തിരുവനന്തപുരം: തിരുവനന്തപുരം:ബിഗ് ബോസ് ഷോയുടെ ആറം പതിപ്പ് നടന്നുവരികയാണ്. എന്നാല്‍ ബിഗ് ബോസ് മലയാളം ഷോ അഞ്ചാം പതിപ്പിലെ ജേതാവായ അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയെക്കുറിച്ച് അടിയുലയ്ക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്. ഈ ഷോയില്‍ പങ്കെടുക്കാനെത്തുന്ന മത്സരാര്‍ത്ഥികള്‍ പല രീതിയിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നു എന്നാണ് അഖില്‍ മാരാര്‍ തുറന്നടിച്ചിരിക്കുന്നത്. ഷോയുടെ നടത്തിപ്പ് ചുമതലയുള്ള ചില ഉന്നതര്‍ സ്ത്രീകളെ ലൈംഗിക ചൂഷണം നടത്തുന്നു എന്ന് വരെ ആരോപിച്ചത് അഖില്‍ മാരാര്‍ക്ക് പാരയായിരിക്കുകയാണ്. കാരണം ആരോപണം തങ്ങളുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്നതാണെന്ന് ആരോപിച്ച് മുന്‍ ബിഗ് ബോസ് ഷോകളില്‍ പങ്കെടുത്ത ഒരു കൂട്ടം വനിതാമത്സരാര്‍ത്ഥികള്‍ രംഗത്തെത്തിയതാണ് അഖില്‍ മാരാര്‍ക്ക് വിനയായത്. ആരോപണം തെളിയിക്കുന്ന ശക്തമായ തെളിവുകള്‍ പുറത്ത് കാട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വനിതാ മത്സരാര്‍ത്ഥികള്‍.
ഈ ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മത്സരാര്‍ത്ഥികള്‍ ചൂഷണത്തിനും പണംതട്ടിപ്പറിയ്ക്കലിനും സെലക്ഷന് ലഭിക്കാന്‍ പല വിട്ടുവീഴ്ചകള്‍ക്കും (കാസ്റ്റിംഗ് കൗച്ച്) വിധേയരാകുന്നു എന്നതാണ് ആരോപണം. ഇതോടെ ഈ ഷോ നടത്തുന്ന ചാനലും ബിഗ് ബോസിന് പിന്നിലുള്ള എന്‍ഡെമോള്‍ ഷൈന്‍ എന്ന കമ്പനിയും വിവാദച്ചുഴിയിലാണ്.
ഏപ്രില്‍ 28നാണ് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയ്ക്കെതിരെ ആഞ്ഞടിച്ചത്. ഷോ നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ് മത്സരാര്‍ത്ഥികളെ പല വിധത്തില്‍ ചൂഷണത്തിന് വിധേയമാക്കുന്നതെന്ന് അഖില്‍ മാരാര്‍ പറയുന്നു. മത്സരാര്‍ത്ഥികള്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാല്‍ മാത്രമേ സെലക്ഷന് കിട്ടൂ എന്നതാണ് അവസ്ഥ. ഇതിന് ശേഷം ഈ ഷോയില്‍ പങ്കെടുത്ത രണ്ട് വനിതാ മത്സരാര്‍ത്ഥികള്‍ അവരുടെ ദുരനുഭവങ്ങള്‍ പങ്കുവെച്ചതോടെയാണ് വിവാദം കൂടുതല്‍ കത്തിപ്പടരുന്നത്. ചാനലിലെ രണ്ട് പേര്‍ക്കെതിരെയാണ് ഈ വനിതകള്‍ ആരോപണം ഉന്നയിച്ചത്.
ബിഗ് ബോസ് 6ല്‍ ഡിജെ സിബിനെ ഷോയില്‍ നിന്നും പുറത്താക്കിയ ആഘാതത്തിലാണ് അഖില്‍ മാരാര്‍ ബിഗ് ബോസ് ഷോയ്ക്കെതിരെ ആഞ്ഞടിച്ചത്. മാനസികമായ അസ്ഥിര ആരോപിച്ചാണ് ബിഗ് ബോസ് ഷോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പുറത്താക്കിയതെന്നും ഈ പുറത്താക്കലിന് പിന്നില്‍ തനിക് യാതൊരു റോളും ഇല്ലെന്നും ഡിജെ സിബിന് ആരോപിച്ചിരുന്നു. ഇതോടെയാണ് ബിഗ് ബോസിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാനലിലെ മുതിര്‍ന്ന ചിലര്‍ മത്സരാര്‍ത്ഥികളെ പല വിധത്തില്‍ ചൂഷണം ചെയ്യുന്നതായി അഖില്‍ മാരാര്‍ പേരെടുത്ത് പറയാതെ ആരോപിച്ചത്. ബിഗ് ബോസ് ഷോയുടെ തലപ്പത്തുള്ള ചില പ്രമുഖര്‍ മത്സരാര്‍ത്ഥികളെ പ്രത്യേകിച്ചും പെണ്‍കുട്ടികളെ ചൂഷണം ചെയ്തുവെന്ന് മാത്രമല്ല, അവരുടെ പ്രതിഫലത്തിലെ നല്ലൊരു പങ്ക് തട്ടിയെടുക്കുകയും ചെയ്തതായി അഖില്‍ മാരാര്‍ ആരോപിച്ചു. ഈ വമ്പന്മാരുടെ ഇംഗിതത്തിന് വഴങ്ങാത്ത ക്രിയേറ്റീവ് മേധാവിയെയും ബിഗ് ബോസ് പ്രോജക്ട് തലവനെയും ഇവര്‍ പുറത്താക്കിയെന്നും അഖില്‍ മാരാര്‍ പറയുന്നു. ഈ ഷോ നടത്തുന്നവര്‍ ഡിജെ സിബിന് മാനസിക സമനിലതെറ്റിക്കുന്ന മരുന്ന് നല്‍കിയെന്നും അഖില്‍ മാരാര്‍ ആരോപിക്കുന്നു.
ഇതിന് പിന്നാലെ അഖില്‍ മാരാര്‍ യുട്യൂബില്‍ ഈ ആരോപണങ്ങള്‍ വീണ്ടും വിശദമാക്കുന്ന മറ്റൊരു അഭിമുഖത്തിലും പ്രത്യക്ഷപ്പെട്ടു. തന്റെ കയ്യില്‍ മുന്‍ മത്സരാര്‍ത്ഥികളുടെ ശബ്ദശകലങ്ങളും വാട് സാപ് ചാറ്റുകളും തെളിവായി ഉണ്ടെന്നും അഖില്‍ മാരാര്‍ അവകാശപ്പെടുന്നു. ഇതോടെ ബിഗ് ബോസ് ഷോകളില്‍ മുന്‍പ് പങ്കെടുത്ത പല വനിതാ മത്സാര്‍ത്ഥികളും രംഗത്ത് വന്നു. അഖില്‍ മാരാരുടെ ആരോപണം തങ്ങളുടെ മാന്യതയെ ചോദ്യം ചെയ്യുന്നതാണെന്നും കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതിന് പിന്നാലെ രണ്ട് വനിതകള്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പക്ഷെ ഇവര്‍ മത്സാര്‍ത്ഥികളല്ല. ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുകയും അതില്‍ വിട്ടുവീഴ്ച ചെയ്താല്‍ മാത്രമേ സെലക്ഷന് ലഭിക്കൂ എന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പിന്മാറിയ പെണ്‍കുട്ടിയാണ് ഇതില്‍ ഒരാള്‍. ബിഗ് ബോസ് ഷോയിലേക്കുള്ള സെലക്ഷനില്‍ ഫൈനല്‍ റൗണ്ടില്‍ വരെ എത്തുകയും എന്നാല്‍ സെലക്ഷന് കിട്ടാതെ പോവുകയും ചെയ്ത പെണ്‍കുട്ടിയാണ് ആരോപണം ഉന്നയിച്ച രണ്ടാമത്തെ ആള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: