റിയാദ് : ഹജ്ജ് സേവനങ്ങളെക്കുറിച്ചുള്ള വാഗ്ദാനങ്ങളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. മെയ് 11-നാണ് സൗദി അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇത്തരം വ്യാജ പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് അധികൃതർ പ്രവാസികളോടും സൗദി പൗരന്മാരോടും ആഹ്വാനം ചെയ്‌തിട്ടുണ്ട്. മറ്റുള്ളവർക്ക് വേണ്ടി ഹജ്ജ് കർമ്മം അനുഷ്ഠിക്കുക, ഹജ്ജ് ബ്രേസ്‌ലെറ്റുകളുടെ വില്പന, ഹജ്ജ് യാത്രയ്‌ക്കുള്ള യാത്രാ സേവനങ്ങൾ ഒരുക്കുക തുടങ്ങിയ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്ത് കൊണ്ടുള്ള ഇത്തരം വ്യാജ പരസ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം സേവനങ്ങൾ അനധികൃതമാണെന്നും, ഇവ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവർക്ക് ഇവ നൽകുന്നതിനുള്ള അംഗീകാരം ഇല്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം തെറ്റായ പ്രവർത്തികൾ നടത്തുന്നതിന് പിടിക്കപെടുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹജ്ജ് നിബന്ധനകൾ, മാനദണ്ഡങ്ങൾ എന്നിവ കൃത്യമായി പാലിക്കാൻ അധികൃതർ തീർത്ഥാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംശയകരമായി തോന്നുന്ന പ്രവർത്തനങ്ങൾ, മറ്റു നിയമലംഘനങ്ങൾ എന്നിവ 911 (മക്ക, റിയാദ്, ഈസ്റ്റേൺ മേഖല), 999 (മറ്റു പ്രദേശങ്ങൾ) എന്നീ നമ്പറുകളിൽ സുരക്ഷാ അധികൃതരെ അറിയിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: