കോഴിക്കോട്: മലയാള സിനിമാ രംഗത്തെ ‘കറുത്ത’ ഇടപാടുകളും വ്യവസായ- രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ക്ക് അതിലുള്ള പങ്കാളിത്തവും നടന് മമ്മൂട്ടിക്കുള്ള പങ്കും തുറന്നു പറഞ്ഞ് സിനിമാ സംവിധായികയുടെ ഭര്‍ത്താവും വ്യവസായിയുമായ മുഹമ്മദ് ഷര്‍ഷാദ്.
സംവിധായിക റത്തീനയുടെ ഭര്‍ത്താവാണ് ഷര്‍ഷാദ്. ഇവരുടെ കുടുംബബന്ധം തകര്‍ന്നതും വ്യവസായത്തകര്‍ച്ചയും അതിന് കാരണക്കാരനായ രാജേഷ് കൃഷ്ണ എന്ന, ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘വ്യവസായി’യുടെ സിപിഎം നേതാക്കളുമായുള്ള രഹസ്യ ബന്ധവും തുറന്നു പറയുന്ന ഷര്‍ഷാദ് ഡിവൈഎഫ്ഐയുടെ മാഹി യൂണിറ്റ് മേഖലാ ജോയിന്റ് സെക്രട്ടറിയായിരുന്നു.
റത്തീന സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച ‘പുഴു’ എന്ന സിനിമയുടെ നിര്‍മാണത്തിലും ചില പ്രത്യേക താല്പര്യങ്ങള് ഉണ്ടായിരുന്നുവെന്നും അതിന് മമ്മൂട്ടിയുടെ നിര്‍ബന്ധങ്ങളും ഇടപെടലുകളും ഉണ്ടായിരുന്നുവെന്നും ഷര്‍ഷാദ് മറുനാടന്‍ മലയാളി യൂ ട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
മമ്മൂട്ടിയുടെ മൗനത്തെ വിമര്‍ശിക്കുന്ന ഷര്‍ഷാദ്, സിനിമയുടെ പേരിലും പിന്നിലും നടക്കുന്ന ഇത്തരം മുഴുവന്‍ രഹസ്യ ഇടപാടുകളും മമ്മൂട്ടിക്കറിയാമെന്നും വൈകാതെ തെളിവു സഹിതം അവ പുറത്തറിയിക്കുമെന്നും വിവരിക്കുന്നു.
സുദീര്‍ഘമായ അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ചും ‘പുഴു’വിനെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ വിവാദമായിട്ടുണ്ട്. ഇത് സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചകളും അഭിപ്രായ പ്രകടനങ്ങളും നടക്കുന്നുണ്ട്. മമ്മൂട്ടിയോ മമ്മൂട്ടിക്കുവേണ്ടി ആരെങ്കിലുമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, മമ്മൂട്ടിക്കെതിരേയുള്ള ആരോപണത്തേക്കാള്‍ ഗുരുതരമായ വിഷയങ്ങളാണ് ഷര്‍ഷാദിന്റെ വെളിപ്പെടുത്തലില്‍.
മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അധോലോകത്തിന്റെ സ്വഭാവമാണെന്നാണ് വിശദീകരണങ്ങള്‍. ചില പ്രത്യേക മത- ജാതി വിഷയങ്ങളിലും രാജ്യവിരുദ്ധ കാര്യങ്ങളിലും കേന്ദ്രീകരിച്ച് സിനിമാ നിര്‍മിക്കാന്‍ കൂട്ടുണ്ടാക്കുന്നു, കമ്പനി ഉണ്ടാക്കുന്നു, അതിനായി വിദേശത്തുനിന്ന് കള്ളപ്പണം ഒഴുക്കുന്നുവെന്നാണ് വെളിപ്പെടുത്തലുകള്‍. ഇതിന് ചുക്കാന്‍ പിടിക്കുന്ന പലരില്‍ സുരേഷ് കൃഷ്ണ എന്ന പത്തനംതിട്ടക്കാരനെക്കുറിച്ചാണ് ഷര്‍ഷാദിന്റെ ആരോപണങ്ങള്‍. ഇയാള്‍ നടത്തുന്ന ഇടപാടുകള്‍ പിണറായി വിജയന് സര്‍ക്കാരിന്റെ ആദ്യ കാലത്താണ് വലിയ കുതിപ്പുണ്ടായതെന്നും അതിന് കാരണം സിപിഎമ്മിന്റെ സംരക്ഷണവും പിന്തുണയുമാണെന്നും വിശദീകരണത്തില്‍ പറയുന്നു.
സുരേഷ് കൃഷ്ണയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകനും സിനിമാ സംവിധാന രംഗത്തുള്ളയാളുമായ ശ്യാമിലുള്ള പിടിപാടും നിയന്ത്രണവുമാണ് ഇപ്പോള്‍ മുഖ്യമെന്നും ഷര്‍ഷാദ് പറയുന്നു.
ഷര്‍ഷാദിന്റെ വിവവരണത്തില്‍നിന്ന്: ശ്യാം സംവിധായകന് രഞ്ജിത്തിന്റെ ചീഫ് അസോസിയേറ്റാണ്. ശ്യാമും ഒരു പ്രമുഖ പോലീസ് ഓഫീസറും പ്രധാന വ്യവസായിയുമായി ഉണ്ടാക്കിയ സാമ്പത്തിക ഇടപാടില്‍ ഇടനിലക്കാരായിരുന്നു സുരേഷ് കൃഷ്ണയും ഷര്‍ഷാദും. അതില്‍ ശ്യാം വലിയ തുക കൈക്കലാക്കി.
മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്, സ്പീക്കറായിരുന്ന ഇപ്പോഴത്തെ മന്ത്രി എം.ബി. രാജേഷ്, മന്ത്രിയായിരിക്കെ തോമസ് ഐസക്ക്, എ.എ. റഹിം, എം. സ്വരാജ്, പി.കെ. ബിജു എംപി, ധനമന്ത്രി ബാലഗോപാല്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി തുടങ്ങിയവര്‍ക്ക് സുരേഷ് കൃഷ്ണയുമായി പലതരത്തില്‍ ബന്ധമുണ്ട്. ഇയാളുടെ എല്ലാ ഇടപാടുകളും വിശദമായി രേഖാമൂലം കോടിയേരി ബാലകൃഷ്ണന് എഴുതി വാങ്ങുകയും സിപിഎം സെക്രട്ടറിയേറ്റ് അത് ചര്‍ച്ച ചെയ്യുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍, കുറച്ചുകാലം അടക്കി നിര്ത്തിയതൊഴിച്ചാല് സുരേഷ് കൃഷ്ണ ഇപ്പോഴും ഇടപാടുകള്‍ നടത്തുകയാണ്. ഈ വിഷയത്തില്‍ ഒരു സിപിഎം നേതാവും ഒന്നും ചെയ്യില്ല, കാരണം അവര്‍ക്ക് ഈ സാമ്പത്തിക ഇടപാടുകളില്‍ പങ്കുണ്ടെന്ന് സുരേഷ് കൃഷ്ണ പറഞ്ഞിട്ടുണ്ട്, എന്നിങ്ങനെയാണ് ഷര്‍ഷാദിന്റെ വിവരണങ്ങള്‍.
ഷര്‍ഷാദും റത്തീനയും തമ്മിലുള്ള ബന്ധംപിരിയല്‍ കേസ് അവസാന ഘട്ടത്തിലാണ്. റത്തീനയെ ‘പുഴു’ സിനിമയുടെ സംവിധായികയാക്കിയത് മമ്മൂട്ടിയാണ്. മമ്മൂട്ടി പറഞ്ഞിട്ടാണ് ചെന്നൈയില്‍നിന്ന് റത്തീന കൊച്ചിയില്‍ താമസമാക്കിയത്. ഷര്‍ഷാദുമായും നല്ല ബന്ധത്തിലായിരുന്നു മമ്മൂട്ടി.
സിനിമയിലെ പലരുടേയും കുടുംബ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഇരുകൂട്ടരേയും വിളിച്ചിരുത്തി പരിഹരിക്കാറുള്ള മമ്മൂട്ടി റത്തീനാ- ഷര്‍ഷാദ് വിഷയത്തില്‍ ഒന്നും ചെയ്തില്ലെന്നും ഷര്‍ഷാദ് പറയുന്നു. മമ്മൂട്ടിയുടെ ഈ മൗനം ദുരൂഹമാണ്, ആ രഹസ്യങ്ങള്‍ വൈകാതെ തെളിവു സഹിതം പുറത്തിറിയിക്കുമെന്നും അദ്ദേഹം പറയുന്നു.
മമ്മൂട്ടി വിഷയം മാത്രമാണ് ആളുകള്‍ ഏറ്റു പിടിക്കുന്നത്. എന്നാല്‍, കള്ളപ്പണവും വ്യാജരേഖാ ഇടപാടുകളും സാമ്പത്തിക വഞ്ചനയും രാജ്യവിരുദ്ധ പ്രവര്‍ത്തനവും നടത്തുന്നവര്‍ മലയാള സിനിമയിലുണ്ടെന്നും അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് സര്‍ക്കാരില്‍ പങ്കാളികള്‍ ആണെന്നുള്ളതുമായ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ഉയരുന്നില്ല എന്നതും വിമര്‍ശന വിഷയമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: