മൂന്നാര്‍: മാലിന്യത്തില്‍ മുങ്ങി തെക്കിന്റെ കാശ്മീരെന്നറിയിപ്പെടുന്ന മൂന്നാര്‍. നല്ലതണ്ണി കല്ലാര്‍ എസ്റ്റേറ്റിലുള്ള സ്ഥലത്താണ് മൂന്നാര്‍ പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.
ഇവിടുത്തെ ഗ്രൗണ്ടില്‍ അശാസ്ത്രീയമായി മാലിന്യം തള്ളുന്നതും ഗ്രൗണ്ടിനു ചുറ്റുമതില്‍ ഇല്ലാത്തതുമാണ് വന്യമൃഗങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. പ്ലാന്റില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യം കൃത്യമായി സംസ്കരിക്കാതെ വന്നതോടെ വന്യമൃഗങ്ങള്‍ ഇവ ആഹാരമാക്കുകയാണ്. പടയപ്പയും മറ്റ് രണ്ടാനകളും ഇവിടെ എത്തി പ്ലാസ്റ്റിക്ക് അടങ്ങുന്ന ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്.
ഉപ്പുകലര്‍ന്ന ഭക്ഷണ വേസ്റ്റാണ് ഇവയെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. ഭക്ഷണം തെരഞ്ഞ് കഴിക്കുമ്പോള്‍ ഇതിനൊപ്പമുള്ള പ്ലാസ്റ്റിക്കും വയറ്റിലേക്ക് പോകും. പിന്നീട് ആന ചരിയാനും ഇത് കാരണമാകും. മാലിന്യ പ്ലാന്റിന് സമീപത്തെ ഗ്രൗണ്ടിലാണ് വന്യമൃഗങ്ങള്‍ സ്ഥിരമായി എത്തുന്നത്. ഇവിടെ ആനകള്‍ക്ക് പുറമെ കാട്ടുപോത്തും ഭക്ഷണം തേടി എത്താറുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ പ്ലാന്റിന് സമീപത്തെ ഗ്രൗണ്ടില്‍ വച്ച് കാട്ടാനകള്‍ പ്ലാസ്റ്റിക്ക് മാലിന്യം ഭക്ഷിക്കുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിച്ചത് വിവാദമായിരുന്നു. പിന്നാലെ പ്രശ്നം പരിഹരിക്കാന്‍ ഇടപെടല്‍ ഉണ്ടായി. സര്‍ക്കാരും ഹൈക്കോടതിയും നിര്‍ദേശിച്ചിട്ടും മാലിന്യ സംസ്കരണത്തിന് മാറ്റം വന്നിട്ടില്ല. ആവശ്യമായ സൗകര്യമൊരുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് കാട്ടി പഞ്ചായത്ത് കത്ത് നല്കി. എന്നാല്‍ 4 മാസം പിന്നിട്ടിട്ടും ഇതിന് നടപടിയില്ല.
നല്ലതണ്ണിയില്‍ ആകെ 50 സെന്റ് സ്ഥലമാണ് പഞ്ചായത്തിനുള്ളത്. കൂടുതല്‍ സ്ഥലം ഏറ്റെടുത്ത് നല്കിയാല് പ്ലാന്റ് പണിയാന്‍ തയ്യാറാണെന്ന് അറിയിച്ചാണ് കളക്ടര്‍ക്ക് കത്ത് നല്‍കിയത്. എന്നാല്‍ കളക്ടര്‍ ഇത് സര്‍ക്കാരിന് കൈമാറി.
കണ്ണന് ദേവന് കമ്പനിയുടെ കൈയിലാണ് പ്രദേശത്തെ മറ്റ് സ്ഥലങ്ങള്‍. ഇത് ഏറ്റെടുക്കാന്‍ ശ്രമം ഇല്ലാതെ വന്നതോടെനടപടികളും നിലച്ചു. ഒരു ദിവസം എട്ട് മുതല്‍ 10 ടണ്‍ വേസ്റ്റാണ് പഞ്ചായത്ത് ശേഖരിച്ച് ഇവിടെ എത്തിക്കുന്നത്. വേസ്റ്റ് തരംതിരിക്കാനോ സംസ്കരിക്കാനോ സംവിധാനമില്ലാത്താണ് പ്രധാന പ്രശ്നം. ലോറികളിലെത്തിക്കുന്ന മാലിന്യം ഇവിടെ തള്ളുകയാണ്. ആഴ്ചകളും മാസങ്ങള്‍ വരെയും ഇവ ഇവിടെ ഇത്തരത്തില്‍ കിടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: