പൊന്‍കുന്നം: കേരളത്തെ ഏറെ സ്നേഹിച്ച സുശീല്‍കുമാര്‍, ജീവിത പങ്കാളിയാക്കിയതും മലയാളി പെണ്‍കുട്ടിയെ. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ സുശീല്‍ കുമാര്‍ മോദി കൂടെക്കൂട്ടിയത് പൊന്‍കുന്നം സ്വദേശിനി ജെസി ജോര്‍ജ്ജിനെ.
പൊന്‍കുന്നം ടൗണില്‍ പഴയ ചന്തക്ക് സമീപം അഴീക്കല്‍ കുടുംബാംഗം. ജെസിയുടെ മാതാപിതാക്കള്‍ മുംബൈ മലയാളികളാണ്. ജെസി ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്.
അന്യമത വിവാഹത്തിന് കടുത്ത എതിര്‍പ്പുകള്‍ നിലനിന്നിരുന്ന 80കളിലായിരുന്നു ഇരുവരുടെയും പ്രണയവും വിവാഹവും. വിവാഹശേഷം മോദിയുമൊത്ത് പല തവണ ജെസി പൊന്‍കുന്നത്ത് കുടുംബ വീട്ടിലെത്തി. ജെസിയുടെ അച്ഛന്റെ ഇളയ സഹോദരനായിരുന്നു കുടുംബ വീട്ടില്‍ താമസം. പിന്നീട് ഇവര്‍ ഇവിടെ നിന്നും താമസം മാറിയപ്പോള്‍ സന്ദര്‍ശനം കോട്ടയത്ത് കഞ്ഞിക്കുഴിയിലുള്ള ജേക്കബ് റെസറ്റിന്റെയും മാധവന് പടിയിലുള്ള ജോയ്സിന്റെയും വീട്ടിലേക്കായി. ജെസിയുടെ അച്ഛന്റെ സഹോദരി പുത്രനാണ് ജേക്കബ്. മറ്റൊരു സഹോദരി പുത്രിയാണ് ജോയ്സ്. ജോയ്സിന്റെ ഭര്‍ത്താവ് വര്‍ക്കി രാജന് പൊന്‍കുന്നം വര്‍ക്കിയുടെ മകനാണ്.
വിവാഹശേഷം ബിഹാറില്‍ കോളജ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു ജെസി. ജെസിയുടെ ബിഹാറിലെ വീട്ടില്‍ ജേക്കബ് രണ്ടു തവണ പോയിട്ടുണ്ട്. മരണവിവരം ജെസി വിളിച്ച് അറിയിച്ചിരുന്നുവെന്ന് ജേക്കബ് പറഞ്ഞു. സംസ്കാര ചടങ്ങുകള്‍ പെട്ടെന്നായതിനാല്‍ പങ്കെടുക്കാനായില്ല, മരണാനന്തര ചടങ്ങുകളില്‍ കുടുംബാംഗങ്ങള്‍ പങ്കെടുക്കും.
സുശീല്‍ കുമാര്‍ മോദി മലയാളികളോട് ഏറെ സ്നേഹമുള്ളയാളായിരുന്നുവെന്ന് ജേക്കബ് ഓര്‍ക്കുന്നു. മോദിയുമായുള്ള ബന്ധം അറിയാവുന്ന പലരും സഹായത്തിനായി ഇവരെ സമീപിച്ചിട്ടുണ്ട്. വിവരം മോദിയെ വിളിച്ചു പറഞ്ഞാല്‍ അപ്പോള്‍ തന്നെ അദ്ദേഹം സഹായം എത്തിച്ചിരുന്നതായി ജേക്കബ് പറഞ്ഞു.
ഒരു ട്രെയിന്‍ യാത്രയിലാണ് ഇവരുടെ പ്രണയം മൊട്ടിട്ടത്. നാഗ്പൂരില്‍ ഗവേഷണ കാലയളവില്‍ ഒരു കാമ്പസിലായിരുന്നു രണ്ടു പേരും. വ്യത്യസ്ത വിഷയങ്ങള്‍ ആയിരുന്നതുകൊണ്ട് രണ്ട് വിഭാഗത്തിലായിരുന്നു. ഒന്നിച്ചായിരുന്ന ട്രെയിന്‍ യാത്രകളാണ് ഇരുവരെയും പരിചിതരാക്കിയത്.
ജെസി ജോര്‍ജ്ജ് മുംബൈ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി സംഘടിപ്പിച്ച യാത്രയുടെ ഭാഗമായി കശ്മീരിലേക്ക് ട്രെയിനില്‍ പോകുകയായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുംബൈയിലെ എബിവിപി ആസ്ഥാനത്ത് എത്തിയ ശേഷം സുശീലിന്റെ മടക്കയാത്ര ഇതേ ട്രെയിനിലായിരുന്നു. അന്നായിരുന്നു ഇരുവരും പ്രണയത്തിലായത്. പി
ന്നീട് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. ഇരു കുടുംബത്തില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നെങ്കിലും ഇരുവരും തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: