പട്ന: നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ പട്ന സാഹിബ് ഗുരുദ്വാരയിലെത്തി ചപ്പാത്തി പരത്തിയും ഭക്ഷണം വിളമ്പിയും പ്രധാനമന്ത്രി. പുലർച്ചെ പട്ന സിറ്റിയിലെ തഖത് ശ്രീ ഹരിമന്ദിർജി പട്ന സാഹിബ് ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾക്ക് ശേഷം സ്വയം ഭക്ഷണം ഉണ്ടാക്കാനും അത് വിളമ്പാനും സമയം കണ്ടെത്തുകയായിരുന്നു.
തലയിൽ സിഖ് തലപ്പാവ് അണിഞ്ഞാണ് പ്രധാനമന്ത്രി ഗുരുദ്വാരയിലെത്തിയത്. കറികളും റൊട്ടിയുമൊക്കെ ഉണ്ടാക്കാൻ സഹായിക്കുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോകൾ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ഗുരുദ്വാരകളിൽ പ്രാർത്ഥനയ്‌ക്കൊപ്പം തന്നെ പ്രധാനമാണ് സേവന കർമ്മങ്ങളും. ഇവിടെയെത്തുന്ന സിഖ് വിശ്വാസികൾ സമ്പന്നനെന്നോ സാധാരണക്കാരനെന്നോ വേർതിരിവില്ലാതെ ഇത്തരം സേവന പ്രവർത്തനങ്ങളിലേർപ്പെടാറുണ്ട്.
ഇവിടെയെത്തിയ പ്രധാനമന്ത്രി വിശ്വാസികളുമായി സംവദിക്കുകയും പ്രാർത്ഥനകളിൽ പങ്കെടുക്കുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടിൽ ഗുരു ഗോവിന്ദ് സിങ്ങിന്റെ ജന്മസ്ഥലം അടയാളപ്പെടുത്തുന്നതിനായി മഹാരാജ രഞ്ജിത് സിംഗ് ആണ് തഖാത്തിന്റെ നിർമ്മാണം നടത്തിയത്. സിഖുകാരുടെ അഞ്ച് തഖത്തുകളിൽ ഒന്നാണിത്.
തഖത് ശ്രീ പട്‌ന സാഹിബ്, തഖത് ശ്രീ ഹരിമന്ദിര് ജി, പട്‌ന സാഹിബ് എന്നും അറിയപ്പെടുന്നു.
ഇന്നലെ പട്‌നയിലെത്തിയ പ്രധാനമന്ത്രി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം റോഡ്‌ഷോയിലും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: