ബിഗ് ബോസ് മലയാളം സീസൺ ആറ് പത്താം ആഴ്ചയിലേക്ക് കടന്നു. മത്സരാർത്ഥികൾക്ക് ഇത് വളരെ നിർണായകമായ സമയമാണ്. ഇപ്പോൾ ശ്രമിച്ചാൽ മാത്രമെ ടോപ്പ് ഫൈവിലേക്കും വിജയത്തിലേക്കും എത്താൻ സാധിക്കുകയുള്ളു. മത്സരം ശക്തമാകുന്നതിന്റെ സൂചന വീക്കന്റ് എപ്പിസോഡിൽ നൽകി കഴിഞ്ഞു. ഇനിയങ്ങോട്ട് പവർ റൂം ഉണ്ടാകില്ലെന്നാണ് മോഹൻലാൽ ഇക്കഴിഞ്ഞ വീക്കെന്റ് എപ്പിസോഡിൽ പറഞ്ഞത്. ഇപ്പോൾ ഹൗസിൽ പതിമൂന്ന് മത്സരാർത്ഥികളാണ് അവശേഷിക്കുന്നത്.
അതുപോലെ തന്നെ ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കും ആരംഭിച്ചു. ബിഗ് ബോസ് മലയാളം തുടങ്ങിയപ്പോൾ മുതൽ അവതാരകൻ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മോഹൻലാലാണ്. എന്നാൽ വിവാദങ്ങളുണ്ടാകുമ്പോൾ എപ്പോഴും പ്രേക്ഷകർ അടക്കം പറഞ്ഞ് കേൾക്കുന്ന ഒന്നാണ് മോഹൻലാൽ എപ്പിസോഡ് കാണാതെയാണ് വീക്കെന്റ് എപ്പിസോഡ് ആങ്കർ ചെയ്യാൻ എത്തുന്നത് എന്നത്.
ഈ തിരക്കിനിടയിൽ മോഹൻലാലിന് അതിനൊന്നും സമയമുണ്ടാകില്ലെന്നും പ്രേക്ഷകരിൽ ഒരു വിഭാഗം പറയാറുണ്ട്. എന്നാൽ സത്യം അതല്ലെന്ന് പറയുകയാണ് ഇപ്പോൾ സീസൺ മൂന്നിന്റെ ഷോ ഡയറക്ടറായിരുന്ന ഫൈസൽ റാസി. മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഗ് ബോസ് ഷോ മാത്രമല്ല നിരവധി പരസ്യ ചിത്രങ്ങളുടെ പിന്നണിയിലും ഫൈസൽ പ്രവർത്തിച്ചിട്ടുണ്ട്. ഫൈസലിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം… ‘മൂന്ന് മാസത്തേക്കുള്ള വലിയൊരു ഷോയാണ് ബിഗ് ബോസ്.’
‘ഈ ഷോ ഹിറ്റാക്കാൻ പല കളികളും ബിഗ് ബോസ് കളിക്കും അത് അങ്ങനെയാണ് മനസിലാക്കേണ്ടത്. ബിഗ് ബോസിൽ പോയവർ ഷോയെ കുറ്റം പറയുന്നത് ശരിയല്ല. അവർക്ക് ഇതുവരെയും ഷോയെ മനസിലായിട്ടുണ്ടാവില്ല. ഓരോ സീസൺ കഴിയുമ്പോഴും പുതിയ സീസൺ വരും. അപ്പോൾ തൊട്ടുമുമ്പുള്ള സീസണിലുള്ളവർക്ക് ഒരു സർവൈവൽ ഇഷ്യു വരുന്നുണ്ടാകാം. അതിന്റെ ഭാഗമായിരിക്കാം ആരോപണങ്ങൾ.’
‘മോണിറ്റേഡായിട്ടുള്ള ഒരു ഷോയാണ്. അവിടെ ഒരാൾക്ക് ഒറ്റയ്‌ക്ക് ഡിസിഷൻ എടുക്കാൻ പറ്റില്ല. ഒരു കണ്ടസ്റ്റന്റിന് ഒരു ക്യാമറമാൻ എന്ന രീതിക്ക് എപ്പോഴും മോണിറ്ററിങ്ങുണ്ടാകും. ലാലേട്ടൻ എപ്പിസോഡുകൾ കാണാറുണ്ടോയെന്നത് വളരെ ഇംപോർട്ടന്റായ ഒരു ചോദ്യമാണ്. അദ്ദേഹം കാണാറുണ്ട്. ഏത് കാര്യം കൊടുത്താലും അതിൽ നൂറ് ശതമാനം ആത്മാർത്ഥത കാണിക്കുന്ന വ്യക്തിയാണ് അദ്ദേഹം. നമ്മൾ ചിലപ്പോൾ കാണാതെപോയെ കാര്യങ്ങൾ പോലും ലാൽ സാർ ശ്രദ്ധിച്ചിട്ടാണ് വരുന്നത്.’
‘ഷോ അത്രത്തോളം കാണാറുണ്ട് അദ്ദേഹം. ഫ്ലൈറ്റിലിരുന്നും കാറിലിരുന്നും ഹോട്ടലിലിരുന്നുമെല്ലാം അദ്ദേഹം എപ്പിസോഡുകൾ കാണുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു ദിവസം ഒരു മണിക്കൂർ ഷോ കാണുക എന്ന കാര്യം ലാൽ സാർ ചെയ്തിട്ട് തന്നെയാണ് വീക്കെന്റ് എപ്പിസോഡിന് തയ്യാറായി വരുന്നത്.’
ബിഗ് ബോസ് അല്ലാതെ ഒരുപാട് പരസ്യങ്ങൾ അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുണ്ട്. ലാലേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നവർക്കെല്ലാം അറിയാം ഒരു കാര്യം ഏൽപ്പിച്ചാൽ എത്ര വൃത്തിയായി അദ്ദേഹം അത് ചെയ്യുമെന്നത്. ഷോ കാണാതെ വന്ന് ചെയ്യുന്ന ഉത്തരവാദിത്വമില്ലാത്തയാളല്ല ലാൽ സാർ. എപ്പിസോഡ് കാണാൻ അദ്ദേഹം സമയം കണ്ടെത്താറുണ്ടെന്നാണ്’, ബിഗ് ബോസുമായും അവതാരകൻ മോഹൻലാലുമായും ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ഫൈസൽ പറഞ്ഞത്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സീസണിലെ മത്സരാർത്ഥിയായ രസ്മിൻ ഭായ് ഒരു വീക്കെന്റ് എപ്പിസോഡിൽ സംസാരിക്കവെ ലാൽ സാർ എപ്പിസോഡ് കണ്ടിട്ടുണ്ടാകുമോയെന്ന് എനിക്ക് അറിയില്ലെന്ന് മോഹൻലാലിനോട് സംസാരിക്കവെ പറഞ്ഞത് വിവാദമായിരുന്നു. അന്ന് മോഹൻലാൽ പോലും ശക്തമായി പ്രതികരിച്ചിരുന്നു.
പിന്നീട് മോഹൻലാൽ വിഷു ദിനത്തിൽ ഹൗസിൽ എത്തിയപ്പോൾ രസ്മിൻ അതിന് സ്വമേധയാ മാപ്പ് പറയുകയും ചെയ്തിരുന്നു. പൊതുവെ വിവാദങ്ങളോട് പ്രതികരിക്കാൻ തയ്യാറാവാത്ത നടനാണ് മോഹൻലാൽ. എന്ത് വിഷയം വന്നാലും ശാന്ത സ്വഭാവത്തോടെയാണ് മോഹൻലാൽ സമീപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: