2020 മാര്‍ച്ച് 22ന് ലോകമെമ്പാടും കൊറോണ രോഗം പൊട്ടി പുറപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം വന്നു. ലോകമെമ്പാടും മാര്‍ച്ച് 22ന് ലോക്ഡൗണ്‍ ആചരിക്കാന്‍ ലോകാരോഗ്യ സംഘടന ആഹ്വനം ചെയ്തു. അപ്രകാരം ഐക്യരാഷ്‌ട്ര സഭയില്‍ അംഗത്വമുള്ള എല്ലാ രാജ്യങ്ങളും മാര്‍ച്ച് 22ന് ആഗോളാടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ലോകത്തിലെ 782 കോടി ജനങ്ങള്‍ തമ്മില്‍ അകലം പാലിച്ചുകൊണ്ട് വീടുകളിലും മറ്റും കഴിഞ്ഞു. തുടര്‍ന്ന് മിക്ക രാജ്യങ്ങളിലും 6 മാസത്തേക്ക് പൂര്‍ണമായും ഭാഗികമായും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തല്‍ഫലമായി ആഗോളതലത്തില്‍ വമ്പിച്ച സാമ്പത്തിക മാന്ദ്യം ഉടലെടുത്തു. 2019-20ല്‍ 8% വളര്‍ച്ചാ നിരക്കുണ്ടായിരുന്ന ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ന്നടിഞ്ഞ് 2020-21 സാമ്പത്തിക വര്‍ഷം 7 ആയി കുറഞ്ഞു. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി, ബ്രിട്ടന്‍ എന്നീ മുന്‍നിര രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടനയുടെ തെറ്റായ തീരുമാനങ്ങളാണ് ലോക്ഡൗണ്‍ എന്നും ഇതുകൊണ്ട് രോഗം പകരുന്നത് തടയാന്‍ കഴിയില്ലെന്നും പ്രഖ്യാപിച്ചു. അദ്ദേഹം പരസ്യമായി രോഗപ്രതിരോധത്തിനുള്ള മരുന്ന് കഴിച്ചു. ക്ലോറോക്കിന്‍, ഹൈഡ്രോക്‌സി ക്ലോറോക്കിന്‍ എന്നീ ഗുളിക രൂപത്തിലുള്ള മരുന്നുകളാണ് അദ്ദേഹം കഴിച്ചത്.
കൊറോണ രോഗം മൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് 25 കോടി മാത്രം ജനസംഖ്യയുള്ള അമേരിക്കയിലാണ്. മരിച്ചവരുടെ എണ്ണം പ്രസിദ്ധീകരിക്കപ്പെട്ടത് 1219487 ആണ്. മരണത്തില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്. അവിടെ 711380 പേരാണ് മരിച്ചത്. മൂന്നാം സ്ഥാനം ഭാരതത്തിനാണ്. 138 കോടി ജനങ്ങളുണ്ടായിരുന്ന ഭാരതത്തില്‍ കോവിഡ് 19 എന്ന കൊറോണ രോഗം മൂലം 533570 പേരാണ് മരിച്ചത്. സംസ്ഥാനങ്ങളുടെ കണക്കുകളെടുത്താല്‍ ഭാരതത്തില്‍ മരണ നിരക്കില്‍ കൂടുതല്‍ കേരളത്തിലാണ്. ഇവിടെ 75000ല്‍ അധികം ആളുകള്‍ മരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.
ലോകത്തിനാവശ്യമായ പ്രതിരോധ വാക്‌സിനുകളില്‍ 70% നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്നത് ഭാരതമാണ്. അതിനാല്‍ കൊറോണയ്‌ക്കെതിരായ വാക്‌സിന്‍ കണ്ടു പിടിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതത്തിലെ മരുന്ന് കമ്പനികളെയും ഗവേഷണ സ്ഥാപനങ്ങളെയും ശാസ്ത്രജ്ഞരെയും പ്രേരിപ്പിച്ചു. അതിനു വേണ്ടി കമ്പനികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും നിരവധി ആനുകൂല്യങ്ങളും നല്‍കി. തല്‍ഫലമായി ഹൈദരാബാദിലുള്ള ഭാരത് ബയോ ടെക് എന്ന കമ്പനി കൊറോണ രോഗത്തിനെതിരായി കോ വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ചു. ഭാരതത്തിലെ 100 കോടി പ്രായപൂര്‍ത്തിയായ ജനങ്ങള്‍ക്ക് സൗജന്യമായി കൊറോണയ്‌ക്കെതിരെ വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. 2020-21 ലെ കേന്ദ്ര ബജറ്റില്‍ ഇതിനായി 63000 കോടി മാറ്റിവച്ചു. ഇതിനിടയില്‍ കോവിഷില്‍ഡ് എന്ന വാക്‌സിന്‍ കണ്ടു പിടിച്ചതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് കോവിഷില്‍ഡ് എന്ന വാക്‌സിന്റെ അടിസ്ഥാന ഫോര്‍മുല കണ്ടെത്തിയത്. ഈ ഫോര്‍മുല പ്രകാരം വ്യാവസായികാടിസ്ഥാനത്തില്‍ ബ്രിട്ടനിലെ ആസ്ട്രാ സെനിക്ക എന്ന മരുന്ന് നിര്‍മ്മാണ കമ്പനിയാണ് ഈ വാക്‌സിന്‍ നിര്‍മ്മിച്ച് വിപണിയിലിറക്കിയത്. അപ്രകാരം നിര്‍മ്മിച്ച ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാ സെനിക്ക കോവിഡ് 19 വാക്‌സിന്റെ ട്രേഡ് നെയിം കോവിഷില്‍ഡ് എന്നാണ്. ഭാരതത്തിനാവശ്യമുള്ളത് 200 കോടി ഡോസ് വാക്‌സിനാണ്. അതിനാല്‍ പൂനയിലെ പ്രശസ്ത വാക്‌സിന്‍ നിര്‍മ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റിയൂട്ട് (എസ്‌ഐഐ) ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാ സെനിക്കല്‍ കോവിഡ് 19 ന്റെ അടിസ്ഥാന ഫോര്‍മുല വിലയ്‌ക്ക് വാങ്ങി വന്‍തോതില്‍ കോവിഷില്‍ഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ചു. 2020 ഡിസംബര്‍ 30ന് കോവിഷില്‍ഡ് വാക്‌സിന്‍ യുകെ. വാക്‌സിന്‍ പ്രോഗ്രാം പ്രകാരം രോഗികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. ആസ്ട്രാ സെനിക്ക ബ്രിട്ടനില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന് യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി (ഇഎംഎ) അംഗീകാരം നല്‍കി. ആസ്‌ട്രേലിയയിലെ മരുന്നുകള്‍ക്ക് അംഗീകാരം നല്‍കുന്ന ഏജന്‍സി 2021 ഫെബ്രുവരിയില്‍ ഈ വാക്‌സിന്‍ അംഗീകരിച്ചു. തുടര്‍ന്ന് ലോകാരോഗ്യ സംഘടന അടിയന്തിര സാഹചര്യത്തില്‍ നല്കാവുന്നത് എന്ന് പറഞ്ഞ ഇതിന് അംഗീകാരം നല്‍കി. അപ്രകാരം ലോകത്തില്‍ 300 കോടി ഡോസ് ലോകമെമ്പാടും ഉപയോഗിച്ചു. ഇതിന്റെ ഭാഗമായി പൂനയിലെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഉല്‍പാദിപ്പിച്ച കോവിഷില്‍ഡ് വാക്‌സിന്‍ ഭാരതത്തിലെ 65 കോടി ആളുകള്‍ക്ക് നല്‍കി.
കോവിഷില്‍ഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലം ആളുകള്‍ മരിച്ചു എന്ന കള്ള പ്രചാരണമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഭാരതത്തില്‍ ചില സാമൂഹ്യ വിരുദ്ധ ശക്തികള്‍ അഴിച്ചു വിടുന്നത്. പൂനയിലെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഇലക്ട്രല്‍ ബോണ്ടില്‍ 32 കോടി രൂപ സംഭാവന നല്‍കിയത് അനധികൃതമായി കോവിഷില്‍ഡ് വാക്‌സിന്‍ നിര്‍മ്മിച്ച് വില്‍ക്കാന്‍ അനുമതി നല്‍കിയതുകൊണ്ടാണെന്ന കള്ള പ്രചാരണമാണ് സര്‍ക്കാര്‍ വിരുദ്ധ ശക്തികള്‍ നടത്തുന്നത്. കമ്പനി നിയമം വകുപ്പ് 182 പ്രകാരം അനുവദനീയമായ പരിധിയില്‍ നിന്നുകൊണ്ടാണ് സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഇലക്ട്രല്‍ ബോണ്ടില്‍ സംഭാവന നല്‍കിയത്. കോവിഷില്‍ഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലം അനേകമാളുകള്‍ മരിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഭാരതത്തിലെ കോവിഡ് മൂലമുണ്ടായ മരണസംഖ്യ. വാക്‌സിന്‍ എടുത്തവരും അല്ലാത്തവരുമായി കോവിഡ് മൂലം 533570 പേര്‍ മാത്രമാണ് മരിച്ചത്. ഭാരതത്തിലെ എല്ലാ ആശുപത്രികളിലും മരണ കാരണം രേഖപ്പെടുത്തുന്നതിന് രജിസ്റ്ററുകളും നടപടി ക്രമങ്ങളുമുണ്ട്. പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരാണ് ഈ രജിസ്റ്ററുകളില്‍ മരണകാരണം രേഖപ്പെടുത്തുന്നത്. ഇപ്രകാരം കോവിഷില്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് മരിച്ചവരുടെ എണ്ണം തുലോം തുച്ഛമാണ്.
കോവിഷില്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഭാവിയില്‍ രക്തം കട്ടപിടിക്കുന്നത് മൂലവും ഹൃദ്രോഗം മൂലവും മരിക്കുമെന്നാണ് ചിലര്‍ നടത്തുന്ന കള്ള പ്രചാരണം. ഉല്‍പാദിപ്പിക്കപ്പെടുന്ന ഏതൊരു മരുന്നിന്റെയും കാലാവധി 36 മാസത്തില്‍ താഴെയാണ്. ആ മരുന്ന് ശരീരത്തില്‍ കുത്തിവച്ചാല്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ 4 ദിവസത്തിനകം പ്രകടമാവും. ഏറിയാല്‍ 90 ദിവസം. അതുകൊണ്ടാണ് പേവിഷബാധയേറ്റ രോഗി വാക്‌സിന്‍ കുത്തി വച്ചില്ലെങ്കില്‍ 90 ദിവസത്തിനകം രോഗം മൂര്‍ച്ഛിച്ച് മരിക്കുന്നത്. ഇത് തെളിയിക്കുന്നത് മനുഷ്യ ശരീരത്തില്‍ രോഗാണുക്കളും അവയ്‌ക്കെതിരെ നല്‍കുന്ന മരുന്നുകളും പ്രകടമായി പ്രവര്‍ത്തിക്കുന്നത് 90 ദിവസത്തിനുള്ളില്‍ മാത്രമാണ് എന്നാണ്. ബ്രിട്ടനിലെ ലൈസന്‍സിങ് ഏജന്‍സി എംഎച്ച്ആര്‍എ നടത്തിയ പഠനത്തില്‍ 2021 ഏപ്രില്‍ 16 വരെ രണ്ടു കോടി പന്ത്രണ്ടു ലക്ഷം ആളുകള്‍ക്ക് കോവിഷില്‍ഡ് വാക്‌സിന്‍ എടുത്തപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയത് 268 ആളുകള്‍ക്ക് മാത്രമാണ്. അത് തന്നെ ചികിത്സയിലൂടെ മാറ്റാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ എടുത്തപ്പോള്‍ ഒരാള്‍ക്ക് മാത്രമാണ് രക്തം കട്ട പിടിക്കുന്നതായി കണ്ടെത്തിയത്. അതും ചികിത്സയിലൂടെ മാറ്റാവുന്നതാണ്.
ഇപ്പോള്‍ ബ്രിട്ടീഷ് കോടതിയില്‍ കേസുകള്‍ വരികയും കോവിഷില്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് കമ്പനി സമ്മതിക്കുകയും ചെയ്തു. ഇത് 2021 ഏപ്രിലില്‍ വാക്‌സിന്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് ലൈസന്‍സ് നല്‍കിയപ്പോള്‍ തന്നെ വിവിധ രാജ്യങ്ങളിലെ നിയന്ത്രണ ഏജന്‍സികള്‍ മുന്നറിയിപ്പില്‍ നല്‍കിയിട്ടുള്ളതാണ്. കോ വാക്‌സിന്‍, കോവിഷില്‍ഡ് എന്നീ വാക്‌സിനുകളുടെ വില കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ വാക്‌സിനുകളുടെ ഗുണ നിലവാരവും പാര്‍ശ്വഫലങ്ങളും സംബന്ധിച്ച ലൈസന്‍സിങ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും പരിശോധിച്ചതാണ്. ഇപ്പോള്‍ ബ്രിട്ടനിലെ ആസ്ട്രാ സെനിക്ക കമ്പനി കോവിഷില്‍ഡ് ഉല്‍പ്പാദനം നിര്‍ത്തിയത് കൊറോണ രോഗം ഇല്ലാത്തത് മൂലവും കൂടുതല്‍ മെച്ചപ്പെട്ട വാക്‌സിനുകള്‍ ലഭ്യമായതുകൊണ്ടുമാണ്. ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ലോകാരോഗ്യ സംഘടന കൂടുതല്‍ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുകയാണ് വേണ്ടത്.
(ആലപ്പുഴയിലെ മരുന്ന് നിര്‍മ്മാണ കമ്പനിയായ കെഎസ്ഡിപിയുടെ മുന്‍ മാനേജിങ്ഡയറക്ടര്‍ ആണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: