മദ്യനയ അഴിമതിക്കേസില്‍ പ്രതിയായി ജയിലിലായിരുന്ന ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിച്ച ഉത്തരവ് പല കോണുകളില്‍നിന്നും വിമര്‍ശിക്കപ്പെടുന്നുണ്ട്. അഴിമതിക്കേസില്‍ പ്രതിയായ ഒരാള്‍ക്ക്, അയാള്‍ ആരുമായിക്കൊള്ളട്ടെ ഇങ്ങനെയൊരു വഴിവിട്ട ആനുകൂല്യം നല്‍കാമോയെന്നതാണ് പ്രധാന പ്രശ്നം. മുഖ്യമന്ത്രിയാണെന്ന കാരണത്താല്‍ കേജ്രിവാളിന് ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും, നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യമാണെന്ന ഭരണഘടനാ തത്വത്തിന് എതിരാണിതെന്നും കേജ്രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കേജ്രിവാളിന് ജാമ്യം നല്‍കുന്നത് രാഷ്ട്രീയ നേതാവെന്ന നിലയ്ക്കുള്ള വിശേഷവകാശമല്ലെന്നും, കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണെന്നും കോടതി പറഞ്ഞത് ആര്‍ക്കും തൃപ്തികരമായി തോന്നിയിട്ടില്ല. ഇതിന് ശരിയായ കാരണങ്ങളുമുണ്ട്. എന്താണ് കേജ്രിവാള് ഉള്‍പ്പെട്ട അഴിമതിക്കേസിന്റെ സ്വഭാവം? മദ്യനയ അഴിമതിക്കേസില്‍ കേജ്രിവാളിന്റെ മന്ത്രിസഭാംഗങ്ങള്‍ ഉള്‍പ്പെടെ മറ്റു പലരും പ്രതികളാണ്. സുപ്രീംകോടതിയെ സമീപിച്ചിട്ടുപോലും അവരില്‍ പലര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല. അഴിമതിയുടെ മുഖ്യ ഗൂഢാലോചനക്കാരനാണ് അരവിന്ദ് കേജ്രിവാളെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചതുമാണ്. ഇക്കാരണത്താല്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന കേജ്രിവാളിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു.
കേജ്രിവാളിന്റെ ഇടക്കാല ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ കേസ് അന്വേഷിക്കുന്ന ഏജന്‍സിക്കെതിരെ സുപ്രീംകോടതി ഉന്നയിച്ച ചില ചോദ്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പുമുണ്ടാക്കുന്നതായിരുന്നു. ഒന്നരവര്‍ഷമായിട്ടും കേജ്രിവാളിനെ ഈ സമയത്ത് അറസ്റ്റ് ചെയ്തത് എന്തിനായിരുന്നുവെന്നാണ് കോടതി പ്രധാനമായും ചോദിച്ചത്. ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഒന്നിനു പുറകെ ഒന്നായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഒന്‍പത് സമന്‍സുകളാണ് കേജ്രിവാള് നിരസിച്ചത്. ഇങ്ങനെയൊരാളെ അറസ്റ്റു ചെയ്യാതെ മറ്റെന്തു ചെയ്യും? നിയമം അനുശാസിക്കുന്ന നടപടിയും അതാണ്. മദ്യനയത്തില്‍ മാറ്റം വരുത്തി 300 കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. കേജ്രിവാളിന് ലഭിച്ച പണത്തില്‍നിന്ന് ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് മൊഴിയുണ്ട്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി 100 ലേറെ മൊബൈല്‍ ഫോണുകളാണത്രേ കേജ്രിവാളും കൂട്ടാളികളും നശിപ്പിച്ചത്. ഇതിനാല്‍ കേജ്രിവാള് സ്ഥിരം കുറ്റവാളിയല്ലെന്ന കോടതിയുടെ വാദം നിലനില്‍ക്കുന്നതല്ല. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ വലിയ കൗശലക്കാരനും, മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും അധികാരം ഉപയോഗിക്കുന്നയാളുമായ കേജ്രിവാളിനെ നിര്‍ബാധം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കില്ലെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും എന്താണുറപ്പ്? ഇങ്ങനെയൊരാളെ അറസ്റ്റു ചെയ്തതില്‍ എന്ത് നിയമലംഘനമാണുള്ളത്?
ഒരുപാട് നിബന്ധനകളോടെയാണ് കേജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകാന്‍ പാടില്ല, സെക്രട്ടറിയേറ്റില്‍ തങ്ങാന്‍ പാടില്ല, സാക്ഷികളെ കാണാന്‍ പാടില്ല, ഫയലുകളില്‍ ഒപ്പുവയ്ക്കാന്‍ പാടില്ല, ലഫ്.ഗവര്‍ണറുടെ അനുമതി വേണ്ടതായ ഫയലുകളില്‍ മാത്രം ഒപ്പുവയ്ക്കാം, കേസു സംബന്ധിച്ച് യാതൊരു പരാമര്‍ശവും നടത്താന്‍ പാടില്ല എന്നൊക്കെയാണ് നിബന്ധനകള്‍. ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിക്കുന്ന ജൂണ്‍ രണ്ടിന് സ്വയം കീഴടങ്ങുകയും വേണം. ഇതൊക്കെ പരിഗണിക്കുമ്പോള്‍ കേജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല, പരോളാണെന്ന് പറയേണ്ടിവരും. എന്നാല്‍ ഇതുപോലും പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം പൗരന്റെ ഭരണഘടനാപരമായ മൗലികാവകാശമോ നിയമപരമായ അവകാശമോ അല്ലെന്ന് ഇഡി കോടതിയില്‍ വാദിക്കുകയുണ്ടായി. കേജ്രിവാള് മുഖ്യമന്ത്രിയായതുകൊണ്ടുമാത്രം ഇതിന് മാറ്റം വരുന്നില്ല. എല്ലാറ്റിനുപരിയാണ് വ്യക്തിസ്വാതന്ത്ര്യമെന്ന് വാദത്തിനിടെ രണ്ടംഗ ബെഞ്ച് പറയുകയുണ്ടായി. അഴിമതി നടത്താനും തെളിവു നശിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെടുന്നില്ല. എന്നാല്‍ തങ്ങള്‍ക്ക് ഇതിനൊക്കെയുള്ള അധികാരമുണ്ടെന്ന മട്ടിലാണ് കേജ്രിവാളും കൂട്ടരും പെരുമാറിക്കൊണ്ടിരിക്കുന്നത്. ഇത് അനുവദിച്ചുകൊടുക്കുന്നുവെന്ന തോന്നലുണ്ടാക്കുന്നതാണ് കേജ്രിവാളിന്റെ ഇടക്കാല ജാമ്യം. നുണ പറയുന്ന യന്ത്രമാണ് താനെന്ന് കേജ്രിവാള് ഇതിന് മുന്‍പ് തെളിയിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാള്‍ ഇതുതന്നെയാണ് ചെയ്യുന്നത്. ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ട്. അവര്‍ ഇതിനെതിരെ ഉചിതമായി പ്രതികരിക്കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: