ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കിരീടത്തിനായി തീ പാറും പോരാട്ടം. ആഴ്സണലും മാഞ്ചസ്റ്റര്‍ സിറ്റിയും ഒപ്പത്തിനൊപ്പം മുന്നേറിക്കൊണ്ടിരിക്കുന്നതിന് ഒരു കുറവും ഇല്ല. നിലവിലെ സ്ഥിതിയില്‍ 37 കളികള്‍ പൂര്‍ത്തിയാക്കിയ ആഴ്സണല്‍ 86 പോയിന്റ് നേടി മുന്നിലെത്തി. 36 മത്സരങ്ങളില്‍ നിന്ന് 85 പോയിന്റുമായി മുന്നിട്ടു നിന്ന സിറ്റിയെ ആണ് മറികടന്നത്. ഞായറാഴ്ച്ചയാണ് പ്രീമിയര്‍ ലീഗിന്റെ അവസാന റൗണ്ട് മത്സരദിനം. ലീഗിലെ അവസാന നിര്‍ണായകമായ അവസാന മത്സരത്തിന് തൊട്ടുമുമ്പുള്ള സിറ്റിയുടെ പോരാട്ടം ഇന്ന് രാത്രി നടക്കും.
ടോട്ടനം ഹോട്ട്സ്പറിനെതിരെ അവരുടെ തട്ടകത്തിലാണ് സിറ്റിക്ക് ഇന്ന് കളി. ജയിച്ചാല്‍ ആഴ്സണലിനെക്കാള്‍ രണ്ട് പോയിന്റ് മുന്നിലെത്താം. കഴിഞ്ഞ വര്‍ഷം മൂന്ന് യൂറോപ്യന്‍ കിരീടങ്ങളുമായി നിറഞ്ഞാടിയ സിറ്റിക്ക് ഈ സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറില്‍ അടിതെറ്റി. സ്പാനിഷ് ക്ലബ് റയലിന്റെ പകരം വീട്ടലില്‍ ടീം പുറത്തേക്ക് തെറിച്ചു. എഫ് എ കപ്പില്‍ ഫൈനലില്‍ കടന്നിട്ടുണ്ട്. വരുന്ന 25നാണ് ഫൈനല്‍. സിറ്റിയുടെ ചിരവൈരികളായ യുണൈറ്റഡ് ആണ് എതിരാളികള്‍. അതിന് മുമ്പേ ടീമിന് സീസണിലെ ഒരു കിരീടമെങ്കിലും ഉറപ്പിക്കാനുള്ള ഏക അവസരമാണ് ഞായറാഴ്ച്ച പൂര്‍ത്തിയാകുന്ന പ്രീമിയര്‍ ലീഗ്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സിറ്റി ആണ് ലീഗ് ടൈറ്റില്‍ നേടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ആഴ്സണല്‍ വലിയ വെല്ലുവിളിയുയര്‍ത്തിയെങ്കിലും സീസണ് അവസാന ഘട്ടത്തിലേക്കെത്തുന്നതിന് ആഴ്ച്ചകള്‍ക്ക് മുമ്പു തന്നെ സിറ്റിക്ക് കിരീടമുറപ്പിക്കാനായി. ടോട്ടനം ഹോട്ട്സ്പറിനെതിരെ ലീഗില്‍ ഇത്തവണ നടന്ന ആദ്യ പോരാട്ടം സമനിലയില്‍ പിരിഞ്ഞു. സ്വന്തം തട്ടകത്തില്‍ സിറ്റിയും ടോട്ടനവും മൂന്ന് ഗോളുകള്‍വീതം നേടി സമനില പാലിക്കുകയായിരുന്നു.
ഇന്നത്തെ മത്സരം ടോട്ടനം ഒരുതരത്തിലും വിട്ടുകൊടുക്കാന്‍ തയ്യാറാകാതെയാകും കളിക്കുക. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ടീം. ആദ്യ നാലിലെത്തി വരും സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നേരിട്ട് യോഗ്യത നേടിയെടുക്കാന്‍ കിട്ടുന്ന അവസരം അവര്‍ പാഴാക്കില്ലെന്ന് ഉറപ്പാണ്.
ഇന്നലെ നടന്ന മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് ആഴ്സണലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് പട്ടികയില്‍ വീണ്ടും മുന്നിലെത്തിയത്. മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ലിയാണ്ട്രോ ട്രോസ്സാര്‍ഡ് നേടിയ ഗോളിലാണ് ആഴ്സണല്‍ വിജയിച്ചത്. യുണൈറ്റഡും നന്നായി പൊരുതിയെങ്കിലും ജയം ആഴ്സണലിനൊപ്പം നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: