ചെന്നൈ: രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാവുന്ന രീതിയില്‍ എല്‍ടിടിഇ വളരുന്നതിനാല്‍ ഈ തമിഴ് തീവ്രവാദസംഘടനയ്‌ക്ക് അഞ്ചു വര്‍ഷത്തേക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് തന്നെ ഭീഷണിയാവുന്ന രീതിയില്‍ എല്‍ടിടിഇ സ്വാധീനം ഉറപ്പിക്കുന്നുണ്ടെന്നും തമിഴ്നാട്ടില്‍ വിഘടനവാദം വളരാന്‍ എല്‍ടിടിഇ കാരണമാകുന്നുണ്ടെന്നും കേന്ദ്രം നിരീക്ഷിക്കുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ചും തമിഴ്നാട്ടില്‍ എല്‍ടിടിഇ തങ്ങളുടെ പിന്തുണ വര്‍ധിപ്പിക്കുന്നതായും കേന്ദ്ര ആഭ്യന്തരമമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട് പറയുന്നു.
1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ (യുഎപിഎ) മൂന്നാം സെക്ഷനിലെ 1,3 സബ് സെക്ഷന്‍ പ്രകാരമാണ് എല്‍ടിടിഇ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നീട്ടിയത്. എല്‍ടിടിഇയെ നിരോധിച്ച നടപടി പുനപരിശോധിക്കണമെന്നും തീരുമാനം പിന്‍വലിക്കണമെന്നുമുള്ള എംഡിഎംകെ പാര്‍ട്ടി ഉള്‍പ്പെടെ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് നിരോധനം നീട്ടികൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.
എല്‍ടിടിഇ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുന്നതായും കേന്ദ്രം കുറ്റപ്പെടുത്തുന്നു.കേന്ദ്ര സര്‍ക്കാരിനും ഭരണഘടനയ്‌ക്കും എതിരെ തമിഴ് ജനതയ്‌ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും തമിഴ്നാട്ടിലേക്ക് ലഹരി -ആയുധക്കടത്തിന് ശ്രമം എല്‍ടിടിഇയിലൂടെ നടക്കുന്നുണ്ടെന്നുമാണ് കേന്ദ്രം പറയുന്നത്.
2009ലെ സൈനിക പരാജയത്തിന് (പ്രഭാകരന്‍ കൊല്ലപ്പെട്ടുതള്‍പ്പെടെ) ശേഷവും ശ്രീലങ്കയില്‍ തമിഴരുടെ സ്വതന്ത്രരാജ്യമായ ‘ഈളം’ സ്ഥാപിക്കുക എന്ന ലക്ഷ്യം ഇനിയും എല്‍ടിടിഇ ഉപേക്ഷിച്ചിട്ടില്ല. ഇതിനായി രഹസ്യമായി ഇവര്‍ ഫണ്ട് ശേഖരണം നടത്തുകയും ആശയപ്രചാരണം തുടരുകയും ചെയ്യുന്നു. അവശേഷിക്കുന്ന എല്‍ടിടിഇ നേതാക്കളും പ്രവര്‍ത്തകരും പഴയ എല്‍ടിടിഇ പ്രവര്ത്തകരെ പുനസംഘടിപ്പിച്ചുവരുന്നതായും കേന്ദ്ര ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: