ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ ഒരാഴ്ച്ച എന്ത് സംഭവിച്ചാലും ബാധിക്കാത്ത മൂന്നേ മൂന്ന് ടീമുകളേ നിലവിലുള്ളൂ. ഒന്ന്- പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മറ്റ് രണ്ട് ടീമുകള്‍ ലീഗ് ഘട്ടം അവസാന ലാപ്പിലേക്ക് കടക്കും മുമ്പേ പുറത്തായ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്സും. ഇവര്ക്കിടയിലുള്ളവരുടെ കടുത്ത പരീക്ഷണ ഘട്ടമാണ് വരും ദിവസങ്ങളിലെ ഐപിഎല്‍ മത്സരങ്ങളിലൂടെ നടക്കാന്‍ പോകുന്നത്.
ഇതുവരെ കളിച്ച 12 കളികളില്‍ ഒമ്പത് വിജയത്തിന്റെ ബലത്തില്‍ 18 പോയിന്റ് നേടിക്കൊണ്ടാണ് കൊല്‍ക്കത്ത പ്ലേഓഫ് യോഗ്യത ഉറപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള ടീമുകളില്‍ സഞ്ജു വി. സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സിന്റെ നില ഏറെക്കുറേ ആശങ്കയ്ക്ക് വകയില്ലാത്തതാണ്. പക്ഷെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ടീമിന് ഇനിയും സാധിച്ചിട്ടില്ല. സാധാരണ ഗതിയില്‍ പ്ലേ ഓഫിന് ആവശ്യമായ 14 പോയിന്റ് നേടിയെടുത്ത ശേഷം രാജസ്ഥാന് ഒരു മത്സരം പോലും ജയിച്ചിട്ടില്ല. അവരെ മറികടന്നാണ് ഇപ്പോള്‍ കൊല്‍ക്കത്ത ആദ്യമേ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുന്നത്. രാജസ്ഥാന് പ്ലേ ഓഫ് ലഭിക്കാതെ പോകണമെങ്കില്‍ മറ്റ് ടീമുകളില്‍ നിന്ന് വലിയ അത്ഭുതകരമായ പ്രകടനത്തോടുകൂടിയ മുന്നേറ്റം ഉണ്ടായെങ്കിലേ നടക്കൂ.
ബുധനാഴ്ച്ച പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ലീഗിലെ അവസാന മത്സരത്തില്‍ കൊല്‍ക്കത്തയോടാണ് രാജസ്ഥാന് മത്സരിക്കേണ്ടത്. ഇതില്‍ ഏതെങ്കിലും ഒരെണ്ണം ജയിച്ചെങ്കിലേ മറ്റ് ഘടകങ്ങളെ ഒന്നും നോക്കാതെ സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫ് ബെര്‍ത്തില്‍ സ്ഥാനം ഉറപ്പിക്കാനാകൂ. അല്ലാത്ത പക്ഷം ടീം കടന്നുകൂടും. മറ്റ് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും എന്നുമാത്രം. നിലവില്‍ 16 പോയിന്റാണ് രാജസ്ഥാനുള്ളത്.
രാജസ്ഥാന് ഒഴികെ മറ്റ് ടീമുകളുടെ സ്ഥിതി അപ്രവചനീയമാണ്. ഇന്നലെ നേടിയ വിജയത്തോടെ 14 പോയിന്റുമായി ചെന്നൈ സൂപ്പര്‍ കിങ്സ് പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്. ടീമിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. അതില്‍ ജയിച്ചാല്‍ പോലും മറ്റ് ടീമുകളുടെ പ്രകടനത്തിനനുസരിച്ച് പ്ലേഓഫ് സാധ്യത മാറിമറിഞ്ഞേക്കും. 14 പോയിന്റുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് ചെന്നൈയ്ക്ക് താഴെയാണ്. പക്ഷെ അവര്‍ക്ക് ഇനി രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ടെന്നത് ശ്രദ്ധേയം. വ്യാഴാഴ്ച്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ആദ്യ പോരാട്ടം അടുത്ത ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരായ പോരാട്ടമായിരിക്കും ഹൈദരാബാദിന്റെ ഇത്തവണത്തെ അവസാന ലീഗ് മത്സരം.
മറ്റ് ടീമുകളില്‍ ദല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ടീമുകള്‍ക്ക് ഇപ്പോഴും പ്ലേ ഓഫ് യോഗ്യതയ്ക്ക് വിദൂര സാധ്യതയുണ്ട്. അതേ സമയം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനും ഗുജറാത്ത് ടൈറ്റന്‍സിനും പ്ലേ ഓഫില്‍ കയറിപ്പറ്റാന്‍ മൊത്തം മത്സരങ്ങളില്‍ വലിയ അത്ഭുതകരമായ മാറ്റം സംഭവിക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: