പെരുമ്പാവൂർ : പെരുമ്പാവൂരിൽ പതിനായിരങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീമാണ് പരിശോധന നടത്തിയത്. പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് വൻ നിരോധിത പുകയില ശേഖരം കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ആസാം നൗഗാവ് സ്വദേശി നാക്കിബുർ റഹ്മാൻ (22) നെ പോലീസ് അറസ്റ്റ് ചെയ്തു. ആസാമിൽ നിന്ന് കൊണ്ടുവന്ന് രഹസ്യമായി വിൽപ്പന നടത്തിവരികയായിരുന്നു. വൻ തുകയ്‌ക്ക് അതിഥിത്തൊഴിലികൾക്കിടയിലായിരുന്നു വിൽപ്പന.
മഞ്ഞപ്പെട്ടി ജംഗ്ഷനിൽ നിന്നും മൂർഷിദാബാദ് സ്വദേശിനിയായ ഷക്കീന ഖാത്തൂൺ ( 40) നെ 36 ഗ്രാം കഞ്ചാവുമായി പിടികൂടി. വിൽപ്പനയ്‌ക്കായി പൊതികളിലാക്കി വാനിറ്റി ബാഗിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് വിറ്റു കിട്ടിയ 23, 500 രൂപയും കണ്ടെടുത്തു. കഴിഞ്ഞ ദിവസം 93 കുപ്പി ഹെറോയിനുമായി ആസാം സ്വദേശി പെരുമ്പാവൂർ പോലീസ് പിടിയിലായിരുന്നു. മയക്കുമരുന്നിനെതിരെ എസ്.പിയുടെ നേതൃത്വത്തിൽ റൂറൽ ജില്ലയിൽ ഓപ്പറേഷൻ ക്ലീൻ എന്ന പേരിൽ കർശനമായ പരിശോധനയാണ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി ഒരു മാസത്തിനുള്ളിൽ മുന്നൂറിലേറെ ഗ്രാം എം.ഡി.എം.എ യും , പതിനേഴ് കിലോ കഞ്ചാവും ,പതിനഞ്ച് ഗ്രാമോളം ഹെറോയിനും ലക്ഷങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: