ന്യൂദല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ബംഗാളില്‍ കനത്ത പോളിംഗ്-75.66ശതമാനം. ആകെ പത്ത് സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ അഞ്ച് മണിവരെ 62 ശതമാനം പോളിംഗ് നടന്നതായി ഒടുവിലത്തെ കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ മൂന്ന് ഘട്ടങ്ങളില്‍ ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിലായിരുന്നു പ്രധാന പോരെങ്കില്‍ നാലാംഘട്ടത്തില്‍ പ്രാദേശിക പാര്‍ട്ടികളായ വൈഎസ്ആര്‍, ടിഡിപി, ബിആര്‍എസ്, ജെഎംഎം, ബിജെഡി എന്നീ പാര്‍ട്ടികള്‍ കൂടി കളത്തിലുണ്ട്.
ജമ്മു കശ്മീരില്‍ വെറും 35.75 ശതമാനം പോളിംഗ് മാത്രമാണ് നടന്നത്. മധ്യപ്രദേശില്‍ 68.01 ശതമാനവും മഹാരാഷ്ട്രയില്‍ 52.49 ശതമാനവും പോളിംഗ് നടന്നു. മഹാരാഷ്ട്രയില്‍ കുറഞ്ഞ പോളിംഗാണ് ഇത്. ബീഹാറില്‍ 54.01 ശതമാനവും ജാര്‍ഖണ്ഡില്‍ 63.14 ശതമാനവും ഒഡിഷയില്‍ 62.96 ശതമാനവും തെലുങ്കാനയില്‍ 61.16 ശതമാനവും ഉത്തര്‍പ്രദേശില്‍ 56.35 ശതമാനവും പോളിംഗ് നടന്നു.
ബംഗാളില്‍ എട്ട് സീറ്റുകള്‍, മധ്യപ്രദേശ് എട്ട് സീറ്റുകള്‍, ഒഡിഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നാല് വീതം സീറ്റുകള്‍, ജമ്മു കശ്മീരിലെ ശ്രീനഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ഇപ്പോള്‍ വോട്ടെടുപ്പ് നടന്ന 96 മണ്ഡലങ്ങളില്‍ 2009ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ 50 സീറ്റുകളില്‍ വരെ വിജയിച്ചിരുന്നു. പിന്നീട് 2014ല്‍ കോണ്‍ഗ്രസ് വെറും മൂന്ന് സീറ്റുകളിലേക്കും 2019ല്‍ വെറും ആറ് സീറ്റുകളിലേക്കും അധപതിച്ചു. അതേ സമയം ബിജെപി 2009ല്‍ വെറും 10 സീറ്റുകളില്‍ മാത്രമായിരുന്നു വിജയിച്ചതെങ്കില്‍ 2014ല്‍ അത് 38 സീറ്റുകളിലേക്കും 2019ല്‍ അത് 42 സീറ്റുകളിലേക്കും വളര്‍ന്നിരുന്നു.
ആന്ധ്രപ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചാല്‍ പോളിംഗ് സമാധാനപരമായിരുന്നു. ആന്ധ്രയില്‍ വൈഎസ് ആര്‍സിപിയും തെലുഗുദേശവും പരസ്പരം തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതായി ആരോപിച്ചു. പള്‍നാട്, കടപ്പ, അന്നമയ്യ ജില്ലകളിലായിരുന്നു വലിയ പരാതികള്‍ ഉയര്‍ന്നത്.
ഉത്തരേന്ത്യയില്‍ സീറ്റെണ്ണം കുറഞ്ഞാല്‍ അതിനെ മറികടക്കാന്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ആശ്രയിക്കുന്ന ഒരു പ്രധാന സംസ്ഥാനം ഇക്കുറി ആന്ധ്രയാണ്. അവിടെ ചന്ദ്രബാബു നാഡിയുവിന്റെ ടിഡിപിയും പവന് കല്യാണിന്റെ ജനസേനയും ചേര്‍ന്നുള്ള സഖ്യം ഭാഗ്യം കൊണ്ടുവരുമെന്ന് ബിജെപി വിശ്വസിക്കുന്നു. അവിടെ ഭരണത്തിലിരിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് ജനങ്ങള്‍ കൈവിടില്ലെന്ന വിശ്വാസത്തിലാണ്. കടപ്പ സീറ്റെങ്കിലും പിടിക്കാനാണ് വൈ.എസ്. ശര്‍മ്മിളയുടെ പിന്‍ബലത്തോടെ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.
തെലുങ്കാനയില്‍ 17 ലോക് സഭാ സീറ്റുകളില്‍ രണ്ടക്ക സീറ്റുകള്‍ പിടിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ബിആര്‍എസ് ഭരണ പോയതും കെസിആറിന്റെ മകളുടെ അറസ്റ്റും കാരണം ദുര്‍ബലമായി മുന്നോട്ടുപോകുമ്പോള്‍ വോട്ട് ശതമാനം വര്‍ധിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിക്ക്. ചില സീറ്റുകള്‍ പിടിക്കാന്‍ കഴിയുമെന്നും വിശ്വസിക്കുന്നു.
യുപിയില്‍ നാലാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 13 സീറ്റുകളില്‍ 9 എണ്ണത്തിലും ബിജെപി കഴിഞ്ഞ തവണ വിജയിച്ചിരുന്നു. അന്ന് ഇവിടങ്ങളില്‍ 10 ശതമാനം മുതല്‍ 32 ശതമാനം വരെ സീറ്റുകളിലാണ് വിജയിച്ചത്. ഈ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് യോഗി ആദിത്യനാഥ് ആണയിടുന്നു. മായാവതിയുടെ ബിഎസ് പി മത്സരരംഗത്തുള്ളതിനാല്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുടെ വോട്ടുകള്‍ ഭിന്നിച്ചുപോകുന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
മഹാരാഷ്ട്രയില്‍ എന്‍സിപി, ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് മുഖ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: