ന്യൂദല്‍ഹി: ബിഹാറില്‍ ബിജെപിയുടെ എല്ലാമെല്ലാം ആയിരുന്ന സുശീല്‍ കുമാര്‍ മോദി 1952 ജനുവരി അഞ്ചിനാണ് ജനിച്ചത്. അച്ഛന് മോട്ടിലാല്‍ മോദി. അമ്മ രത്നാ ദേവി. 73ല്‍ ബോട്ടണിയില്‍ ബിരുദം നേടി. പാട്ന യൂണിവേഴ്സിറ്റിയില്‍ എംഎസ്സിക്ക് ചേര്‍ന്നുവെങ്കിലും ജയപ്രകാശ് നാരായണന്റെ ആകര്‍ഷണവലയത്തില്‍പ്പെട്ട് പഠനം ഉപേക്ഷിച്ച് ലോക സംഘര്‍ഷ സമിതിയില്‍ ചേര്‍ന്നു.
1986 ആഗസ്ത് 13നാണ് മുംബൈയില്‍ സ്ഥിരതാമസമുറപ്പിച്ച കോട്ടയം പൊന്‍കുന്നത്തുനിന്നുള്ള കുടുംബാംഗമായ ജെസി ജോര്‍ജ്ജിനെ വിവാഹം കഴിച്ചത്. സഹപാഠിയായിരുന്നു. സൗഹൃദം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. ജെസി കോളജ് പ്രൊഫസറായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് കരിനിയമമായ മിസ ഉപയോഗിച്ചായിരുന്നു എതിരാളികളെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിശബ്ദരാക്കി ജയിലില്‍ അടച്ചിരുന്നത്. മിസ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തിയത് സുശീല്‍ കുമാര്‍ മോദിയായിരുന്നു. നിയമം ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി സുപ്രീം കോടതി നിയമം റദ്ദാക്കി. 73 മുതല്‍ 77 വരെ അദ്ദേഹത്തെ മിസ നിയമം അടക്കമുള്ള പല നിയമങ്ങളുടെ പേരിലാണ് കേസ് എടുത്ത് ജയിലില്‍ അടച്ചത്. അടിയന്തരാവസ്ഥക്കാലത്ത് 75 ജൂണ്‍ 30നാണ് അറസ്റ്റു ചെയ്തത്. 19 മാസമാണ് അദ്ദേഹം തടവില്‍ കിടന്നത്. അടിയന്തരാവസ്ഥയ്ക്കു ശേഷം എബിവിപിയുടെ ബിഹാര്‍ സംസ്ഥാന സെക്രട്ടറിയായി. 77 മുതല്‍ 86 വരെ എബിവിപിയില്‍ പല ചുമതലകള്‍ വഹിച്ചു. ബിഹാറിലും യുപിയിലും ഉറുദു രണ്ടാം ഭാഷയാക്കിയതിനെതിരെ പ്രക്ഷോഭം നയിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞു കയറ്റത്തിനെതിരെ അതിശക്തമായ പ്രക്ഷോഭം നയിച്ചു, നുഴഞ്ഞു കയറ്റത്തിനെതിരെ ആസാം പ്രസ്ഥാനം തന്നെ തുടങ്ങി.
90 ല്‍ നിയമസഭയിലേക്ക് മത്സരിച്ച് ആദ്യമായി എംഎല്‍എയായി. ബിജെപിയുടെ ചീഫ് വിപ്പായി. 95ലും 2000 ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 96 മുതല്‍ 2006 വരെ ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. കാലിത്തീറ്റ കുംഭകോണത്തിനെതിരെ അദ്ദേഹം നല്കിയ ഹര്‍ജികളിലാണ് ലാലു പ്രസാദ് യാദവിന് നിരവധി കേസുകളില്‍ തടവു ശിക്ഷകള്‍ ലഭിച്ചത്. 2004ല്‍ ഭഗല്‍പ്പൂരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വന്നപ്പോള്‍, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി. ലോക്സഭാംഗത്വം രാജിവച്ചു. ധനമന്ത്രിയും ഉപമുഖ്യമന്ത്രിയുമായി. 2010ലും ഉപമുഖ്യമന്ത്രിയായി. 2017ല്‍ ജെഡിയു ആര്‍ജെഡി മഹാസഖ്യത്തിന്റെ പതനത്തിന് ചരടു വലിച്ചത് അദ്ദേഹമായിരുന്നു. 2020ല്‍ ബിഹാറില്‍ നിന്ന് രാജ്യസഭാംഗമായി.
ബിഹാര്‍ ധനമന്ത്രിയെന്ന നിലയ്ക്ക് ജിഎസ്ടി നടപ്പാക്കാന്‍ നിയുക്തമായ ഉന്നതാധികാര സമതിയുടെ ചെയര്‍മാനായിരുന്നു അദ്ദേഹം.
2023ന്റെ ഒടുവിലാണ് അദ്ദേഹത്തിന് കാന്‍സര്‍ ബാധയുണ്ടായത്. 2024 ഏപ്രിലില്‍ അദ്ദേഹം ഇത് പരസ്യമായി സ്ഥിരീകരിച്ചു. രോഗം മൂര്‍ച്ഛിച്ചതിനാല്‍ ഈ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അദ്ദേഹം സജീവമായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: