കോട്ടയം: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു. പുതുവഴികളാണ് ഇതിനായി സൈബര്‍ തട്ടിപ്പുകാര്‍ കണ്ടെത്തുന്നത്. ഇത്തരം സംഘങ്ങള്‍ക്കായി വന്‍തോതില്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്കുന്നവര്‍ സംസ്ഥാനത്ത് സജീവമാണ്.
മറ്റുള്ളവരുടെ പേരില്‍ സിം കാര്‍ഡ് എടുത്ത് തട്ടിപ്പുസംഘങ്ങള്‍ക്ക് കൈമാറുന്നതാണ് രീതി. സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് നിരന്തരം ബോധവത്കരണം നല്കുന്നുണ്ടെങ്കിലും തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല.
കോട്ടയം ജില്ലയില്‍ സൈബര്‍ കേസുകള്‍ അന്വേഷിക്കുന്നതിന് മാത്രമായി സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനുണ്ട്. ഗുരുതരവും സംഘടിതവുമായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനുമായി ഹൈ-ടെക് ക്രൈം എന്‍ക്വയറി സെല്‍ തന്നെ കേരള പോലീസിനുണ്ട്. മലപ്പുറത്തെ ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം
വിരല്‍ ചൂണ്ടുന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കാണ്.
പുതുതായി സിം വാങ്ങുന്നവരുടെ ബയോമെട്രിക് വിവരങ്ങള്‍ കൈവശപ്പെടുത്തി സിം വാങ്ങിയ ശേഷം നമ്പര്‍ തട്ടിപ്പുസംഘങ്ങള്‍ക്ക് കൈമാറുന്നതായിരുന്നു കേസില്‍ പിടിയിലായ അബ്ദുള്‍ റോഷന്റെ രീതി. വിരലടയാളം കൃത്യമായി പതിഞ്ഞില്ലെന്ന് പറഞ്ഞ് ഒന്നില്‍ കൂടുതല്‍ തവണ ബയോമെട്രിക് രേഖകള്‍ എടുക്കുകയും അതുപയോഗിച്ച് ഉപഭോക്താവ് അറിയാതെ സിം നിര്‍മിക്കുന്നതുമാണ് രീതി. ഈ സിം സൈബര്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുകയും മറ്റുള്ളവരില്‍ നിന്ന് പണം തട്ടുകയും ചെയ്യും. കബളിപ്പിക്കപ്പെട്ടവര്‍ കേസ് കൊടുക്കുകയും അന്വേഷണം ചെന്നെത്തുന്നത് ഏതെങ്കിലും നിരപരാധികളിലേക്കുമാകും. അവര്‍ക്ക് തങ്ങളുടെ പേരില്‍ ഇങ്ങനെയൊരു സിം ഉള്ളതായി പോലും അറിവുണ്ടാകില്ല.
വിവിധ തരം തട്ടിപ്പുകളാണ് സൈബര്‍ ഇടങ്ങളില്‍ വ്യാപകമാകുന്നത്. കേള്‍ക്കുമ്പോള്‍ സത്യമെന്ന് തോന്നും വിധത്തിലായിരിക്കും തട്ടിപ്പുകാരുടെ സമീപനം. നിയമപാലകരെന്ന വ്യാജേനയുള്ള തട്ടിപ്പ്, ട്രേഡിങ് തട്ടിപ്പ്, കസ്റ്റമര്‍ കെയര്‍ നമ്പറിലും തട്ടിപ്പ് ഇതിനെല്ലാം എതിരെ ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് തന്നെ നല്കുന്ന മുന്നറിയിപ്പ്.
തട്ടിപ്പ് പലവിധം
നിയമപാലകരെന്ന വ്യാജേനയുള്ള തട്ടിപ്പ് സിബിഐ, പോലീസ്, ട്രായ്, എന്‍ഐഎ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയവയുടെ പേരില്‍ പോലും ആളുകളെ കബളിപ്പിക്കുന്ന വിരുതന്മാരുണ്ട്. വളരെ ആധികാരികമായാണ് ഇവരുടെ സമീപനം.
നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിയമവിരുദ്ധ ക്രയവിക്രയങ്ങള്‍ നടന്നിട്ടുണ്ടെന്ന് പറയും. പിന്നീട് പരിശോധനയ്‌ക്കായി അക്കൗണ്ടിലെ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടും.
ഇത്തരം സന്ദേശങ്ങളോ കോളോ ലഭിച്ചാല്‍ ഉടന്‍ എടുത്തുചാടി പുറപ്പെടുന്നതിന് മുമ്പ് ഒന്ന് നന്നായി ചിന്തിച്ചാല്‍ തട്ടിപ്പിന് ഇരയാകില്ല. അതേസമയം, ഒരന്വേഷണ ഏജന്‍സിയും പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടില്ല. അവര്‍ക്ക് നിയമവിരുദ്ധ ക്രയവിക്രയങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കാനുള്ള അധികാരമുണ്ട്. ഇതാണ് വസ്തുത.
ട്രേഡിങ് തട്ടിപ്പ്
സമൂഹ മാധ്യമങ്ങള്‍ വഴി സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പുകാര്‍ സമീപിക്കുന്നു. നിക്ഷേപകര്‍ക്കുള്ള വാട്‌സ് ആപ്പ്, ടെലഗ്രാം ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നു. വിശ്വാസം പിടിച്ചുപറ്റി പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു. പിന്നീട് പണം പിന്‍വലിക്കാനാകാതെ കുടുങ്ങുന്നു.
കസ്റ്റമര്‍ കെയര്‍ നമ്പറിലും തട്ടിപ്പ്
കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഗൂഗിളില്‍ തിരയരുത്. ലഭിക്കുന്നത് തട്ടിപ്പ് നമ്പരുകളാകാം. വ്യാജവെബ് സൈറ്റുകള്‍ ഗൂഗിളില്‍ ആദ്യം ലിസ്റ്റ് ചെയ്യുന്ന രീതിയില്‍ തയ്യാറാക്കിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നത്.
ഔദ്യോഗിക സൈറ്റുകളില്‍ നിന്ന് മാത്രം കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍ എന്നിവ ശേഖരിക്കുക.
ലിങ്കുകള്‍ വഴിയും തട്ടിപ്പ്
ബാങ്ക്, കെഎസ്ഇബി, ബിഎസ്എന്‍എല്‍ തുടങ്ങിയവയുടെ കസ്റ്റമര്‍ സര്‍വീസ് എന്ന പേരില്‍ ബന്ധപ്പെടുന്നു. അവര്‍ അയയ്‌ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ലിങ്ക് ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ സ്‌ക്രീന്‍ ഷെയറിങ്ങിലൂടെ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലെത്തും. ബാങ്കുകളുടെ പേരില്‍ വരുന്ന വ്യാജ ലിങ്കുകള്‍
ക്ലിക്ക് ചെയ്യാതിരിക്കുക
ലോണ്‍ ആപ്പ് തട്ടിപ്പ് വ്യവസ്ഥകളില്ലാതെ വായ്പാ തുക അക്കൗണ്ടില്‍ എന്ന വാഗ്ദാനം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ലോണ്‍ ആപ്പ് ശേഖരി
ക്കുന്നു. തിരിച്ചടവ് മുടങ്ങിയാല്‍ വ്യക്തിയുടെ സ്വകാര്യത കവര്‍ന്നെടുത്ത് ഭീഷണിപ്പെടുത്തുന്നു.
ഒടിപി തട്ടിപ്പ്
ഫോണില്‍ വന്നിരിക്കുന്ന ഒടിപി കോഡ് പറഞ്ഞു നല്കണമെന്ന ആവശ്യവുമായി എത്തുന്ന വ്യാജ ഫോണ്‍ കോളുകള്‍ നിരവധി. അക്കൗണ്ട് ഉടമയുടെ ബാങ്ക് വിവരങ്ങള്‍ കൃത്യമായി പറഞ്ഞു ഫലിപ്പിച്ചാണ് തട്ടിപ്പുകാര്‍ കെണിയില്‍ വീഴ്‌ത്തുന്നത്. എടിഎം, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തിരക്കി ഒരു ബാങ്കും വിളിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ചെയ്യേണ്ടത്
തട്ടിപ്പിന് ഇരയാവുകയോ അല്ലെങ്കില്‍ തട്ടിപ്പാണെന്ന് സംശയം തോന്നുകയോ ചെയ്താല്‍ ഉടനടി വിവരം 1930 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കുക. അല്ലെങ്കില്‍ https://www.cybercrime.gov.in എന്ന വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: