ദോഹ: സീസണില്‍ തന്റെ ഏറ്റവും വലിയ ലക്ഷ്യം പാരിസ് ഒളിംപിക്സ് ആണെന്ന് ഭാരത ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. എന്നാല്‍ ഡയമണ്ട് ലീഗും ഏറെ പ്രധാനപ്പെട്ടതാണ്. പാരിസ് ലീഗില്‍ കൂടുതല്‍ സജ്ജനായി ഇറങ്ങാനാണ് തീരുമാനമെന്ന് ദോഹ ഡയമണ്ട് ലീഗ് മത്സരത്തിന് ശേഷം നീരജ് പ്രതികരിച്ചു.
ദോഹയില്‍ രണ്ട് സെന്റിമീറ്റര്‍ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. ചോപ്രയുടെ ഏറില്‍ ജാവലിന്‍ 88.36 മീറ്റര്‍ ദൂരത്തില്‍ പതിച്ചു. 88.38 മീറ്റര്‍ ദൂരത്തില്‍ ജാവലിനെത്തിച്ച് ചെക്ക് താരം യാക്കൂബ് വാദ്ലെയ്ച് ഒന്നാമതായി.
നിലവിലെ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവും ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവുമായ നീരജ് ചോപ്രയും വാദ്ലെയ്ച്ചും തമ്മില്‍ പാരിസ് ഒളിംപിക്സ് അടക്കമുള്ള വരും മത്സരങ്ങളില്‍ ക്ലാസിക് പോരാട്ടമായിരിക്കും നടക്കുകയെന്ന് ഉറപ്പായി. മറ്റ് പല മത്സര ഇനങ്ങളിലേയും പോലെ ഇരുവരുടെയും വൈരം കായികലോകത്ത് ഏറെ ആവേശമായിമാറിയിട്ടുണ്ട്.
രണ്ട് താരങ്ങള്‍ക്കും പിന്നില്‍ മൂന്നാമതായി ഫിനിഷ് ചെയ്ത ഗ്രനേഡ താരം ആന്ഡേഴ്സണ് പെറ്റേഴ്സ് 86.62 മീറ്റര്‍ ദൂരത്തിലാണ് പ്രകടനം പൂര്‍ത്തിയാക്കിയത്.
26കാരനായ നീരജ് ചോപ്രയുടെ ഈ സീസണിലെ ആദ്യ പ്രകടനമാണ് ദോഹയില്‍ നടന്നത്. വാശിയേറിയ പോരാട്ടത്തില്‍ നീരജിന്റെ ആദ്യ അവസരം ഫൗള്‍ ത്രോ ആയി മാറി. ഇതില്‍ 82 മീറ്റര്‍ ദൂരം ആണ് താണ്ടിയത്. നാല് അവസരങ്ങള്‍ വീതമാണ് ഓരോ താരങ്ങള്‍ക്കും ലഭിച്ചത്. ആദ്യ അവസരത്തിലൊഴികെ മൂന്ന് തവണയും നീരജിന്റെ ഏറ് 84 മീറ്ററിനപ്പുറം നീണ്ടു. വാശിയോടെ പൊരുതിയ വാദ്ലെയ്ച്ചിന്റെ നാല് ഏറും 84 മീറ്ററിന് മുകളിലായിരുന്നു. അവസാന റൗണ്ടിലാണ് നീരജിന്റെ മികച്ച പ്രകടനമായ 88.36 മീറ്റര്‍ പിറന്നത്.
ഈ വര്‍ഷം എനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് മത്സര ശേഷം നീരജ് പറഞ്ഞു. പാരിസ് ഒളിംപിക്സ് എത്രയും പ്രധാനപ്പെട്ടതാണോ അത്രതന്നെ പ്രാധാന്യമുള്ളതാണ് ഡയമണ്ട് ലീഗും. ഒന്നിനെ മറ്റൊന്നിനെക്കാള്‍ ചെറുതായി കാണുന്നില്ല. പക്ഷെ ദോഹയില്‍ കഴിഞ്ഞത് സീസണിലെ തന്റെ ആദ്യ മത്സരമാണ്. തുടരെയുള്ള പരിശീലനത്തിലൂടെ പിഴവുകള്‍ പരിഹരിച്ചായിരിക്കും പാരിസില്‍ ഇറങ്ങുക-നീരജ് പറഞ്ഞു. ഒളിംപിക്സിന് മുമ്പായി ജൂലൈ ഏഴിന് പാരിസ് ഡയമണ്ട് ലീഗിലാണ് അടുത്ത പോരാട്ടം. വരും ദിവസങ്ങളില്‍ അതിനുള്ള ഒരുക്കത്തിലായിരിക്കുമെന്ന് നീരജ് ചോപ്ര വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: