കട്ടപ്പന: പ്രശസ്ത നാടകനടന്‍ കട്ടപ്പന കുന്തളംപാറ മരങ്ങാട്ട് എം.സി. ചാക്കോ(എം.സി. കട്ടപ്പന -75) അന്തരിച്ചു. പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്നു. മുപ്പതോളം നാടകങ്ങളിലായി ഏഴായിരത്തോളം വേദികളില്‍ ചമയമിട്ടു.
2007ല്‍ മികച്ച നാടക നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടി. കൊല്ലം അരീനയുടെ ‘ആരും കൊതിക്കുന്ന മണ്ണ്’ എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു പു
രസ്കാരം. മലയോര കര്‍ഷകരുടെ കണ്ണീരില്‍ കുതിര്‍ന്ന കഥയായിരുന്നു ഇതിവൃത്തം. ഇതില്‍ എം.സി. കട്ടപ്പനയുടെ കര്‍ഷകന്റെ കഥാപാത്രം ഏറെ പ്രശംസ നേടി. 1977ല്‍ ആണ് എം.സി. കട്ടപ്പന പ്രൊഫഷനല്‍ നാടകവേദികളില്‍ അരങ്ങേറ്റം കുറിച്ചത്. ആറ്റിങ്ങല്‍ ദേശാഭിമാനിയുടെ നാടകത്തിലൂടെയുള്ള അരങ്ങേറ്റം. പകല്‍, കാഴ്ച, അമൃതം, പളുങ്ക്, കനകസിംഹാസനം, മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ഇരുപത്തഞ്ചോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
എം.സി. ചാക്കോയില്‍നിന്ന് എം.സി. കട്ടപ്പനയിലേക്കുള്ള കൂടുമാറ്റം ജയിലില്‍ വച്ചായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് അനുഭവിച്ച ജയില്‍വാസമാണ് എം.സി. കട്ടപ്പനയെ നാടകലോകത്തേക്ക് നയിച്ചത്. നാല് ചുമരുകള്‍ക്കുള്ളിലെ ഏകാന്തവാസമാണ് ഉള്ളില്‍ ഒളിഞ്ഞുകിടന്ന അഭിനയവാസന പുറത്തെടുക്കുന്നതിലേക്ക് എത്തിച്ചത്.
അഭിനയമോഹം ഉള്ളില്‍ കൊണ്ടുനടന്ന കാലത്താണ് മൃഗസംരക്ഷണ വകുപ്പില്‍ ക്ലാര്‍ക്കായി ജോലി ലഭിച്ചത്. ഔദ്യോഗിക ജീവിതത്തിനിടയിലും നാടകാഭിനയവും സംവിധാനവും കൊണ്ടുപോയി. പിതാവും സഹോദരങ്ങളും ഇടുക്കിയിലെ കട്ടപ്പനയിലായിരുന്നതിനാല്‍ മണിമലയില്‍ നിന്ന് തന്റെ ജീവിതവും അവിടേക്ക് പറിച്ചുനട്ടു.
സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുമ്പോള്‍ നാടകത്തില്‍ അഭിനയിക്കുന്നവര്‍ പരസ്യപ്രചാരണങ്ങള്‍ക്കായി തന്റെ പേര് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അതിനാല്‍ സ്വന്തം പേരായ എം.സി ചാക്കോയില്‍ നിന്ന് ചാക്കോയെ ഒഴിവാക്കി സ്വന്തം സ്ഥലമായ കട്ടപ്പനയെ പേരിനോടൊപ്പം ചേര്‍ത്തു. മലയോര ജില്ലയില്‍ താമസക്കാരനായി എന്ന കാരണത്താല്‍ മാത്രം സിനിമയുടെയും സീരിയലിന്റെയും വെള്ളിവെളിച്ചത്തേക്ക് കൂടുതല്‍ കടന്നെത്താന്‍ കഴിയാതിരുന്ന കലാകാരനാണ് എം.സി.
കാഴ്ച, പളുങ്ക്, അമൃതം, പകല്‍ എന്നീ സിനിമകളിലും ഏതാനും സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു സമ്മാനം എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്ത എം.സി. കാഴ്ചയിലെ വക്കീല്‍ വേഷത്തിലൂടെയാണ് സിനിമയില്‍ ശ്രദ്ധേയനായത്. തന്റെ കൂടെ വേദികളില്‍ ആടിത്തിമിര്‍ത്തവര്‍ പലരും സിനിമയിലും സീരിയലുകളിലും സജീവമായിട്ടും എം.സി. പിന്മാറി നിന്നിരുന്നതിന്റെ കാരണം നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു.
വേദികളിലൂടെയുള്ള അലച്ചിലിന് ശാരീരികാസ്വാസ്ഥ്യം വിഘാതമാകുന്നതിനാലാണ് അവസാനകാലത്ത് നാടകത്തില്‍ നിന്ന് മാറി നിന്നത്.
2014ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്കാരവും ലഭിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. ഭാര്യ: സാറാമ്മ. മക്കള്‍: ഷീജ, എം.സി. ബോബന്(അമൃത ടിവി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: