ന്യൂദല്‍ഹി: ഭാരത സൈന്യത്തിന് കരുത്തേകാന്‍ ഇനി ഹെര്‍മിസ് 900 സ്റ്റാര്‍ലൈനര്‍ ഡ്രോണും. ദൃഷ്ടി 10 എന്നറിയപ്പെടുന്ന ഈ ഡ്രോണ്‍ മൂന്ന് സേനകള്‍ക്കും ലഭ്യമാക്കും. പാക് അതിര്‍ത്തിയിലെ നിരീക്ഷണത്തിനാകും ഇത് കൂടുതല്‍ പ്രയോജനപ്പെടുത്തുക.
അദാനി ഡിഫന്‍സ് സിസ്റ്റംസ് തദ്ദേശീയമായി വികസിപ്പിച്ച രണ്ട് ഡ്രോണുകളാണ് ഭാരത സൈന്യത്തിന് ലഭിക്കുക. ഇതില്‍ ആദ്യത്തേത് ജൂണ്‍ 18- ന് ഹൈദരാബാദില്‍ നടക്കുന്ന ചടങ്ങില്‍ സേനക്ക് കൈമാറും. പഞ്ചാബിലെ ഭട്ടിന്‍ഡ താവളത്തിലാകും ഇത് വിന്യസിക്കുക. ഈ വര്‍ഷം ജനുവരിയില്‍ നാവികസേനക്ക് ആദ്യത്തെ ഹെര്‍മിസ്- 900 കൈമാറിയിരുന്നു. രണ്ടാമത്തെ ഡ്രോണും ഉടന്‍ ലഭിക്കുമെന്നാണ് വിവരം. മൂന്നാമത്തേത് നാവികസേനയ്ക്കും നാലാമത്തേത് കരസേനക്കും ലഭിക്കും.
സൈന്യത്തിന് വിതരണം ചെയ്യുന്ന സംവിധാനങ്ങള്‍ 60 ശതമാനത്തിലധികം തദ്ദേശീയമായിരിക്കണമെന്നും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ക്ക് കീഴിലായിരിക്കണമെന്നുമുള്ള കേന്ദ്ര നിര്‍ദേശത്തിന്റെ പുറത്താണ് ദൃഷ്ടി- 10 ഡ്രോണുകള്‍ നിര്‍മിക്കുന്നത്. മുമ്പ് ഇത്തരത്തില്‍ നിര്‍മിച്ച ഹെറോണ്‍ മാര്‍ക്ക് 1, മാര്‍ക്ക് 2 ഡ്രോണുകള്‍ സൈന്യം ഉപയോഗിക്കുന്നുണ്ട്.
ഇസ്രായേല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്‍ബിറ്റ് എന്ന കമ്പനിയുടെ സഹകരണത്തോടെയാണ് അദാനി ഡിഫന്‍സ് പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത്. 70 ശതമാനത്തിലേറെ തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളും സാമഗ്രികളുമാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. 30,000 അടി ഉയരത്തില്‍ 2,000 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ദൃഷ്ടി-10 ന് സാധിക്കും. തുടര്‍ച്ചയായി 36 മണിക്കൂര്‍ പറക്കാനാകും. ഇന്റലിജന്‍സ്, നിരീക്ഷണം, രഹസ്യാന്വേഷണം, കമ്യൂണിക്കേഷന്‍സ് റിലേ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഈ ഡ്രോണുകളുടെ നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: