ന്യൂദല്‍ഹി: വിവാഹ മോചനക്കേസിന്റെ വക്കാലത്ത് നല്‍കാനെത്തിയ കക്ഷിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ രണ്ട് മലയാളി അഭിഭാഷകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
എം. ജെ ജോണ്‍സണ്‍, ഫിലിപ്പ് കെ.കെ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. മെയ് ആറിന് ഇരുവരും അറസ്റ്റിലായിരുന്നു. 2021ലാണ് കേസിനാസ്പദമായ സംഭവം. വിവാഹ മോചനവുമായി ബന്ധപ്പെട്ട് നിയമസഹായം അഭ്യര്‍ത്ഥിച്ചെത്തിയ യുവതിക്ക് മദ്യം നല്‍കി അഭിഭാഷകര്‍ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
ഭാര്യയെ പോലെ സംരക്ഷിക്കുമെന്നും മകളുടെ വിദ്യാഭ്യാസ ചിലവുകള്‍ നല്‍കാമെന്നും കോഴിക്കോട് വീട് വാങ്ങി നല്‍കാമെന്നും അഭിഭാഷകന്‍ വാഗ്ദാനം നല്‍കിയതായും പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്.
കേസില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഹൈക്കോടതി അഭിഭാഷകര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി. ഇതിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ഡിസംബറില്‍ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്തു. തുടര്‍ന്ന് മെയ് ആറിനാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഒരാഴ്ചയ്‌ക്കകം തന്നെ അഭിഭാഷകര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് പങ്കയ് കുമാര്‍ മിശ്ര എന്നിവരുടെ ബെഞ്ചാണ് ജാമ്യം നല്‍കിയത്.
പ്രതികള്‍ കേസുമായി ബന്ധപ്പെട്ട് സ്വാധീനിക്കാനുള്ള യാതൊരു ശ്രമങ്ങളും നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: