അഭിഭാഷകനായ അനിരുദ്ധ് ചൗധരി എന്നിവരാണ് സോറന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. ചൊവ്വാഴ്ചയും ജാമ്യം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ ഹേമന്ത് സോറനും ഇന്‍ഡി സഖ്യത്തിനും തിരിച്ചടിയാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചേക്കില്ല. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും അടുത്തിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്.
ഭൂമി കുംഭകോണക്കേസില്‍ ജനുവരി 31നാണ് സൊറനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന സോറന് അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെ പദവി രാജിവെച്ചൊഴിയുകയായിരുന്നു. പ്രതിരോധ ഭൂമി ഇടപാട്, കല്‍ക്കരി ഖനന അഴിമതി എന്നീ കേസുകളും സോറനെതിരെയുണ്ട്. ഇ ഡിക്ക് വേണ്ടി അഡീ. സോളിസിറ്റര്‍ ജനറല്‍ എസ്. വി. രാജുവാണ് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: