ചൊവ്വയുടെ രണ്ടിലെ ദൃഷ്ടി ഭാഗ്യസ്ഥാനത്തിനു( 9) ദോഷം ചെയ്യും. രണ്ടാം ഭാവം മൂന്നിന്റെ 12 ആയതുകൊണ്ട് മാരക സ്ഥാനം കൂടിയാണ്. നാലിലെ ചൊവ്വ 7, 10, 11 ഭാവങ്ങളെ വീക്ഷിക്കും മാംഗല്യം, തൊഴില്‍ ലാഭസ്ഥാനങ്ങളെ ബാധിക്കും. വിവാഹാനന്തരം സ്ത്രീയുടെ ഭര്‍ത്തൃഗൃഹത്തിനും ദോഷമുണ്ടാകും. ഏഴിലെ ചൊവ്വ ലഗ്നത്തെ ദൃഷ്ടി ചെയ്യുന്നു. ധനഭാവത്തെയും. മാരകസ്ഥാനമായ 7ാം ഭാവം ഭര്‍ത്താവിനെ/ഭാര്യയെ സൂചിപ്പിക്കുന്നതു കൊണ്ടാണ് ആ ഭാവത്തിന് ദോഷമുണ്ടാകുമെന്ന് പറയുന്നത്. ലഗ്നത്തില്‍ നില്ക്കുന്ന ചൊവ്വയ്ക്കു മാംഗല്യഭാവത്തിലും ആയുര്ഭാവത്തിലും ഒരേസമയം ദൃഷ്ടി വരുന്നു. അതും പ്രസ്തുത ഭാവങ്ങള്‍ക്കു ദോഷമായി ഭവിച്ചേക്കാം. 12 ലെ ചൊവ്വ വിദേശവാസം, വൈകല്യം, വിരഹം എന്നിവയ്ക്ക് കാരണമാകുമ്പോള്‍ എട്ടിലെ ചൊവ്വആയുര്ദോഷം ഉണ്ടാക്കുന്നതിനോടൊപ്പം ധനഭാവത്തിനും ഹാനി വരുത്തുന്നു. ഇങ്ങനെ വിവിധ പാപസ്ഥാനങ്ങളില്‍ നില്ക്കുന്ന ചൊവ്വ, ജാതകനെയും ജീവിതപങ്കാളിയെയും പലതരത്തില്‍ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് ചൊവ്വാദോഷ സൂചനയുള്ള ജാതകത്തെ അതേ സ്ഥാനങ്ങളില്‍ ചൊവ്വ സ്ഥിതി ചെയ്യുന്ന ജീവിതപങ്കാളിയെത്തന്നെ പൊരുത്തശോധനയില്‍ ആവുന്നത്ര പരിഗണിക്കണമെന്നു പറയുന്നത്. സജാതിയും സജാതീയത്തെ കീഴടക്കി (ദോഷത്തെ) നിര്‍വീര്യമാക്കുമെന്ന ശാസ്ത്ര സത്യമാണ് ഇവിടെഅവലംബമാക്കുന്നത്.
സാമൂഹിക ജീവിയായ മനുഷ്യന്റെ സാംസ്കാരിക ജീവിതവ്യവസ്ഥയിലെ ഉദാത്ത മാതൃകയായ കുടുംബ സങ്കല്പ്പത്തിന് കളങ്കമേല്ക്കാതെ മനുഷ്യത്വവും മനുഷ്യാവകാശവും സംസ്കാരവും സമ്യക്കായി ഏകത്ര കൂടിച്ചേര്‍ന്ന ശാന്തികരമായ ജീവിതം നയിക്കാന്‍ എല്ലാവരും ഒരുപോലെ വിധിക്കപ്പെട്ടിരിക്കുന്നു. ആരെയൊക്കെയോ എന്തിനെയൊക്കെയോ ശപിച്ചും പഴി പറഞ്ഞും നിരാശയുടെ അന്ധകാരപ്പരപ്പില്‍ അനന്തമായി വിരമിക്കുന്നതില്‍ അര്‍ത്ഥമില്ല. വിഘ്നങ്ങളെ നിവാരണം ചെയ്യാനുള്ള പ്രകാശഗോപുരത്തിന്റ വാതില്‍ തുറന്നു വ്യാപിക്കാന്‍ അനുഗ്രഹിക്കപ്പെട്ട അജയ്യശക്തി വിനിയോഗിക്കാന്‍ ജാഗ്രത്താകണം.
ഋഗ്വേദത്തിലെ പുരുഷ സൂക്തം
“സഹസ്ര ശീര്ഷാഃ പുരുഷഃ
സഹസ്രാക്ഷഃ സഹസ്രപാദ്!
എന്നു തുടങ്ങുന്നതു ശ്രദ്ധിക്കുക. ഇവയുടെ വ്യാപകാര്‍ത്ഥത്തിന്റെ സാരാംശം വിദ്യുഛക്തി പോലെ ആവഹിക്കുന്ന പുരുഷന് (മനുഷ്യന്) അമൃതമയനാണ് എന്താണ് അസാദ്ധ്യം?. വിവിധതരത്തില്‍ ഇന്ന് വിവാഹം നടക്കുന്നു. അവയെല്ലാം ഇവിടെ വിവരിക്കേണ്ട ആവശ്യമില്ല. എല്ലാ അര്‍ത്ഥത്തിലും വ്യവസ്ഥാപിത മാര്‍ഗത്തില്‍ (ജാതക പരിശോധന ഉള്‍പ്പെടെ നടത്തി) നിശ്ചയിച്ചുറപ്പിക്കുന്നതും മനഃപ്പൊരുത്തം, ചക്ഷുഃപ്രീതി എന്നിവയെ ആശ്രയിച്ചുമാണ് വിവാഹങ്ങള്‍ മുഖ്യമായും നടക്കുന്നത്. വിവാഹമോചനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സ്ഥിതിവിവരക്കണക്കുകള്‍ അമ്പരപ്പും അസ്വസ്ഥതയും ഉളവാക്കുന്നു. പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നത് വേറെ. വിവാഹത്തിന് തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗമേതായാലും അടുത്തറിയുമ്പോള്‍ ഉടലെടുക്കുന്ന വൈപരീത്യങ്ങളാണ് എല്ലാ വേര്‍പിരിയലിന്റെയും അടിസ്ഥാന കാരണം. നിശ്ചയിച്ചുറപ്പിക്കുന്ന വ്യവസ്ഥാപിത മാര്‍ഗങ്ങളില്‍ ശാസ്ത്രതത്വങ്ങള്‍ക്ക് വിരുദ്ധമായി,സ്പഷ്ടമായ ദുഃസൂചനകള്‍ ജാതകത്തില്‍ കണ്ടാല്‍ അതു മറച്ചു വച്ചുകൊണ്ട് മറ്റു ജാതകവുമായി പൊരുത്തപ്പെടുത്തിയെടുക്കാന്‍ ജ്യോതിഷിക്ക് അനുവാദമില്ല. ഈ തത്വത്തിന്റെ അവഗണനയും നിരാസവുമാണ് നിശ്ചയിച്ചുറപ്പിച്ചു നടത്തുന്ന വിവാഹങ്ങളില്‍ വേര്‍പിരിയലിനു നിര്‍ബന്ധിതമാകുന്ന പ്രധാനഘടകങ്ങള്‍. ദുഃസ്ഥാനങ്ങളില്‍ നില്ക്കുന്ന ചൊവ്വ സ്ത്രീ പുരുഷന്മാരുടെ മാനസികവും ജൈവികവുമായ ഘടകങ്ങളെ അതിശക്തമായി സ്വാധീനിക്കുന്നു. അപ്രതീക്ഷിതവും അവിചാരിതവുമായി ഉടലെടുക്കുന്ന സംഘര്‍ഷങ്ങള്‍ അനിയന്ത്രിതമാകുമ്പോള്‍ അതിന്റെ ആഘാതത്തില്‍ ഒരിക്കലും വിരോപണം നടത്താന്‍ കഴിയാത്ത മുറിവുകള്‍ ദമ്പതിമാര്അന്യോന്യം ഏല്‍പ്പിക്കുന്നു. ഇതാണ് വേര്‍പിരിയലിന്റെ തത്ത്വശാസ്ത്രം. ഇതിന്റെ വേരുകള്‍ അവരുടെ ജാതകം പരിശോധിച്ചാല്‍ ചൊവ്വാദോഷത്തിന്റെ രൂപത്തില്‍ (ഗ്രഹപ്പിഴവുകളുടെയും) സംശയരഹിതമായി കാണാന്‍ കഴിയും. പൊരുത്തശോധനയ്ക്ക് വിധേയരാകുന്ന സ്ത്രീപുരുഷ ജാതകങ്ങളില്‍ പങ്കാളിക്ക് ദോഷം വരുത്തിയേക്കാവുന്ന സ്പഷ്ടമായ സൂചനകള്‍ ശാസ്ത്രരീത്യാ ലഭിച്ചാല്‍ ഇരുകൂട്ടര്‍ക്കും യുക്തിസ്സഹവും വിശ്വസനീയവുമായ വിധത്തില്‍ ബോധവല്‍ക്കരണവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നത് ഫലപ്രദമായേക്കാം. നിഴലുകളില്‍ ആധാരമായ വസ്തുക്കള്‍ ഉണ്ടെന്നുള്ളത് നിശ്ചയം. ദോഷങ്ങളെക്കുറിച്ച് മുന്നറിയിവുണ്ടായാല് പ്രതിരോധിക്കുന്നതിനു തീര്‍ച്ചയായും ശക്തിയാര്‍ജ്ജിക്കാന്‍ കഴിയും. അക്ഷീണവും അനുക്ഷണ വികസ്വരവുമായ ബുദ്ധിയാണു ലക്ഷ്യപ്രാപ്തിക്ക് കവചമാക്കേണ്ടത്. സൂക്ഷ്മപരിശോധനയില്‍ കടുത്ത ചൊവ്വാദോഷം ഗ്രഹനിലയില്‍ ഒരുപോലെ സ്പഷ്ടമാകുന്ന ജാതകര്‍ക്ക് പരസ്പരം അടുത്തറിയാനുള്ള സംസ്കാരോചിതമായ ഒരുമ വലിയഗുണം ചെയ്യും. ഇണക്കാവുന്ന കണ്ണികളുടെ മനഃപൊരുത്തവും ചക്ഷുഃപ്രീതിയും അനുഗ്രഹമാകും. ഉത്തമ ജീവിത മൂല്യങ്ങള്‍ വച്ചുപുലര്‍ത്തുന്ന വിദ്യാസമ്പന്നരും അധികാര കേന്ദ്രങ്ങളുമായ രക്ഷാകര്ത്താക്കള് ഇത്തരമൊരാശയത്തിന്റെ പ്രായോഗിക ചിന്തയ്ക്ക് പ്രേരകമായിട്ടുണ്ട്. ഇവിടെ ആരും ആരെയും നിര്‍ബന്ധിക്കുകയോ എന്തെങ്കിലും മറച്ചു വയ്ക്കുകയോ ചെയ്യുന്നില്ല. സുതാര്യതയുടെ നൈസര്‍ഗികതയില്‍ രൂപപ്പെടുന്ന ദൃഢമായ ബന്ധം. വ്യാപകമായ അര്‍ത്ഥത്തില്‍ പ്രാചീന ഭാരതത്തിലെ സ്വയംവര സങ്കല്പം ഇതില്‍ നിന്നും അല്‍പ്പം പോലും വിഭിന്നമല്ല. ഇത് പഴഞ്ചനോ പിന്തിരിപ്പനോ ആയ ആശയം അല്ല. കേവലമായ സദുദ്ദേശമാണ് ഇതിന്റെ ആണിക്കല്ല്. ഇവിടെ ബന്ധങ്ങള്‍ ശിഥിലമാകുന്നില്ല. യുവതീയുവാക്കള്‍ അഭിരുചികള്‍ മുന്‍കൂട്ടി അറിയുന്നതുകൊണ്ട് ആശയപരവും അഭിപ്രായപരവുമായ സംഘര്‍ഷങ്ങള്‍ക്ക് സ്ഥാനമില്ല. ചേരേണ്ടതില്‍ ചേര്‍ച്ച മാത്രം. സ്വയംവരമണ്ഡപത്തില്‍ എത്തുന്ന വരന് കന്യകയുടെ ഗുണഗണങ്ങളെല്ലാം മനഃപാഠമാക്കി ഉത്സാഹഭരിതനായിരിക്കും. സ്വയംവര വധുവും അപ്രകാരം ആയിരിക്കും. കൂടുതലറിയാന്‍ ഉണ്ടെങ്കില്‍ കതിര് മണ്ഡപത്തിലേക്ക് ആനയിക്കുന്ന സുഹൃത്ത് ഒരു പിആര്‍ഒ ആയി സഹായിക്കും. ബന്ധുക്കളും അഭ്യുദയകാംക്ഷികളും വേണ്ടപ്പെട്ടവരുമെല്ലാം സന്നിഹിതരായിരിക്കും. ഒരു വ്യത്യാസം മാത്രമേയുള്ളൂ ജാതകപ്പൊരുത്തശോധന സാങ്കേതികമായി ഇവിടെ പരിഗണിക്കപ്പെടുന്നില്ല. എല്ലാ അര്‍ത്ഥത്തിലും സാംസ്കാരികവും മാനസികവുമായ ഐക്യത്തിനേ സ്ഥാനമുള്ളൂ. പ്രകൃതി സഹജമായ ഈ കര്‍മ്മത്തില്‍ എന്താണ് ശാസ്ത്രവിരുദ്ധമായിട്ടുള്ളത്. മറ്റു മാര്‍ഗങ്ങളെല്ലാം കൊട്ടിയടക്കപ്പെടുമ്പോള്‍ തങ്ങളുടേതായ പരിമിതികളില്‍ ഒതുങ്ങി നിന്നു കൊണ്ട് അഭിമാനത്തോടെ ഈ ലോകത്തു അവര്‍ക്കും ജീവിക്കേണ്ടേ?
സര്‍വ്വരാലും വെറുക്കപ്പെട്ടും തഴയപ്പെട്ടും നിന്ദാപമാനങ്ങള്‍ ബന്ധുക്കളില്‍ നിന്നു പോലും ഏറ്റുവാങ്ങിയും ശാപം പേറി മനസ്സു തകര്‍ന്ന് കഴിയുന്നവര്‍ക്ക് മനഃപൊരുത്തവും ചക്ഷുഃപ്രീതിയും യോഗാത്മകമായി ലയിച്ചു ചേര്‍ന്ന ‘സ്വയം വര സങ്കല്പം ‘ ജീവിത സ്വപ്നങ്ങള്‍ക്കു സാക്ഷാത്കാരം നല്കുമെങ്കില് സ്വീകാര്യമല്ലേ? വിദ്യാഭ്യാസം തൊഴില്‍ സംസ്കാരം, കുലമഹിമ, വ്യക്തിപ്രഭാവം എല്ലാം പരസ്പരമറിയുന്ന യുവതീയുവാക്കള്‍ ജീവിതയാത്രയില്‍ ഒരുമിക്കുന്നത് എല്ലാവര്ക്കും സംതൃപ്തി നല്‍കേണ്ട കാര്യമാണ്.
പ്രകൃതിയുടെ ചുമരുകളോളം പറന്നു പറന്നു ചെന്നെത്താന്‍ ശാന്തിയുടെയും സമാധാനത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും സംസ്കാര സമ്പന്നമായ ഒരു തലമുറ ഇവിടെ പിറവികൊളളും. പ്രകാശ പൂര്‍ണ്ണമായ ബുദ്ധിയോടെ ചിന്തിക്കേണ്ടവിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: