തൃശൂർ: സ്‌കൂള്‍ തുക്കലിന് മുമ്പേ കുടവിപണിയും ഉണര്‍ന്നു. കടുത്തചൂടാണ് കുടവിപണി നേരത്തേ തന്നെ സജീവമാക്കിയത്. പകല്‍ പൊള്ളിത്തുടങ്ങിയതോടെ ഇത്തവണ മാര്‍ച്ച് മുതല്‍ കുടകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഡിമാന്‍ഡ് ഏറിയതിനെ തുടര്‍ന്ന് വിപണിയില്‍ ഇടക്കാലത്ത് ക്ഷാമവും നേരിട്ടു. സ്‌കൂള്‍വിപണി ലക്ഷ്യമാക്കി കമ്പനികള്‍ അസംസ്‌കൃത വസ്തുക്കള്‍ കരുതിയതിനാല്‍ ഉത്പാദനം കൂട്ടി പ്രതിസന്ധി പരിഹരിച്ചു.
രണ്ടുമാസം മുമ്പ് തന്നെ വിപണി ഉണര്‍ന്നതിനാല്‍ വരുന്ന ആഴ്ചകളില്‍ ആരംഭിക്കുന്ന പതിവ് സീസണില്‍ കച്ചവടത്തെ ബാധിക്കുമോ എന്ന ആശങ്കയും വ്യാപാരികള്‍ക്കുണ്ട്. മഴവില്‍കുട, കൊറിയന്‍ മ്യൂസിക് ബാന്‍ഡിന്റെ ഡിസൈനിലുള്ള ബി.ടി.എസ് കുടകള്‍, പ്രിന്റഡ് കുടകള്‍ എന്നിങ്ങനെ നീളുന്നു കുടകളിലെ വൈവിധ്യങ്ങള്‍. 280 മുതല്‍ 2000 രൂപവരെ വിലയുള്ള കുടകള്‍ വിപണിയിലുണ്ട്.
കൊച്ചുകുട്ടികളെ ആകര്‍ഷിക്കുന്ന കാര്‍ട്ടൂണ്‍കഥാപാത്രങ്ങളുടെ ഡിസൈനുകളിലുള്ള ബ്രാന്‍ഡഡ് കുടകള്‍ക്ക് 350 രൂപ മുതലാണ് വില. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 100 രൂപയോളം കുടകള്‍ക്ക് വിലവര്‍ധിച്ചു. മൂന്ന്, അഞ്ച് ഫോള്‍ഡുകളുള്ള കുടകള്‍ക്കും പ്രായവ്യത്യാസമില്ലാതെ ഉപയോഗിക്കുന്ന കാലന്‍കുടകള്‍ക്കും ആവശ്യക്കാര്‍ ഏറെ. ത്രീഫോള്‍ഡ് കുടകളുടെ വിവിധ മോഡലുകളുമായി വന്‍കിട കമ്പനികളും വിപണിയില്‍ വരവറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: