ന്യൂദൽഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തിൽ മെച്ചപ്പെട്ട പോളിംഗ്. 67.71 ശതമാനം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലും 78 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ജമ്മു കശ്മീരിൽ 40 ശതമാനത്തിനടുത്താണ് പോളിംഗ് രേഖപ്പെടുത്തിയത്. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വിധി നിർണയം നടന്നത്.
അതേസമയം, തെരഞ്ഞെടുപ്പിൽ വൻവിജയമായിരിക്കും ഉണ്ടാകുകയെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജമ്മു കശ്മീരിലെ പോളിംഗ് വർദ്ധനവ് നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൂണ്ടിക്കാട്ടി. 400 കടക്കുമെന്ന് ഉറപ്പായെന്നും വോട്ട് ചെയ്യുന്നവരിൽ കൂടുതൽ ബിജെപി അണികളാണെന്നും പറഞ്ഞ അമിത് ഷാ പോളിംഗ് കുറഞ്ഞതിൽ ആശങ്കയില്ലെന്നും വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11.40 നാണ് മോദി പത്രിക നൽകുന്നത്. എൻഡിഎയിലെ പ്രമുഖ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. പത്രിക സമർപ്പണത്തിന് മുന്നോടിയായി രാവിലെ 10 മണിക്ക് മോദി വാരാണസിയിലെ കാല ഭൈരവ ക്ഷേത്രത്തിലും ദർശനം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക